Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതെരഞ്ഞെടുപ്പ് ‘മിന്നൽ’...

തെരഞ്ഞെടുപ്പ് ‘മിന്നൽ’ ചെലവിനത്തിൽ ആശ്വാസം

text_fields
bookmark_border
തെരഞ്ഞെടുപ്പ് ‘മിന്നൽ’ ചെലവിനത്തിൽ ആശ്വാസം
cancel

പ്രഖ്യാപനം വന്ന് കുറഞ്ഞദിവസം കൊണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നത് സ്ഥാനാർഥികൾക്ക് സാമ്പത്തികമായി ആശ്വാസമാകും. പ്രതിദിന പ്രചാരണച്ചെലവിൽ കുറവ് വരുമെന്നതാണ് സ്ഥാനാർഥികൾക്ക് ഗുണമാകുക.

തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡമനുസരിച്ച് കേരളത്തിൽ ഒരുസ്ഥാനാർഥിക്ക് 40 ലക്ഷം രൂപ വരെയാണ് ചെലവഴിക്കാൻ അനുമതി. 2022ലാണ് ഈ പരിധി 28ൽ നിന്ന് 40 ലക്ഷമായി ഉയർത്തിയത്.

ഇത്തവണ പ്രഖ്യാപനത്തിനുശേഷം തെരഞ്ഞെടുപ്പിന് 25 ദിവസമേയുള്ളൂ എന്നത് ആശ്വാസകരമാണെന്നാണ് മുമ്പ് തെരഞ്ഞെടുപ്പിൽ മത്സരിച്ചവർ പറയുന്നത്. രണ്ടുമുതൽ അഞ്ചുലക്ഷം രൂപ വരെയാണ് സ്ഥാനാർഥികൾക്ക് പ്രതിദിന ചെലവ്. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ വലിയ റാലികളും പ്രമുഖ നേതാക്കളുടെ സന്ദർശനങ്ങളുമുള്ള ദിവസങ്ങളിൽ ചെലവ് കൂടും. വാഹനച്ചെലവാണ് ചെലവിൽ മുഖ്യം. ഇതുകൂടാതെ പോളിങ് ദിനത്തിലെ ചെലവ് 25 മുതൽ 50 ലക്ഷം വരെ എന്നാണ് അനൗദ്യോഗിക കണക്ക്.

ഒരു ‘ഹൈ-പ്രൊഫൈൽ’ മണ്ഡലത്തിൽ രണ്ടുകോടി മുതൽ അഞ്ചുകോടി രൂപ വരെ (ചിലപ്പോൾ അതിലധികവും) മൊത്തം ചെലവ് വരാറുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

സ്ഥാനാർഥി തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിക്കുന്ന കണക്ക് വ്യക്തിഗതമായി തെരഞ്ഞെടുപ്പിന് എത്ര ചെലവഴിച്ചുവെന്നാണ്. സ്ഥാനാർഥി തെരഞ്ഞെടുപ്പ് ആവശ്യത്തിനായി മാത്രം പുതിയ ബാങ്ക് അക്കൗണ്ട് തുടങ്ങണം.

എല്ലാ ഇടപാടുകളും ഇതിലൂടെയായിരിക്കണം എന്നാണ് ചട്ടം. തെരഞ്ഞെടുപ്പിന് പാർട്ടി ചെലവഴിച്ച കണക്ക് എന്ന നിലയിലാണ് 40 ലക്ഷത്തിന് മുകളിലുള്ള കണക്കുകൾ രേഖപ്പെടുത്തുക.

അതേസമയം മിക്ക പാർട്ടികളിലും സ്ഥാനാർഥി സ്വന്തമായി ചെലവിനുള്ള പണം കണ്ടെത്തണം എന്നതാണ് വസ്തുത.

ഡിജിറ്റൽ യുഗത്തിൽ പ്രചാരണ രീതികളിൽ മാറ്റം വന്നെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾക്ക് ചെലവ് ഏറെയാണ്. പി.ആർ ഏജൻസികളാണ് പുതിയ കാലത്ത് പ്രചാരണം ഏറ്റെടുത്തു നടത്തുന്നത്. വലിയ തുകയാണ് ഇതിനായി സ്ഥാനാർഥികൾ മാറ്റിവെക്കുന്നത്.

