
നിയന്ത്രണങ്ങളിൽ ഇളവ്; കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവർക്ക് ഇന്ന് കർണാടകയിലേക്ക് യാത്ര ചെയ്യാം
text_fieldsകാസർകോട്: കേരളത്തിൽനിന്ന് വരുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടിയിൽ താൽക്കാലിക ഇളവ് വരുത്തി കർണാടക സർക്കാർ. ചൊവ്വാഴ്ച തലപ്പാടിയടക്കമുള്ള അതിർത്തിയിൽ പരിശോധന ഒഴിവാക്കി.
ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് താൽക്കാലിക ഇളവ് നൽകുന്നത്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റില്ലാത്തവരെ കടത്തിവിടേണ്ട എന്നായിരുന്നു നേരത്തെയുള്ള നിർദേശം. ഇതിന്‍റെ ഭാഗമായി വൻ സന്നാഹങ്ങൾ അതിർത്തിയിൽ ഒരുക്കിയിരുന്നു.
നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ തിങ്കളാഴ്ച താൽക്കാലികമായി ഇളവ് നൽകിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനായിരുന്നു തീരുമാനം. ഇതിനെതിരെ വിവിധ രാഷ്ട്രീയ കക്ഷികളടക്കം രംഗത്തുവന്നു. സംഭവം കേന്ദ്ര സർക്കാറിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു. കൂടാതെ കർണാടകയിലെ കോൺഗ്രസ് നേതാവ് സുബ്ബയ്യ റൈ ഹൈകോടതിയിൽ ഹരജിയും നൽകി. ഇതിന്‍റെയെല്ലാം പശ്ചാത്തലത്തിലാണ് താൽക്കാലിക ഇളവ് പ്രഖ്യാപിച്ചത്.
തിങ്കളാഴ്ച വയനാട്ടിലെ ബാവലി, മുത്തങ്ങ, കർണാടകയിലെ കുട്ട, കാസർേകാട്ടെ തലപ്പാടി, മെനാല, ജാൽസൂർ, സാറട്ക്ക, പാണത്തൂർ, കണ്ണൂരിലെ മാക്കൂട്ടം ചെക്കുപോസ്റ്റുകളിൽ യാത്രക്കാരെ തടഞ്ഞിരുന്നു. പ്രതിഷേധത്തെ തുടർന്ന് ഉച്ചയോടെ വാഹനങ്ങളെ കടത്തിവിടുകയായിരുന്നു.
അതിർത്തി ചെക്കുപോസ്റ്റുകളിൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കുകയും മറ്റു വഴികൾ ബാരിക്കേഡുകൾകൊണ്ട് അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാൻ കേരള-കർണാടക സർക്കാർതലത്തിൽ ചർച്ച നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചിട്ടുണ്ട്.