ഇക്വറ്റോറിയൽ ഗിനിയിൽ തടവിലായ ഇന്ത്യക്കാരുടെ മോചനം അനിശ്ചിതത്വത്തിൽ
text_fieldsകൊച്ചി: ഇക്വറ്റോറിയൽ ഗിനിയിൽ തടവിലായ മലയാളികൾ അടക്കമുള്ള ഇന്ത്യക്കാരുടെ മോചനം അനിശ്ചിതത്വത്തിലായി. പുറംലോകവുമായി ബന്ധപ്പെടാൻ ആകെ ഉണ്ടായിരുന്ന മൊബൈൽ ഫോൺ ഗിനി സൈന്യം പിടിച്ചെടുത്തതോടെ ബന്ധുക്കളും കേന്ദ്രസർക്കാർ വൃത്തങ്ങളുമായുള്ള എല്ലാ ആശയവിനിമയവും നിലച്ചു.
ഗിനിയില്‍ തടവിലുണ്ടായിരുന്ന ഇവരെ വ്യാഴാഴ്ച ഇന്ത്യൻ സമയം വൈകീട്ട് മൂന്നിന് മലാബോയിൽ തുറമുഖത്ത് എത്തിക്കുംവരെ നാട്ടിലുള്ളവർക്ക് മെസേജ് അടക്കം അയച്ചിരുന്നു. വൈകുന്നേരത്തോടെ ഇവരുമായുള്ള എല്ലാ ബന്ധങ്ങളും നിലച്ചതായി തടവിലുള്ള കൊച്ചി സ്വദേശി മിൽട്ടന്റെ കുടുംബം പറഞ്ഞു. ബുധനാഴ്ച ഇവരെ നൈജീരിയക്ക് കൈമാറുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. നൈജീരിയക്ക് കൈമാറാന്‍ കൊണ്ടുപോയ 15 പേരെയും രണ്ടുമണിക്കൂർ കടലിൽ ചുറ്റിച്ചശേഷം തിരികെ മലാബോയിൽ എത്തിച്ചു.
നൈജീരിയൻ കപ്പൽ തുറമുഖത്തുണ്ടെന്നും ഏതുസമയവും തങ്ങളെ കൈമാറാൻ സാധ്യതയുണ്ടെന്നുമാണ് അവസാനമായി ഇവർ പറഞ്ഞത്.
എല്ലാവരും ഒരുങ്ങിനിൽക്കാൻ പട്ടാളക്കാർ ആവശ്യപ്പെട്ടതായും സന്ദേശം വന്നു. അതിനുശേഷമാണ് ഇവരുമായുള്ള ആശയവിനിമയം നിലച്ചത്. മോചനത്തിന് കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നാണ് കപ്പൽ ജീവനക്കാരുടെ ആവശ്യം.
അതേസമയം, കപ്പൽ നിയമപരമായാണ് എത്തിയതെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ത്യൻ ഹൈകമീഷൻ നൈജീരിയക്ക് നൽകിയിട്ടുണ്ട്. നോർവേയിലുള്ള കപ്പൽ കമ്പനി നിയമപരമായും കൈമാറ്റം തടയാനുള്ള നീക്കം നടത്തുന്നുണ്ട്. കപ്പൽ ജീവനക്കാരെ അനധികൃതമായി ബന്ദികളാക്കിയത് മനുഷ്യാവകാശലംഘനമാണെന്ന് കാട്ടി നൈജീരിയയിലെ ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുമുണ്ട്.
കടലിലെ തർക്കങ്ങൾ പരിഗണിക്കുന്ന ജർമനിയിലെ അന്താരാഷ്ട്ര ട്രൈബ്യൂണലിനെയും ഉടൻ കമ്പനി സമീപിക്കും. കൂടുതൽ നിയമനടപടിയിലേക്ക് പോകുന്നതിനിടെയാണ് ജീവനക്കാരെ സൈന്യം നൈജീരിയയിലേക്ക് മാറ്റുന്നുവെന്ന സൂചന പുറത്തുവന്നത്.
തടവിലുള്ള എല്ലാ ജീവനക്കാരുടെയും പാസ്പോർട്ട് ഗിനി സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീധനപ്രശ്നത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ സഹോദരൻ വിജിത്ത് ഉൾപ്പെടെ മൂന്ന് മലയാളികളാണ് തടവിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

