സി.പി.എം വക്താവ് റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നു, 'ഇനിയുള്ള കാലം ബി.ജെ.പിയുടെ ശബ്ദമാകും'
text_fieldsതിരുവനന്തപുരം: സി.പി.എം അംഗവും ചാനൽ ചർച്ചകളിൽ എൽ.ഡി.എഫിന്റെ ശബ്ദവുമായിരുന്ന റെജി ലൂക്കോസ് ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് അംഗത്വം നൽകി.
പഴയ ദ്രവിച്ച ആശങ്ങളുമായി മുന്നോട്ടുപോയാൽ നമ്മുടെ നാട് വൃദ്ധസദനമായി മാറുമെന്നും ബി.ജെ.പിയുടെ ദേശീയ നേതൃത്വം പകർന്ന് നൽകുന്ന വികസനവും ആശയവും തന്നെ കുറേനാളായി സ്വാധീനിക്കുന്നുണ്ടെന്നും ഇനിയുള്ള കാലം ബി.ജെ.പിയുടെ ശബ്ദമായി മാറുമെന്നും റെജി ലൂക്കോസ് മാധ്യമങ്ങളോട് പറഞ്ഞു.
'ബി.ജെ.പിയെ കുറിച്ച് എല്ലാവരും പറഞ്ഞിരുന്നത് വർഗീയ പാർട്ടിയാണ് എന്നതായിരുന്നു. നിർഭാഗ്യവശാൽ, ഇടതുപക്ഷ വ്യതിയാനം സംഭവിച്ച എന്റെ പാർട്ടി കേരളത്തിൽ വർഗീയ വിഭജനത്തിനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.'- റെജി ലൂക്കോസ് പറഞ്ഞു.
താൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ മെമ്പറാണന്നും ഒരു ഭാരവാഹിത്വവും ഏറ്റെടുത്തിട്ടില്ലെന്നും അത് ആഗ്രഹിച്ച ആളല്ലെന്നും റെജി ലൂക്കോസ് പറഞ്ഞു. 2021ൽ നടന്ന സി.പി.എം കോട്ടയം ജില്ലാ സമ്മേളന പ്രതിനിധിയായും കടുത്തുരുത്തി ഏരിയ സമ്മേളന പ്രതിനിധിയായും റെജി ലൂക്കോസ് പങ്കെടുത്തിട്ടുണ്ട്. അതേസമയം, പാർട്ടിയുടെ ഒരു ഘടകത്തിലും റെജി ലൂക്കോസ് അംഗമായിരുന്നില്ലെന്ന് സി.പി.എം കോട്ടയം ജില്ലാ കമ്മിറ്റി പറഞ്ഞു. സ്വയം പ്രഖ്യാപിത ഇടത് പക്ഷ സഹയാത്രികനായി ചാനൽ ചർച്ചകളിൽ പങ്കെടുക്കരുതെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മാധ്യമങ്ങളാണ് ഇടത് സഹയാത്രികനെന്ന വിശേഷണം നൽകിയതെന്നും സി.പി.എം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

