ഓമനക്കും മക്കൾക്കും ആശ്വാസം; വീടുപേക്ഷിക്കണ്ട
text_fieldsസേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഓമനയെയും കുടുംബത്തെയും വീട്ടിൽ പ്രവേശിപ്പിച്ചപ്പോൾ
തൃശൂർ: ഉടുതുണിയോടെ പെരുവഴിയിലിറങ്ങിയ ഇരുണ്ട രാവിനെ മറക്കാൻ ശ്രമിക്കുകയാണ് ഓമനയും മക്കളായ മഹേഷും ഗിരീഷും. ഒരുരാത്രിയും പകലും സ്വന്തം വീടിന്‍റെ പുറത്ത് നെഞ്ച് പിടഞ്ഞ് കാത്തുനിന്ന ശേഷം വൈകീട്ട് ഏഴരയോടെ ഓമനയും മക്കളും വീട്ടിൽ കയറി.
വായ്പ തിരിച്ചടവ് മുടങ്ങിയതോടെയാണ് തിങ്കളാഴ്ച വൈകീട്ട് മുന്നറിയിപ്പില്ലാതെ തൃശൂർ അർബൻ സഹകരണ ബാങ്ക് മുണ്ടൂരിലെ ഓമനയുടെ മൂന്ന് സെന്റിലെ കുഞ്ഞുവീട് ജപ്തി ചെയ്തത്. കൂലിപ്പണി ചെയ്ത് കഴിയുന്ന ഓമനയും മക്കളും പണിക്ക് പോയി മടങ്ങിവരും മുമ്പായിരുന്നു ജപ്തി.
ഇതോടെ ഉടുതുണിയല്ലാതെ മറ്റൊന്നും കൈയിലില്ലാതെ കുടുംബം രാത്രി പെരുവഴിയിലായി. വീട്ടുകാർ എത്താൻ കാത്തുനിൽക്കാതെ നടത്തിയ ജപ്തി കടുത്ത വിമർശനത്തിനിടയാക്കി. തിങ്കളാഴ്ച രാത്രിതന്നെ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ സ്ഥലത്തെത്തി. സഹകരണ ജോയന്‍റ് രജിസ്ട്രാറുമായും മന്ത്രി വി.എൻ. വാസവനുമായും ബന്ധപ്പെട്ടു. രാവിലെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും അതുവരെ അടുത്തുള്ള ബന്ധുവീട്ടിൽ കഴിയാനും തീരുമാനിച്ചു.
രാവിലെ ഓമനയും മക്കളും വീണ്ടും വീടിന് മുന്നിലെത്തി. ഒമ്പതരയോടെ എം.എൽ.എയും മറ്റ് നേതാക്കളുമെത്തി. ഇതിനിടെ, സഹകരണ മന്ത്രി വി.എൻ. വാസവന്‍റെ ഔദ്യോഗിക നിർദേശമെത്തി; കുടുംബത്തെ കുടിയിറക്കിയതിനോട് യോജിക്കാനാവില്ലെന്ന് അറിയിച്ചു. വീട് തിരിച്ച് കൊടുക്കാൻ നടപടി സ്വീകരിക്കാനും റിസ്ക് ഫണ്ടിൽനിന്ന് തുകയെടുക്കാനും സഹകരണ വകുപ്പ് ജോ. രജിസ്ട്രാറെ മന്ത്രി ചുമതലപ്പെടുത്തി.
താൻ തൃശൂരിലെത്തി കുടുംബത്തെ കാണുമെന്നും മറ്റ് കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും എം.എൽ.എയെയും മന്ത്രി അറിയിച്ചു. മന്ത്രിയുടെ നിർദേശത്തിന് പിന്നാലെ ജോ. രജിസ്ട്രാർ എം.എൽ.എയുമായും കുടുംബവുമായും ബാങ്ക് അധികൃതരുമായും ബന്ധപ്പെട്ടു.
റിസ്ക് ഫണ്ടിൽനിന്ന് 75,000 രൂപയും വായ്പയുടെ പലിശയുമാണ് സർക്കാർ നൽകുക. ഒറ്റത്തവണ തീർപ്പാക്കലിന് മൂന്ന് ലക്ഷം അടക്കണം. ഇതിൽ സർക്കാർ സഹായത്തിന് പുറമെ 2.25 ലക്ഷം കുടുംബം കാണേണ്ടി വരും. ഇതിന് സാവകാശവും നൽകി.
ബാങ്ക് വൈകിച്ചതോടെ താക്കോൽ കൈമാറാനും വൈകി. വൈകീട്ട് ആറരയോടെയാണ് താക്കോൽ ലഭിച്ചത്. കുടുംബത്തെ വീട്ടിൽ പ്രവേശിപ്പിച്ചാണ് എം.എൽ.എയും ജോ. രജിസ്ട്രാറുമടക്കമുള്ളവരും മടങ്ങിയത്.തൃശൂർ അർബൻ കോഓപറേറ്റിവ് ബാങ്കിൽനിന്ന് ഓമനയുടെ ഭർത്താവിന്‍റെ ചികിത്സക്ക് 2013ൽ ഒന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
ഒരു ലക്ഷത്തിലധികം അടച്ചെങ്കിലും അത് പലിശയിലേക്ക് മാത്രമായിരുന്നത്രെ. കുടിശ്ശിക കൂടി അഞ്ച് ലക്ഷത്തോളമായെന്നാണ് ബാങ്ക് നോട്ടീസിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