മറിയ ഉമ്മന്‍റെ സ്ഥാനാർഥിത്വം: വാർത്തകൾ തള്ളി ചാണ്ടി ഉമ്മൻ

ചെങ്ങന്നൂരിൽ മറിയ ഉമ്മനെ സ്ഥാനാർഥിയാക്കുമെന്ന പ്രചാരണങ്ങളിൽ നേതൃത്വത്തെ അസംതൃപ്തി അറിയിച്ചെന്ന വാർത്തകൾ തള്ളി ചാണ്ടി ഉമ്മൻ. ഇതെല്ലാം മാധ്യമപ്രചാരണമാണ്. താനൊരു കാര്യവും മിണ്ടിയിട്ടില്ല. ഉണ്ടെങ്കിൽ പാർട്ടി പറയട്ടെ. ജനുവരി മുതൽ ദിവസവും ഇത്തരം വാർത്തകൾ വരുന്നു. തനിക്ക് ഇതേക്കുറിച്ച് ഒന്നുമറിയില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

മറിയ ഉമ്മൻ ചെങ്ങന്നൂരിൽ മത്സരിച്ചേക്കുമെന്ന സൂചനകൾക്കിടെയാണ് ചാണ്ടി ഉമ്മൻ ഇതിനെതിരെ നിലപാടെടുത്തതായി വാർത്തകൾ പ്രചരിക്കുന്നത്. കുടുംബത്തിൽനിന്ന് ഒരാൾ മതിയെന്നും പിതാവ് ഉമ്മൻ ചാണ്ടി ഇക്കാര്യം നേരത്തെ പറഞ്ഞതാണെന്നും മറിയ മത്സരിക്കുകയാണെങ്കിൽ താൻ പുതുപ്പള്ളിയിൽനിന്ന് പിന്മാറുമെന്നും ചാണ്ടി ഉമ്മൻ കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും അറിയിച്ചെന്നാണ് വാർത്തകൾ വന്നത്. മറിയ ഉമ്മൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. അപ്പോഴെല്ലാം കുടുംബത്തിൽനിന്ന് ഒരാൾ മാത്രമേ മത്സരിക്കൂ എന്ന് ചാണ്ടി ഉമ്മൻ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

എം.ജെ. ജോബ് ബി.ജെ.പിയിൽ

അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ പിന്തുണക്കാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതിഷേധിച്ച് പാർട്ടിവിട്ട കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോബ് ബി.ജെ.പിയിൽ ചേർന്നു. മാരാർജി ഭവനിൽ ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാളണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ജി. സുധാകരൻ ആരുടെയും പിന്തുണ തേടിയിട്ടില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് കെ.പി.സി.സിയിലുൾപ്പെടെ പാർട്ടിയുടെ ഒരുതലത്തിലും ചർച്ച ചെയ്യാതെ സുധാകരനെ പിന്തുണക്കാൻ ഡൽഹിയിൽനിന്നുള്ള തീരുമാനം. ആലപ്പുഴയിൽ താനും കുടുംബവുമുൾപ്പെടെ നിരവധി കോൺഗ്രസുകാർ ആക്രമിക്കപ്പെട്ടിട്ടുണ്ട്. അതിന് നേതൃത്വം നൽകിയത് ജി. സുധാകരൻ ഉൾപ്പെടെയുള്ളവരാണെന്നും എം.ജെ. ജോബ് ആരോപിച്ചു.

എ. സുരേഷ് കോണ്‍ഗ്രസില്‍

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റായിരുന്ന എ. സുരേഷ് കോണ്‍ഗ്രസില്‍. പാലക്കാട് ഡി.സി.സി ഓഫിസില്‍ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് എ. തങ്കപ്പന്‍ സുരേഷിന് അംഗത്വം നല്‍കി. മലമ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി സുരേഷ് മത്സരിച്ചേക്കും. കൈപ്പത്തി ചിഹ്നത്തിലല്ലാതെ മത്സരിച്ചാല്‍ വോട്ട് കുറയുമെന്ന് നേരത്തെ പാര്‍ട്ടി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിന് പാര്‍ട്ടി ചിഹ്നം നല്‍കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചത്.

ഭരണവിരുദ്ധ വികാര വോട്ടുകള്‍ ബി.ജെ.പിയിലേക്ക് പോകാതിരിക്കാന്‍ കൂടിയാണ് സുരേഷ് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയായി മലമ്പുഴ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്താണ്. വി.എസിന്റെ നിഴലായി പ്രവര്‍ത്തിച്ച സുരേഷിലൂടെ മലമ്പുഴ മണ്ഡലത്തില്‍ വലിയ തോതില്‍ വോട്ട് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

കോണ്‍ഗ്രസില്‍ ചേരുന്നത് താന്‍ സ്വയമെടുത്ത തീരുമാനമാണെന്നും നേതൃത്വം ആവശ്യപ്പെട്ടിട്ടല്ലെന്നും സുരേഷ് പറഞ്ഞു. സി.പി.എമ്മുമായുള്ള ബന്ധം അവസാനിപ്പിച്ച സുരേഷ് മറ്റു പാര്‍ട്ടികളിലേക്കില്ലെന്ന നിലപാടിലായിരുന്നെങ്കിലും ആ തീരുമാനം തിരുത്തിയാണ് കോണ്‍ഗ്രസിൽ ചേർന്നിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election commisionKerala NewsKerala Assembly Election 2026
News Summary - Relief in Election 'Flash' Expenses
Next Story