Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിന് ആശ്വാസം; ഹിമാചൽ 250 മെഗാവാട്ട് വൈദ്യുതി നൽകും

text_fields
bookmark_border
600 മെഗാവാട്ടിനായി പുതിയ ടെണ്ടർ
കേരളത്തിന് ആശ്വാസം; ഹിമാചൽ 250 മെഗാവാട്ട് വൈദ്യുതി നൽകും
cancel

തിരുവനന്തപുരം: രൂക്ഷ പ്രതിസന്ധി മറികടക്കാൻ ഹിമാചൽ പ്രദേശിൽനിന്ന് കേരളത്തിന് 250 മെഗാവാട്ട് വൈദ്യുതി വാഗ്ദാനം. കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ഹിമാചൽ മുഖ്യമന്ത്രി സുഖ് വീന്ദർ സിങ് സുഖുവുമായി നടത്തിയ ചർച്ചയെ തുടർന്നാണിത്. കേരള-ഹിമാചൽ ചീഫ്സെക്രട്ടറിമാർ ചർച്ചചെയ്ത് വിലയും കൈമാറ്റ രീതിയും സമയക്രമവും തീരുമാനിക്കും. നടപ്പായാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സംസ്ഥാനത്തിന് ഏറെ ആശ്വാസകരമായ തീരുമാനമാകും.

വൈദ്യുതി പ്രതിസന്ധി മറികടക്കാൻ യൂനിറ്റ് 30 രൂപ വെച്ച് വാഗ്ദാനം ലഭിച്ച എൻ.ടി.പി.സിയുടെ രത്നഗിരി നിലയത്തിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിൽനിന്ന് സർക്കാറും ബോർഡും പിന്നാക്കം പോയി. സംസ്ഥാനം നൽകിയ അപേക്ഷയിൽ ഡിസംബർ 31 വരെ യൂനിറ്റിന് ആറ് രൂപ നിരക്കിൽ 150 മെഗാവാട്ട് കേന്ദ്ര വിഹിതമായി അനുവദിച്ചു. ഒറീസയിലെ പൊതുമേഖല വിതരണ കമ്പനികളിൽനിന്ന് സമീപ ദിവസങ്ങളിൽ വൈദ്യുതി കിട്ടിയിരുന്നു. ഈ സാഹചര്യത്തിൽ വില കുറഞ്ഞ വൈദ്യുതിക്ക് വേണ്ടി ബോർഡ് വീണ്ടും ശ്രമം തുടരുകയാണ്. കൈമാറ്റ കരാർ പ്രകാരം മടക്കി കൊടുക്കേണ്ടതിൽ 250 മെഗാവാട്ട് ചൊവ്വാഴ്ച കൊടുത്തു തീരും. വൈദ്യുതി ബോർഡ് ഡയറക്ടർമാർ മിച്ച സംസ്ഥാനങ്ങളിൽ നടത്തുന്ന ചർച്ചകളിലൂടെ കൂടുതൽ വൈദ്യുതി പ്രതീക്ഷിക്കുന്നു.

ഒക്ടോബർ മുതൽ ഡിസംബർ വരെ പീക്ക് സമയത്തെ വൈദ്യുതി കുറവ് മറികടക്കാൻ 600 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ ബോർഡ് ടെണ്ടർ ക്ഷണിച്ചു. ഡീപ്പ് പോർട്ടൽ ബിഡ്ഡിങ് വഴിയാണ് ടെൻഡർ ക്ഷണിച്ചത്. കുറഞ്ഞ വിലക്ക് വൈദ്യുതി വാങ്ങാൻ ധാരണയായാൽ റെഗുലേറ്ററി കമീഷനെ കെ.എസ്.ഇ.ബി സമീപിക്കും. സെപ്റ്റംബറിൽ കടുത്ത പ്രതിസന്ധി നേരിട്ട കെ.എസ്.ഇ.ബി വരുംമാസങ്ങളിൽ അത്തരം സാഹചര്യം ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. പീക്കിലെ വിവിധ സമയങ്ങളിലേക്ക് ടെണ്ടറുകൾ നൽകിയിട്ടുണ്ട്.

ഇതിൽ കുറെയെങ്കിലും വില കുറച്ച് കിട്ടിയാൽ പ്രതിസന്ധി മറികടക്കാമെന്നാണ് വിലയിരുത്തൽ. നേരത്തെ അടുത്ത മൂന്ന് മാസങ്ങളിലേക്ക് വൈദ്യുതി വാങ്ങാനുള്ള അപേക്ഷകൾക്ക് കമീഷൻ അംഗീകാരം നൽകിയിരുന്നു. അതിൽ വില യൂനിറ്റിന് പത്ത് രൂപയിൽ താഴെ എന്ന നിലയിലായിരുന്നു അനുമതി. ആ വൈദ്യുതിയും വരും മാസങ്ങളിൽ കിട്ടും. കേന്ദ്ര നിലയങ്ങളിൽ നിന്ന് 150 മെഗാവാട്ട് കിട്ടുകയും കടം മടക്കി കൊടുത്തിരുന്ന 250 മെഗാവാട്ട് സംസ്ഥാനത്തിന് തന്നെ കിട്ടുകയും ചെയ്യുന്നതോടെ പ്രതിസന്ധിക്ക് നേരിയ അയവുണ്ടാകും.

പവർ എക്സ്ചേഞ്ചിൽ നിന്നടക്കം വാങ്ങി പിടിച്ചു നിൽക്കാനാകും. സെപ്റ്റംബർ 30ഓടെ കടം മടക്കികൊടുക്കൽ അവസാനിക്കും. ആ വൈദ്യുതിയും സംസ്ഥാനത്തിന് ഉപയോഗിക്കാം. കേന്ദ്ര നിലയങ്ങളിൽ നിന്ന് വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും ദേശീയതലത്തിൽ കാറ്റാടി നിലയങ്ങളിൽനിന്നുള്ള ഉൽപാദനം വളരെ കുറയുകയും ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തിൽ വൈദ്യുതി ലഭ്യത കുറയാൻ സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെൻറർ മുന്നറിയിപ്പ് നൽകി.

അതേസമയം, മധ്യപ്രദേശിൽ നിന്ന് കൈമാറ്റ വ്യവസ്ഥയിൽ പ്രതീക്ഷിച്ച 200 മെഗാവാട്ട് കിട്ടിയില്ല. ഒഡീഷയിൽനിന്ന് 75 മെഗാവാട്ടും എ.സി.ബിഐ.എല്ലിൽ നിന്ന് 15 മെഗാവാട്ടും ലഭിച്ചു. എങ്കിലും 800 മെഗാവാട്ടിന്‍റെ കുറവുണ്ടെന്നാണ് ബോർഡ് വിശദീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Relief for Kerala: Himachal to provide 250 MW of power
Next Story