'ഭരണഘടനയേക്കാൾ വലുതല്ല മതശാസനകൾ'; കാന്തപുരത്തിന്റെയും ഡോ.കെ തോമസിന്റെയും പ്രസ്താവനകൾക്കെതിരെ ബൃന്ദ കാരാട്ട്
text_fieldsബൃന്ദ കാരാട്ട്
ഡൽഹി: കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നടത്തിയ പരാമർശത്തിനെതിരെ രൂക്ഷമായ വിമർശനവുമായി സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് രംഗത്ത്. കാന്തപുരത്തിന്റെ പ്രസ്താവന ഒരു തരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും, രാജ്യത്ത് ഭരണഘടനയ്ക്ക് മുകളിലല്ല മതശാസനകളെന്നും അവർ വ്യക്തമാക്കി. മതവിശ്വാസികൾക്ക് മാത്രമാണ് ഈ പ്രസ്താവന ബാധകമെന്ന കാന്തപുരം വിഭാഗം നേതാക്കളുടെ ന്യായീകരണത്തെയും മുതിർന്ന നേതാവ് പൂർണ്ണമായും തള്ളി. വ്യക്തികളുടെ അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം പരാമർശങ്ങൾ പുരോഗമന സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
ഇതോടൊപ്പം, വിവാഹത്തിന് മുൻപ് എച്ച്.ഐ.വി. പരിശോധന നിർബന്ധമാക്കണമെന്നും വിവാഹത്തിന് മുമ്പ് പെൺകുട്ടികൾ ദുരുപയോഗം ചെയ്യപ്പെട്ടിട്ടില്ലെന്ന് രക്ഷിതാക്കൾ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള മാർത്തോമസഭാ വൈദിക ട്രസ്റ്റി റവ.ഡോ.കെ തോമസിന്റെ പ്രസ്താവനയോടും ബൃന്ദ കാരാട്ട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചു. അത്തരം കർശന നിബന്ധനകളും വ്യക്തികളുടെ സ്വകാര്യതയിലേക്കും മൗലികാവകാശങ്ങളിലേക്കും ഉള്ള കടന്നുകയറ്റമാണെന്നും, അതും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാൻ ആവില്ലെന്നും അവർ വ്യക്തമാക്കി. സമൂഹത്തിൽ ലിംഗനീതിയും തുല്യതയും ഉറപ്പുവരുത്തേണ്ടുന്ന ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ഇത്തരം യാഥാസ്ഥിതിക നിലപാടുകൾ സ്വീകരിക്കുമ്പോൾ അത് വലിയ ചർച്ചകൾക്കാണ് വഴിതെളിക്കുന്നത് എന്നും ബൃന്ദ കാരാട്ട് കൂട്ടിച്ചേർത്തു.
സ്ത്രീകൾക്കെതിരെയുള്ള കടന്നുകയറ്റങ്ങളും അടിച്ചേൽപ്പിക്കലുകളും ജനാധിപത്യ സമൂഹത്തിൽ ഒരു കാരണവശാലും അനുവദിക്കാനാവില്ലെന്നും, ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ടുവരണമെന്നും ബൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. പ്രമുഖ നേതാക്കളുടെ രണ്ട് വ്യത്യസ്ത പ്രസ്താവനകളും കേരളത്തിലെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ വലിയ ചർച്ചകൾക്കും സംവാദങ്ങൾക്കുമാണ് വഴിവെച്ചിരിക്കുന്നത്. വിവിധ കോണുകളിൽ നിന്ന് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി അഭിപ്രായപ്രകടനങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
അതേസമയം, സ്ത്രീകൾ പൊതുരംഗത്ത് പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന വിവാദമായതിനുപിന്നാലെ, പ്രവർത്തകരോട് സംയമനാഹ്വാനവുമായി കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ രംഗത്ത് വന്നിരുന്നു. സമൂഹത്തിൽ ഭിന്നത വളർത്താനുള്ള ദുഷ്ടലാക്കുകളെ തികഞ്ഞ ജാഗ്രതയോടെ സമീപിക്കണമെന്നും പ്രവർത്തകർ യാതൊരുവിധ പ്രകോപനങ്ങൾക്കും വശംവദരാകാൻ പാടിലെലന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. വൈകാരികമായി പ്രതികരിക്കാതെ, തികഞ്ഞ പക്വതയോടെയും വിവേകത്തോടെയും മാത്രമേ ഇടപെടാവൂ എന്നും അദ്ദേഹം പറഞ്ഞു.
‘സംവാദങ്ങൾ ആശയങ്ങളെ നിഷ്പക്ഷമായി വിലയിരുത്താനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള ആരോഗ്യകരമായ വേദികളാകണം. അതേസമയം, ഇത്തരം ആത്മീയ ചർച്ചകളെ ബോധപൂർവ്വം വിവാദങ്ങളിലേക്കും വിഭാഗീയതയിലേക്കും വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരുടെ നിക്ഷിപ്ത താത്പര്യങ്ങൾ നാം കൃത്യമായി തിരിച്ചറിയുകയും വേണം അദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

