രാഹുലിന് ആശ്വാസം; അറസ്റ്റ് തൽകാലത്തേക്ക് തടഞ്ഞ് ഹൈകോടതി, 15ന് വിശദവാദം കേൾക്കും
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി: ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ അറസ്റ്റ് തൽകാലികമായി തടഞ്ഞ് ഹൈകോടതി. പ്രതിയായ രാഹുല്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ ഉത്തരവ്. കേസിന്‍റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. വിശദമായ വാദം കേട്ട ശേഷം മറ്റു കാര്യങ്ങൾ പരിഗണിക്കുമെന്ന് ജസ്റ്റിസ് കെ. ബാബു അറിയിച്ചു. ഡിസംബർ 15ന് കേസിൽ വിശദമായ വാദം കേൾക്കും.
വ്യാഴാഴ്ചയാണ് രാഹുലിന്റെ മുൻകൂർ ജാമ്യ ഹരജി തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയത്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും വ്യക്തമാക്കി കൊണ്ടായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്. തുടർന്നാണ് രാഹുൽ ഹൈകോടതിയെ സമീപിച്ചത്.
വലിയമല പൊലീസ് രജിസ്റ്റർ ചെയ്ത് നേമം പൊലീസിന് കൈമാറിയ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 64(2)(എഫ്), 64(2)(എച്ച്), 64(2)(എം) ബലാത്സംഗം, 89 നിര്‍ബന്ധിത ഭ്രൂണഹത്യ, 115(2) കഠിനമായ ദേഹോപദ്രവം, 351(3) അതിക്രമം, 3(5) ഉപദ്രവം, ഐ.ടി ആക്ട് 66(ഇ) സ്വകാര്യതാ ലംഘനം എന്നീ വകുപ്പുകളാണ് ചുമത്തിയത്.
ഉഭയസമ്മത പ്രകാരമാണ് യുവതിയുമായി ബന്ധമുണ്ടായിരുന്നതെന്നും ബലാത്സംഗവും ഗര്‍ഭഛിദ്രവും ചെയ്തിട്ടില്ലെന്നുമായിരുന്നു രാഹുലിന്റെ വാദം. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്നും അഭിപ്രായപ്പെട്ടിരുന്നു. മുദ്രവെച്ച കവറിൽ ഡിജിറ്റൽ തെളിവുകളും നൽകി. എന്നാൽ, രാഹുലിനെതിരെ ശക്തമായ തെളിവുകൾ അന്വേഷണ സംഘം ഹാജരാക്കിയിരുന്നു.
ഗുരുതര പരാമർശങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ പരാതിയിലെ എഫ്.ഐ.ആറിലുള്ളത്. പീഡനങ്ങള്‍ എം.എല്‍.എ പദവിയിലെത്തിയ ശേഷമാണെന്നും നിലമ്പൂരില്‍ പ്രചാരണത്തിനിടെയാണ് യുവതിയെ ഭ്രൂണഹത്യക്ക് നിര്‍ബന്ധിപ്പിക്കുകയും മരുന്ന് കഴിപ്പിക്കുകയും ചെയ്തതെന്നും പറയുന്നു. രണ്ടു തവണ തിരുവനന്തപുരത്തെ യുവതിയുടെ ഫ്ലാറ്റിലും രണ്ടു തവണ പാലക്കാട്ടെ രാഹുലിന്‍റെ ഫ്ലാറ്റിലും വെച്ചാണ് ബലാത്സംഗം ചെയ്തതെന്നും ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും ബലാത്സംഗം ചെയ്തെന്നും എതിർത്തപ്പോൾ ക്രൂരമായി മർദിച്ചുവെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
2025 മാർച്ച് നാലിനാണ് രാഹുൽ യുവതിയെ തിരുവനന്തപുരം തൃക്കണ്ണാപുരത്തെ ഫ്ലാറ്റിൽവെച്ച് ആദ്യം ബലാത്സംഗം ചെയ്തത്. മാർച്ച് 17ന് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും ഏപ്രിൽ 22ന് തൃക്കണ്ണാപുരത്തെ ഫ്ലാറ്റിലെത്തി സ്വകാര്യ ദൃശ്യങ്ങൾ കാട്ടി വീണ്ടും ബലാത്സംഗം ചെയ്തു. മേയ് അവസാന ആഴ്ച രണ്ടു തവണ പാലക്കാട്ടെ ഫ്ലാറ്റിൽവെച്ചും ബലാത്സംഗം ചെയ്തു.
