'ഏത് നിക്ഷേപകനെ കാണാനാണ് പോയത്', വസ്തുത മറക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത് -എം.വി. ഗോവിന്ദൻ
text_fieldsഎം.വി. ഗോവിന്ദൻ
തിരുവനന്തപുരം: ഹെലികോപ്റ്റർ വിഷയത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പുറത്തുപറയാൻ കഴിയാത്ത ഏത് ഡീലിന്റെ ഭാഗമായാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഹെലികോപ്റ്ററിൽ പോയതെന്ന് എം.വി. ഗോവിന്ദൻ ചോദിച്ചു. കുറ്റകരമായ അനാസ്ഥയാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടായത്. ദുരന്തബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഒന്നോ രണ്ടോ ഫോണ്‍ കോളില്‍ അവസാനിപ്പിക്കാന്‍ കഴിയുന്ന ഉത്തരവാദിത്തമല്ല മുഖ്യമന്ത്രിയുടേതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
മഴക്കെടുതിയില്‍ സര്‍വതും നഷ്ടപ്പെട്ടവരേക്കാള്‍ തനിക്കു പ്രിയം വിരുന്നും ഉദ്ഘാടനവും ആണെന്ന രീതിയാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി ആശുപത്രിയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ ഹെലികോപ്റ്ററില്‍ പറന്നുവെന്നാണ് പുറത്തുവന്ന വാർത്തകൾ. പേരു വെളിപ്പെടുത്താനാവാത്ത നിക്ഷേപകനെ കാണാനാണ് പോയതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു കളവെങ്കിലും പറയാതെ സമാധാനം കിട്ടാത്ത മുഖ്യമന്ത്രിയാണ് കേരളത്തിലുള്ളത്. ഏതാണ് ഇത്ര വലിയ വി.ഐ.പി നിക്ഷേപകന്‍? കളവു പറഞ്ഞ് വസ്തുത മറക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും എം.വി. ഗോവിന്ദന്‍ വിമർശനം ഉന്നയിച്ചു.
മുൻ സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തപ്പോൾ ഇല്ലാക്കഥകൾ മെനഞ്ഞവർ ഇപ്പോൾ സ്വന്തം ആവശ്യങ്ങൾക്കായി അത് ഉപയോഗിക്കുകയാണ്. കഴിഞ്ഞ സർക്കാർ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. ഇന്ന് സ്വകാര്യ ആവശ്യത്തിനാണ് ഇത് ഉപയോഗിക്കുന്നത്. നേരത്തേ ബി.ജെ.പി നേതാക്കളേയും മറ്റും കാണാൻ ചാർട്ടേഡ് വിമാനം ഉപയോഗിച്ചെന്ന ആരോപണവും ഗോവിന്ദൻ ആവർത്തിച്ചു.
കേരളത്തിലെ സ്ത്രീകളെ അപമാനിച്ച മന്ത്രി സി.പി. ജോൺ മാപ്പു പറയണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു. ശാക്തീകരിക്കപ്പെട്ടവരാണ് കേരളത്തിലെ സ്ത്രീകൾ. ഇവർക്ക് എന്തോ ഔദാര്യം നൽകുന്നുവെന്ന രീതിയിലാണ് മന്ത്രി സൗജന്യയാത്രയെക്കുറിച്ച് സംസാരിച്ചത്. ഓർഡിനറി ബസുകളിൽ യാത്രചെയ്യുന്ന സ്ത്രീകൾ പാവപ്പെട്ടവരായി അഭിനയിക്കുകയാണെന്ന മന്ത്രിയുടെ അധിക്ഷേപം അംഗീകരിക്കാനാകില്ല. വോട്ടുകിട്ടാൻ വേണ്ടി വാഗ്ദാനം ചെയ്ത പദ്ധതി ഉപയോഗിക്കുന്നവരെ അപമാനിക്കുന്നത് ശരിയല്ല. സ്വകാര്യ ആശുപത്രികൾക്കും സ്ഥാപനങ്ങൾക്കും വേണ്ടിയാണ് മന്ത്രി ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും ഇത് സർക്കാറിന്റെ സ്വകാര്യവത്കരണനയത്തിന്റെ ഭാഗമാണെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.
അതേസമയം, കാശ് വേണ്ടാത്ത കെ.എസ്.ആർ.ടി.സി ബസിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്നായിരുന്നു ഗതാഗത മന്ത്രി സി.പി. ജോണിന്റെ പരാർശം. ബസിന് കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിൽ കുട്ടികളെ വിടും. ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ പണമില്ലാത്തതിനാൽ സർക്കാർ ആശുപത്രിയുടെ വരാന്തയിൽ കിടക്കുമെന്നും സി.പി. ജോൺ പറഞ്ഞു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിലാണ് മന്ത്രിയുടെ പരാമർശം.
‘അഭിനയം ചെറിയ കാര്യമല്ല. പാവപ്പെട്ടനായി പണക്കാരൻ അഭിനയിക്കുന്നു. അല്ലെങ്കിൽ പണക്കാരനായി പാവപ്പെട്ടവൻ അഭിനയിക്കുന്നു. പക്ഷേ, എനിക്കു മനസിലാവാത്ത പെരുമാറ്റം ബസിനു കാശില്ലാത്ത സ്ത്രീകൾ സ്വകാര്യ സ്കൂളിലേക്ക് കുട്ടികളെ വിടുകയാണ്. സർക്കാർ സ്കൂളുകളിൽ സീറ്റ് ഒഴിഞ്ഞു കിടക്കുകയാണ്. ആശുപത്രിയുടെ കാര്യം വരുമ്പോൾ ഇതേ സ്ത്രീകൾ സർക്കാർ ആശുപത്രി വരാന്തയിൽ തന്റെ അച്ഛനെയും അമ്മയെയും കൊണ്ടു കിടക്കുകയാണ്. കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം അതിശയിപ്പിക്കുകയാണ്. ബസ് വന്നാൽ കാശ് കുറഞ്ഞ ട്രാൻസ്പോർട്ടിൽ തള്ളിക്കയറും. അസുഖം വന്നാൽ സ്വകാര്യ ആശുപത്രിയിൽ പോകാൻ പേടിയാണ്. കാരണം അവിടെ കൊടുക്കാൻ പണമില്ല.
പൊതുജനാരോഗ്യം, പൊതുഗതഗാതം, പൊതുവിദ്യാഭ്യാസം എന്നീ മൂന്നു കാര്യങ്ങളിൽ കേരളത്തിലെ ജനങ്ങളുടെ പെരുമാറ്റം എന്നെ അതിശയിപ്പിക്കുകയാണ്. പ്രിയദർശിനി വന്നപ്പോൾ നിങ്ങളുടെ ബസ് വിട്ട് പ്രിയദർശിനി കാത്തുനിന്ന് തിക്കിത്തിരക്കി ആളുകൾ പോകുന്നതിന്റെ കാരണം നിങ്ങളോടുള്ള വിരോധം കൊണ്ടോ എന്നോടുള്ള സ്നേഹം കൊണ്ടോ അല്ല. മറിച്ച് നമ്മുടെ നാട്ടിലെ കുടുംബിനികൾക്ക് കൈയിൽ കാശില്ലാത്തത് കൊണ്ടാണെന്നും സി.പി. ജോൺ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

