വാഹനാപകടക്കേസിൽ മണിയൻപിള്ള രാജുവിന് ആശ്വാസം; മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം
text_fieldsതിരുവനന്തപുരം: വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബിന് മുന്നിലുണ്ടായ വാഹനാപകട സമയത്ത് നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്. കെമിക്കൽ ലാബിൽനിന്നുള്ള ശാസ്ത്രീയ പരിശോധനയിലാണ് മദ്യപിച്ചില്ലെന്ന് തെളിഞ്ഞത്. ഇതോടെ മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം ഒഴിവാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
നിലവിൽ 'ഹിറ്റ് ആൻഡ് റൺ' കേസ് മാത്രമാണ് രാജുവിനെതിരെയുള്ളത്. ഫെബ്രുവരി അഞ്ചിന് രാത്രിയാണ് നടൻ ഓടിച്ച കാറും ബൈക്കും തമ്മിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ അദ്ദേഹം കാർ നിർത്താതെ പോയിരുന്നു. ഭയന്ന് പോയതിനാലാണ് കാർ നിർത്താതെ പോയതെന്നും ബൈക്ക് കാറിൽ വന്ന് ഇടിക്കുകയായിരുന്നുവെന്നുമാണ് മണിയൻപിള്ള രാജു പ്രതികരിച്ചത്.
കേസിൽ മണിയൻ പിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ ആരുടേതാണെന്ന് അറിഞ്ഞിട്ടും രാജുവിനെ സംഭവദിവസം തന്നെ കസ്റ്റഡിയില്‍ എടുക്കാതിരുന്നത് പൊലീസ് വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ സ്‌റ്റേഷനില്‍ നേരിട്ടു ഹാജരായപ്പോഴാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും വൈദ്യപരിശോധന നടത്തുകയും ചെയ്തത്. പരിശോധനക്ക് രക്ത സാമ്പിൾ ലാബിലേക്ക് അയച്ചത് അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ ശേഷം മാത്രമാണ്.
അപകടം സംഭവിച്ചതിന് ശേഷം പിറ്റേന്ന് രാവിലെ 7.30നാണ് മണിയൻപിള്ളയെ ബന്ധപ്പെടാൻ സാധിച്ചതെന്നും അദ്ദേഹത്തിന്‍റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നുവെന്നുമാണ് പൊലീസ് നൽകിയ വിശദീകരണം. താൻ മദ്യപിച്ചിരുന്നില്ലെന്ന് രാജു തുടക്കംമുതൽ അവകാശപ്പെട്ടിരുന്നെങ്കിലും വിവാദമായതോടെ പൊലീസ് രക്തസാമ്പിൾ പരിശോധനക്ക് അയക്കുകയായിരുന്നു.
രണ്ട് മാസത്തിനുശേഷമാണ് പരിശോധനാഫലം വന്നത്. കാർ അമിതവേഗതയിൽ ആയിരുന്നില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