പത്തനംതിട്ടയിലെ സുഹൃത്ത് ജോബി ജോസഫ് വഴി മേയ് 30നാണ് ഗർഭച്ഛിദ്ര മരുന്ന് തിരുവനന്തപുരത്ത് എത്തിച്ച് നൽകിയത്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണ സമയമായിരുന്നു അത്. കൈമനത്ത് ജോബി ജോസഫിന്‍റെ കാറിൽവെച്ച് നിർബന്ധിച്ച് ഗുളിക കഴിപ്പിക്കുകയും പ്രചാരണത്തിലായിരുന്ന രാഹുൽ വിഡിയോ കോൾ വഴി യുവതി മരുന്ന് കഴിച്ചത് ഉറപ്പിച്ചുവെന്നും എഫ്.ഐ.ആറിൽ പറയുന്നു.
അതേസമയം, പരാതിക്കാരിയുടെ മൊഴി പ്രകാരം ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹരജിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പറഞ്ഞു. ബന്ധപ്പെട്ട നിയമസംവിധാനത്തിലല്ല, മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. പരാതി നല്‍കുന്നതില്‍ കാലതാമസമുണ്ടായിട്ടുണ്ട്. രണ്ടുപേരുടെയും (രാഹുലിന്റെയും പരാതിക്കാരിയായ യുവതിയുടെയും) വൈവാഹികനില എന്താണെന്ന് വ്യക്തമായിരുന്നു. ഓഡിയോ ക്ലിപ് പുറത്തെത്തിയത് ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കിയെന്നും താനാണ് അത് സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചതെന്ന് പരാതിക്കാരി തെറ്റിധരിച്ചെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
പരാതിക്കാരിയുമായുള്ള ആശയവിനിമയ രേഖകള്‍ കൈമാറാന്‍ തയാറാണ്. പോലീസ് പിന്നാലെയുള്ളതിനാലാണ് ഇത് കൈമാറാന്‍ കഴിയാത്തത്. ഇടക്കാല ജാമ്യം നല്‍കിയാല്‍ അന്വേഷണത്തോട് സഹകരിക്കാം. കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ട ആവശ്യം ഈ കേസില്‍ ഇല്ലെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.
അതേസമയം പത്താംദിനവും രാഹുലിനെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ് അന്വേഷണസംഘം. തമിഴ്നാട്, കർണാടക അതിർത്തികളിൽ പോലീസ് പരിശോധന നടത്തുന്നുണ്ട്. രാഹുൽ മംഗലാപുരം കേന്ദ്രീകരിച്ച് ഒളിവിൽ കഴിയുന്നതായാണ് അന്വേഷണസംഘം കരുതുന്നത്.
വയനാട്ടിലെ മുത്തങ്ങ, ബാവലി, തോൽപ്പെട്ടി, താളൂർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിലും പരിശോധന നടന്നു. അന്വേഷണസംഘത്തെ കബളിപ്പിക്കാൻ മൊബൈൽ ഫോൺ കൈമാറിയോയെന്നും എസ്.ഐ.ടി സംശയിക്കുന്നുണ്ട്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷപ്പെടാൻ സഹായിച്ച ഡ്രൈവറെയും സ്റ്റാഫിനെയും കേസിൽ പ്രതിചേർത്തു. രാഹുലിന്റെ ഡ്രൈവർ ആൽവിൻ, സ്റ്റാഫായ ഫസൽ എന്നിവരെയാണ് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിന് പ്രതിചേർത്തത്. രാഹുലിനെ കർണാടക - തമിഴ്നാട് അതിർത്തിയായ ബാഗലൂരിൽ എത്തിച്ചത് ഇരുവരും ചേർന്നാണെന്ന് എസ്.ഐ.ടി കണ്ടെത്തിയിരുന്നു.
പ്രതികളായ രണ്ടുപേരും രാഹുലിന്റെ എം.എൽ.എ ഓഫീസിലെ ജീവനക്കാരാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരെയും എസ്.ഐ.ടി കസ്റ്റഡിയിലെടുത്തത്. പിന്നീട് തിരുവനന്തപുരത്ത് എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. രാഹുലിനെ ഇവർ ബാഗലൂരിൽ എത്തിച്ചത് ഹോണ്ട അമേസ് കാറിലാണ്. ഈ കാർ കസ്റ്റഡിയിലെടുത്ത് കേരളത്തിലെത്തിച്ചിട്ടുണ്ട്. ബാഗലൂരിൽ നിന്ന് മറ്റൊരു കാറിലാണ് രാഹുൽ കർണാടകത്തിലേക്ക് കടന്നതെന്നാണ് ഇവരുടെ മൊഴി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

