ഫണ്ട് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളിക്ക് ആശ്വാസം; തുടരന്വേഷണം റദ്ദാക്കിയ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
text_fieldsന്യൂഡൽഹി: എസ്.എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ആശ്വാസം. പ്രതിയായ വെള്ളാപ്പള്ളിക്കെതിരായ തുടരന്വേഷണം റദ്ദാക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉത്തരവ് റദ്ദാക്കിയ സുപ്രീംകോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയക്കാനും ഉത്തരവിട്ടു.
കൊല്ലം എസ്.എൻ കോളജ് സുവർണ ജൂബിലി ആഘോഷ ഫണ്ട് തിരിമറിക്കേസിൽ തുടരന്വേഷണം വേണ്ടെന്നും വെള്ളാപ്പള്ളി വിചാരണ നേരിടണമെന്നുമായിരുന്നു ഹൈകോടതി വിധി. തുടരന്വേഷണം റദ്ദാക്കിയതിനെതിരെ വെള്ളാപ്പള്ളി സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി സ്റ്റേ.
1998-99ൽ കൊല്ലം എസ്.എൻ കോളജ് സുവർണ ജൂബിലി ആഘോഷ ഭാഗമായി പൊതുജനങ്ങളിൽ നിന്ന് പിരിച്ച പണത്തിൽ 55 ലക്ഷം രൂപ എസ്.എൻ ട്രസ്റ്റിലേക്ക് സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശൻ മാറ്റിയതായാണ് കേസ്. കൊല്ലം ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി 2020ൽ കുറ്റപത്രം ഫയൽ ചെയ്തിരുന്നു. എന്നാൽ, ഏക പ്രതിയായ വെള്ളാപ്പള്ളി നടേശൻ കോടതിയിൽ ഹാജരായില്ല.
കേസിൽ തുടരന്വേഷണം നടത്താൻ കൊല്ലം സി.ജെ.എം കോടതി ഉത്തരവിട്ടെങ്കിലും കഴിഞ്ഞ മാസം ഹൈകോടതി അത് റദ്ദ് ചെയ്ത് പ്രതി വിചാരണ നേരിടണമെന്ന് വിധിക്കുകയായിരുന്നു. കേസ് തുടരേണ്ടതില്ലെന്ന റിപ്പോർട്ട് അംഗീകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ ആവശ്യവും ഹൈകോടതി തള്ളിയിരുന്നു. തുടർന്നാണ് വെള്ളാപ്പള്ളി സുപ്രീംകോടതിയെ സമീപിച്ചത്.
സുവർണ ജൂബിലി ആഘോഷ ഭാഗമായി സംഘടിപ്പിച്ച അഖിലേന്ത്യ പ്രദർശനത്തിലൂടെ വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി യോഗത്തിന് 20 ലക്ഷം രൂപയുടെ ലാഭം ഉണ്ടാക്കിയെന്ന് ‘യോഗനാദ’ത്തിൽ എക്സിബിഷന്റെ സബ് കമ്മിറ്റി കൺവീനറായിരുന്ന പ്രഫ. ജി. സത്യൻ എഴുതിയ ലേഖനം ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണം എന്ന ആവശ്യം ഉന്നയിച്ചത്.
സത്യൻ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയതിന് വിരുദ്ധമായ കാര്യമാണ് ലേഖനത്തിൽ പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണ ആവശ്യം ഉന്നയിച്ചത്. തുടരന്വേഷണത്തിന് അനുമതി നൽകിയത് ചോദ്യം ചെയ്ത് പരാതിക്കാരനായ കൊല്ലം സ്വദേശി സുരേന്ദ്ര ബാബുവാണ് ഹൈകോടതിയെ സമീപിച്ചത്.