ഡീലി'നിടയിൽ പത്രിക തള്ളലും; ബി.ജെ.പിക്ക് ഇരട്ടപ്രഹരം
text_fieldsതിരുവനന്തപുരം: 'ഡീൽ' ആരോപണത്തിൽപെട്ടുഴലുന്ന ബി.ജെ.പിക്ക് ഇരട്ടിപ്രഹരമായി ഗുരുവായൂർ, തലശ്ശേരി, ദേവികുളം എന്നിവിടങ്ങളിലെ പത്രിക തള്ളൽ. കോടതിയെ സമീപിക്കുമെന്ന് സ്ഥാനാർഥികൾ പറയുന്നുണ്ടെങ്കിലും വ്യക്തമായ വിശദീകരണം നൽകാനാകാതെ പ്രതിസന്ധിയിലാണ് സംസ്ഥാന നേതൃത്വം.
ആർ.എസ്.എസ് സൈദ്ധാന്തികൻ ആർ. ബാലശങ്കർ ഉയർത്തിയ സി.പി.എം-ബി.ജെ.പി ഡീൽ ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് ഇപ്പോഴുണ്ടായ സംഭവങ്ങൾ. കാൽ ലക്ഷത്തിലധികം വോട്ടുള്ള മൂന്ന് മണ്ഡലങ്ങളിലാണ് സ്ഥാനാർഥികൾ ഇല്ലാതായത്. വോട്ട് വർധന ലക്ഷ്യമിടുന്ന ബി.ജെ.പിക്ക് ഇത് തിരിച്ചടിയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉൾപ്പെടെ കേന്ദ്ര നേതാക്കൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്താനിരുന്ന രണ്ട് മണ്ഡലങ്ങളിലാണ് സ്ഥാനാർഥി ഇല്ലാതായതെന്നത് മറ്റൊരു കാര്യം. ഇത് പ്രവർത്തകർക്കിടയിലും കടുത്ത നിരാശയും അസംതൃപ്തിയുമുണ്ടാക്കി. ഇത് ഡീലിെൻറ ഭാഗമായാണെന്ന ആരോപണവുമായി എൽ.ഡി.എഫും യു.ഡി.എഫും രംഗത്തെത്തി.
ഗുരുവായൂരിലെ സ്ഥാനാർഥി അഡ്വ. നിവേദിത ബി.ജെ.പിയുടെ പോഷകസംഘടനയായ മഹിളാ മോർച്ചയുടെ സംസ്ഥാന അധ്യക്ഷയാണ്. തലശ്ശേരിയിൽ ജില്ലാ പ്രസിഡൻറ് കൂടിയായ എൻ. ഹരിദാസെൻറ പത്രികയാണ് തള്ളിയത്. ബി.െജ.പി ദേശീയ-സംസ്ഥാന പ്രസിഡൻറുമാരുടെ ഒപ്പില്ലെന്ന കാരണത്താലാണ് ഇൗ പത്രികകൾ തള്ളപ്പെട്ടതെന്നത് ഗൗരവമായിട്ടാകും നേതൃത്വം കാണുക. ദേവികുളത്ത് സ്വതന്ത്ര സ്ഥാനാർഥിയെ പിന്തുണക്കാൻ എൻ.ഡി.എ തീരുമാനിച്ചിട്ടുണ്ട്.
115 മണ്ഡലങ്ങളിലാണ് ബി.ജെ.പിക്ക് സ്ഥാനാർഥികളുള്ളത്. പ്രചാരണത്തിനുൾപ്പെടെ കോടികൾ ചെലവാക്കി സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള ബി.ജെ.പിക്ക് പക്ഷേ, സ്ഥാനാർഥികളുടെ നാമനിർദേശപത്രികയുടെ പരിശോധനപോലും നടത്താൻ സാധിച്ചില്ലെന്നത് ആക്ഷേപങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്. ഡമ്മി പത്രികകളിൽപോലും സൂക്ഷ്മതയുണ്ടാകാത്തത് സംശയം വർധിപ്പിക്കുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.