ആറ്റിങ്ങൽ: ചിറയിൻകീഴിൽ വിദ്യാർഥി തൂങ്ങിമരിക്കാനിടയായത് കില്ലർ ഗെയിം കളിച്ചതുകാരണമെന്ന് ബന്ധുക്കൾ. മുടപുരം കല്ലുവിളാകം വീട്ടില്‍ സജിനയുടെയും ഷാനവാസിെൻറയും മകൻ സാബിത്ത് മുഹമ്മദാണ് (14) ഒരാഴ്ച മുമ്പ് ആത്മഹത്യ ചെയ്തത്. സ്കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം കിടപ്പുമുറിയില്‍ കയറിയ കുട്ടി പുറത്തിറങ്ങാന്‍ വൈകി. വീട്ടുകാര്‍ കതക് ചവിട്ടിത്തുറന്നപ്പോഴാണ് ജനൽ ഗ്രില്ലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്.
മിക്കപ്പോഴും മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്ന സാബിത്തിെൻറ മരണത്തിൽ ബന്ധുക്കൾ അന്നുതന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ മൊബൈലിൽ പൊലീസ് കില്ലർ ഗെയിം ആപ്പുകളൊന്നും കണ്ടെത്തിയില്ല. ഫോണിൽ പാസ്വേഡ് ഇട്ട് നിരവധി ഗെയിമുകൾ സൂക്ഷിച്ചിരുന്നു. എന്നാൽ, ഇതൊന്നും മരണത്തിലേക്ക് നയിക്കുന്ന ടാസ്കുള്ള ഗെയിമുകളല്ലെന്നാണ് പൊലീസ് പറയുന്നത്.
ദിവസങ്ങൾക്കുശേഷം ബന്ധുക്കൾ ഫോൺ പൊലീസിൽനിന്ന് തിരികെ വാങ്ങി. സാബിത്ത് മൊബൈൽ ഗെയിമിന് ഇരയായാണ് ആത്മഹത്യ ചെയ്തതെന്ന് പിതാവ് ഷാനവാസ് പറഞ്ഞു. നേരത്തേ ഇത്തരം ഗെയിമുകൾ ഉപയോഗിച്ചിരുന്നു. താക്കീത് നൽകിയശേഷം ഉപയോഗിക്കില്ലെന്ന് ഉറപ്പുതന്നിരുന്നു- അദ്ദേഹം പറഞ്ഞു