മാസപ്പടി കേസിൽ വീണക്ക് ആശ്വാസം; വെള്ളിയാഴ്ച വരെ ഇ.ഡി സമൻസ് അയക്കില്ല
text_fieldsകൊച്ചി: മാസപ്പടി കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണക്ക് അടുത്ത വെള്ളിയാഴ്ച വരെ ഇ.ഡി സമൻസ് അയക്കില്ല. ഇ.ഡിയുടെ ഉന്നത തലയോഗത്തിലാണ് തീരുമാനം. ഇത് വീണക്ക് ആശ്വാസമാവും. ഇഡി അന്വേഷണത്തിന് സ്റ്റേ അനുവദിക്കണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ കമ്പനി നൽകിയ ഹർജിയിൽ വെള്ളിയാഴ്ച കോടതി വിധി പറയാൻ ഇരിക്കെ, തിടുക്കപ്പെട്ട് സമൻസ് അയക്കേണ്ടതില്ലെന്നാണ് തീരുമാനം.
വെള്ളിയാഴ്ച വിധി പറയുന്നതുവരെ കേസിലെ കക്ഷികൽക്കെതിരായ അറസ്റ്റ് നടപടി ഒഴിവാക്കണമെന്ന് കോടതി ഇന്നലെ നിർദേശിച്ചിരുന്നു. ഹരജിക്കാരായ സി.എം.ആർ.എല്ലിന് മാത്രമായിരുന്നു കോടതിയുടെ ആനുകൂല്യം. നിയമപരമായ തടസ്സങ്ങളില്ലാത്തതിനാൽ കേസിലെ പ്രതിയായ വീണക്കെതിരേ ഇ.ഡി ഇന്ന് സമൻസ് അയച്ചേക്കാമെന്ന് റിപ്പോർട്ടുണ്ടായിന്നു.
കരിമണൽ കമ്പനിയായ സി.എം.ആർ.എല്ലിൽ നിന്നും വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി സേവനങ്ങൾ നൽകാതെ കോടിക്കണക്കിന് രൂപ കൈപ്പറ്റിയെന്നാണ് മാസപ്പടി കേസിലെ പ്രധാന ആരോപണം. കേസുമായി ബന്ധപ്പെട്ട് സി.എം.ആർ.എൽ ഉദ്യോഗസ്ഥരെയും വീണയുടെ കമ്പനിയിലെ മുൻ ജീവനക്കാരെയും ഇ.ഡി നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു.
കോടതിയിൽ നിന്ന് തങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാവുമന്നാണ് ഇ.ഡി വിലയിരുത്തൽ. ഹൈക്കോടതിയിൽ നിന്ന് ഇ.ഡി അന്വേഷണത്തിന് അനുകൂലമായ വിധി ഉണ്ടായാൽ ഉടൻ തന്നെ വീണ വിജയന് കൊച്ചി ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട് ഔദ്യോഗികമായി സമൻസ് കൈമാറാനാണ് സാധ്യത.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച പിണറായി വിജയന്‍റെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയത് വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. നിയമസഭാ സമ്മേളനം നടക്കുന്ന പശ്ചാത്തലത്തിൽ ഈ കേസിലെ ഇ.ഡിയുടെ ഓരോ നീക്കങ്ങളും കരുതലോടെയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

