ദുരിതാശ്വാസ നിധി തട്ടിപ്പ്: ഹെൽപ്ഡെസ്കിനും വരുമാനപരിധി വർധനക്കും ശിപാർശ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ ഏജന്റുമാരുടെ തട്ടിപ്പ് ഒഴിവാക്കാനും പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭിക്കാനും സർക്കാറിന് വിജിലൻസ് നിർദേശങ്ങൾ സമർപ്പിച്ചു. താലൂക്ക്, വില്ലേജ് അടിസ്ഥാനത്തിൽ ഹെൽപ്ലൈൻ ഡെസ്കും ഹെൽപ്ലൈൻ നമ്പറും വന്നാൽ ചൂഷണം ഒരുപരിധി വരെ തടയാനാകുമെന്നാണ് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന നിർദേശം.
ദുരിതാശ്വാസ നിധിയിലെ ക്രമക്കേട് കണ്ടെത്താൻ ‘ഓപറേഷൻ സി.എം.ഡി.ആർ.എഫ്’ എന്ന പേരിൽ നടത്തിയ മിന്നൽപരിശോധനയിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ശിപാർശ. പലയിടങ്ങളിലും ഏജന്റുമാരും സർക്കാർ ജീവനക്കാരും ചേർന്ന സംഘങ്ങൾ വലിയ ക്രമക്കേട് നടത്തി ഫണ്ട് തട്ടിക്കുന്നതായാണ് പരിശോധനയിൽ കണ്ടെത്തിയത്. രണ്ടു ലക്ഷം രൂപ വരെ വരുമാന പരിധിയുള്ളവർക്കാണ് നിലവിൽ സാമ്പത്തിക സഹായം നൽകുന്നത്. ഈ പരിധി ഉയർത്തിയാൽ കൂടുതാലാളുകൾക്ക് പ്രയോജനപ്രദമാകുമെന്നും ക്രമക്കേടുകൾ ഒരു പരിധി വരെ തടയാനാകുമെന്നും വിജിലൻസ് ശിപാർശ ചെയ്യുന്നു.
വർഷത്തിൽ രണ്ടുതവണയെങ്കിലും ജില്ലതലത്തിൽ ഓഡിറ്റ് നടത്തുകയും ഫീൽഡ് ഓഫിസർമാർ റാൻഡം പരിശോധന നടത്തുകയും വേണം. അപേക്ഷ നൽകേണ്ട വിശദാംശങ്ങൾ വ്യക്തമാക്കുന്ന ബോർഡ് വില്ലേജ് ഓഫിസുകളിൽ പ്രദർശിപ്പിക്കണം. അപേക്ഷ തീർപ്പാക്കുന്നതിലെ കാലതാമസവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ മുഖ്യമന്ത്രിയുടെ ഓഫിസ് മുഖാന്തരമോ മന്ത്രിമാരുടെ ഓഫിസ് മുഖേനയോ ലഭിക്കുന്ന അപേക്ഷകളിൽ അഞ്ചു ദിവസത്തിനകം പരിശോധന പൂർത്തിയാക്കി വില്ലേജ് ഓഫിസിൽനിന്ന് കലക്ടറേറ്റിൽ റിപ്പോർട്ട് നൽകണം.
അനർഹർ സഹായം തട്ടിയെടുക്കുന്നത് തടയാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്. അപേക്ഷക്കൊപ്പം ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പറോ ബാങ്ക് അക്കൗണ്ടോ നൽകണം. ഈ വിവരങ്ങൾ ഇല്ലെങ്കിൽ മാത്രമേ അടുത്ത ബന്ധുവിന്റെ ഫോൺ നമ്പർ നൽകാവൂ. വരുമാന സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള പരിശോധനയിൽ സൂക്ഷ്മത പുലർത്താൻ വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

