സാന്ത്വനമേകി ദുരിതാശ്വാസ ക്യാമ്പുകള്‍
text_fieldsമുണ്ടക്കൈ: ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചകളും നോവുകളുമായി ക്യാമ്പുകളിലെത്തിയവര്‍ക്ക് ജില്ല ഭരണകൂടത്തിന്റെ സാന്ത്വനം. ദുരന്തത്തിന്റെ ആഘാതത്തിൽനിന്ന് ഇവരെയെല്ലാം തിരികെ കൊണ്ടുവരാനുള്ള കരുതലുകളാണ് ക്യാമ്പുകളിലുള്ളത്. മാനസികാരോഗ്യം വീണ്ടെടുക്കാന്‍ കൗണ്‍സലിങ്, ആരോഗ്യ പരിരക്ഷ, വസ്ത്രം, ഭക്ഷണം, നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടെടുക്കാനുള്ള സൗകര്യങ്ങളും ക്യാമ്പുകളില്‍ ഒരുക്കിയിട്ടുണ്ട്. ക്യാമ്പ് ഓഫിസര്‍മാരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തനങ്ങള്‍.
ക്യാമ്പിലുള്ള കുട്ടികള്‍ക്കും സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയും വിധത്തില്‍ നിരവധി പ്രവര്‍ത്തനങ്ങൾ പ്രത്യേകമായി മുന്നേറുന്നുണ്ട്. നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍, പഠനാന്തരീക്ഷം എന്നിവ തിരിച്ചുപിടിക്കാനും കുട്ടികളെ പുതിയ ജീവിതാന്തരീക്ഷത്തിലേക്ക് കൈപിടിക്കാനുമാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈകോര്‍ത്ത് പരിശ്രമിക്കുന്നത്.
ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കല്പറ്റ എന്‍.എം.എസ്.എം ഗവ. കോളജില്‍ പ്രവര്‍ത്തിക്കുന്ന കോഓഡിനേഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും ഹെല്പ് ഡെസ്ക് പ്രവര്‍ത്തിക്കുന്നുണ്ട്. കോളജ് വിദ്യാർഥികളുടെ പഠനം, പരീക്ഷകള്‍ എന്നിവക്ക് ഹെല്പ് ഡെസ്ക് തുണയാകും.
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭാഗമായി 12 ക്യാമ്പുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്. റിലീഫ് റെസ്ക്യൂ ക്യാമ്പുകളിലായി 527 കുടുംബങ്ങളാണ് കഴിയുന്നത്. 571 പുരുഷന്മാരും 566 സ്ത്രീകളും 368 കുട്ടികളും രണ്ടു ഗര്‍ഭിണികളുമടക്കം 1505 പേരാണ് ക്യാമ്പുകളിലുള്ളത്. എസ്.ഡി.എം.എല്‍.പി സ്കൂള്‍ കല്പറ്റ, കല്പറ്റ ഡിപോള്‍ സ്കൂള്‍, ആര്.സി.എല്‍.പി സ്കൂള്‍ ചുണ്ടേല്‍, ജി.എച്ച്.എസ്.എസ് റിപ്പണ്‍, മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജ്, റിപ്പണ്‍ ന്യൂ ബില്‍ഡിങ്, അരപ്പറ്റ എന്നിവിടങ്ങളിലാണ് റെസ്ക്യൂ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.
ഏകോപനത്തിന് പ്രത്യേക സെല്‍
ഓരോ ക്യാമ്പിന്റെ നടത്തിപ്പുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, പരിമിതികള്‍ എന്നിവ വിലയിരുത്താനും പരിഹരിക്കാനും കലക്ടറേറ്റില്‍ പ്രത്യേക സെല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലതല ക്യാമ്പ് മാനേജ്മെന്റിന്റെ മുഴുസമയ പ്രവര്‍ത്തനങ്ങൾ പാലക്കാട് എ.ഡി.എം സി. ബിജു, ഡോ. അനുപമ ശശിധരന് എന്നിവരുടെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്. ജില്ലയിലെ 22 തദ്ദേശ സ്ഥാപനങ്ങളിലായി 94 ക്യാമ്പുകളാണ് ആദ്യഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. ദുരന്തബാധിത പ്രദേശങ്ങളില്‍ 17 ക്യാമ്പുകളും പ്രവര്‍ത്തിച്ചിരുന്നു. ഓരോ ക്യാമ്പിലും രണ്ട് മണിക്കൂര്‍ ഇടവിട്ടുള്ള അപ്ഡേഷനും സെല്‍ വഴി നടത്തിയിരുന്നു.
ക്യാമ്പുകളിലെ ശുചിത്വ പരിപാലനം വിലയിരുത്തല്‍, താമസക്കാരുടെ ആരോഗ്യനില, ആവശ്യമായ സാധനങ്ങള്‍ ഉറപ്പുവരുത്തല്‍ തുടങ്ങിയ ചുമതലകളെല്ലാം സെല്‍ ഏറ്റെടുക്കുന്നു. ഓരോ ക്യാമ്പിലെയും നോഡല്‍ ഓഫിസര്‍മാരെ കൃത്യസമയങ്ങളില്‍ വിളിച്ച് ക്യാമ്പിലെ ആവശ്യങ്ങള്‍ ഡേറ്റ ഷീറ്റ് തയാറാക്കി അതത് വകുപ്പുകളെ സെല്ലില്‍നിന്ന് അറിയിക്കും. പരിമിതികളില്ലാതെ ക്യാമ്പ് പ്രവര്‍ത്തിപ്പിക്കാന്‍ സെല്ലിന്റെ പ്രവര്‍ത്തനം സഹായകരമാകും. ജില്ലതല കലക്ഷന്‍ കേന്ദ്രത്തില്‍നിന്ന് ക്യാമ്പുകളിലേക്ക് പലവ്യഞ്ജനം, മറ്റ് സാധനങ്ങള്‍ എന്നിവ മുടക്കമില്ലാതെ എത്തിക്കുന്നതിനും സെല്ലിലെ കാള്‍ സെന്റര്‍ മുഖേന കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

