ഭിന്നശേഷിത്വമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലി സമയത്തില്‍ ഇളവ്
text_fieldsഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബഹുവൈകല്യം, മാനസിക വളര്‍ച്ചയില്ലായ്മ തുടങ്ങിയ അവസ്ഥകളില്‍ 40 ശതമാനമോ അതിലധികമോ ഭിന്നശേഷിത്വമുള്ള കുട്ടികളുടെ മാതാപിതാക്കളായ സര്‍ക്കാര്‍ ജീവനക്കാരില്‍ ഒരാള്‍ക്ക് ജോലി സമയത്തില്‍ ഇളവു നൽകാൻ മന്ത്രി സഭാ തീരുമാനം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള ഇളവുകള്‍ക്കു പുറമേ ഒരു മാസം ആകെയുള്ള ജോലി സമയത്തില്‍ പരമാവധി 16 മണിക്കൂര്‍ കൂടിയാണ് ഇളവ് അനുവദിക്കുന്നത്.
ധനസഹായം
ദേശീയ സൈക്കിള്‍ പോളോ മത്സരത്തില്‍ പങ്കെടുക്കുന്നതിന് നാഗ്പൂരില്‍ എത്തി അവിടെ വെച്ച് അസുഖം ബാധിച്ച് മരണപ്പെട്ട ആലപ്പുഴ, അമ്പലപ്പുഴ നിദാ ഫാത്തിമയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. കുടുംബത്തിന്റെ സാമ്പത്തിക പരാധീനത കണക്കിലെടുത്താണ് മന്ത്രിസഭ തീരുമാനം.
സ്ഥലം അനുവദിച്ചു
കേരള മെഡിക്കല്‍ സർവീസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനുള്ള കേന്ദ്രം നിർമിക്കുന്നതിനും ആസ്ഥാനമന്ദിരം വിപുലീകരിക്കുന്നതിനുമായി സ്ഥലം അനുവദിച്ചു. തിരുവനന്തപുരം തൈക്കാട് വില്ലേജിലാണ് ഒരു ഏക്കര്‍ 22 സെന്റ് സ്ഥലം 21,07,631 രൂപ വാര്‍ഷിക പാട്ടം ഈടാക്കി 30 വര്‍ഷത്തേക്ക് വ്യവസ്ഥകളോടെ പാട്ടത്തിന് നല്‍കുന്നത്.
കരട് ബില്ലിന് അംഗീകാരം
അബ്കാരി നിയമം 67 എ പ്രകാരം രാജിയാക്കാവുന്ന കുറ്റകൃത്യങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത 55 എച്ച്, 55 ഐ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ക്ക് പിഴത്തുക 50,000 രൂപയായി ഉയര്‍ത്തി അബ്കാരി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് ബില്ലിന് അംഗീകാരം നല്‍കി. കുറ്റകൃത്യങ്ങളുടെ ഡിക്രിമിനലൈസേഷന്‍ നടപടികളുടെ ഭാഗമായി നടപടി.
തസ്തികകള്‍
നാട്ടിക എസ്.എന്‍. കോളജില്‍ മൂന്ന് പുതിയ മലയാള അധ്യപക തസ്തികകള്‍ സൃഷ്ടിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്റ് ടിഷ്യൂ ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനില്‍ മൂന്നു പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ജോയിന്റ് ഡയറക്ടര്‍, കണ്‍സള്‍റ്റന്റ്, ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് എന്നീ തസ്തികകളാണ് സൃഷ്ടിക്കുക. ആദ്യത്തെ രണ്ട് തസ്തികകള്‍ കരാര്‍ അടിസ്ഥാനത്തിലും മൂന്നാമത്തേത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ദിവസ വേതനത്തിലുമാണ്.
ശമ്പള പരിഷ്‌ക്കരണം
സപ്ലൈകോ ജീവനക്കാര്‍ക്ക് ധനകാര്യവകുപ്പ് അംഗീകരിച്ച ശമ്പള സ്‌കെയിലും നിബന്ധനകളും ഉള്‍പ്പെടുത്തി 11-ാം ശമ്പള പരിഷ്‌ക്കരണം അനുവദിച്ചു.
കുടിശ്ശിക നല്‍കും
നദികളില്‍ അടിഞ്ഞുകൂടിയ പ്രളയാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത കരാറുകാര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ബില്‍ത്തുക അനുവദിക്കാന്‍ തീരുമാനിച്ചു. 40,36,08,265 രൂപയുടെ ഫണ്ടാണ് അനുവദിച്ചത്. പ്രളയാനന്തരം നദികളില്‍ അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിന് തയാറാക്കിയ കരട് മാർഗ നിർദേശത്തിന് അംഗീകാരം നൽകി.
പുതിയ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍
കൊല്ലം ജില്ലയിലെ ഓയൂരില്‍ പുതിയ ഫയര്‍ ആന്റ് റസ്‌ക്യൂ സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് അനുമതി നല്‍കി.
വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി
വിവര പൊതുജന സമ്പര്‍ക്ക വകുപ്പിലേക്ക് പുതിയ എട്ട് വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി.
പരിഹാര വനവല്‍ക്കരണത്തിന് ഭൂമി കൈമാറാന്‍ അനുമതി
പാലക്കാട് ഐ.ഐ.ടിക്കുവേണ്ടി വനംവകുപ്പില്‍ നിന്നും ഏറ്റെടുത്ത 18.14 ഹെക്ടര്‍ ഭൂമിക്കു പകരം അട്ടപ്പാടി താലൂക്കില്‍ 20.022 ഹെക്ടര്‍ ഭൂമി വനം വകുപ്പിന് പരിഹാര വനവല്‍ക്കരണത്തിനായി കൈമാറാന്‍ അനുമതി നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

