ചട്ട ഭേദഗതിയുമായി റഗുലേറ്ററി കമീഷൻ സമയത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ ഉപഭോക്താവിന് 100 രൂപ
text_fieldsതിരുവനന്തപുരം: ഉപഭോക്താക്കൾക്ക് 24 മണിക്കൂറും വൈദ്യുതി ലഭ്യത ഉറപ്പാക്കണമെന്ന വ്യവസ്ഥയടക്കം ഉൾപ്പെടുത്തി വൈദ്യുതി വിതരണ മാനദണ്ഡങ്ങൾ സംബന്ധിച്ച നിയന്ത്രണച്ചട്ടം വൈദ്യുതി റഗുലേറ്ററി കമീഷൻ ഭേദഗതി ചെയ്തു. കെ.എസ്.ഇ.ബിയിൽ പരാതി രജിസ്റ്റർ ചെയ്ത് നിശ്ചിത സമയത്തിനുള്ളിൽ വൈദ്യുതി ലഭിച്ചില്ലെങ്കിൽ സമയം കണക്കാക്കി 100 രൂപ നഷ്ടപരിഹാരം ലഭിക്കും. കെ.എസ്.ഇ.ബി അടക്കം വൈദ്യുതി വിതരണ കമ്പനികൾ ഉപയോക്താവിന് നൽകേണ്ട സേവനങ്ങളുടെ സമയപരിധി കുറച്ചും നഷ്ടപരിഹാരം എട്ടിരട്ടി വരെയായിയുമാണ് ചട്ടം ഭേദഗതി ചെയ്തത്.
വോൾട്ടേജ് വ്യതിയാനം സംബന്ധിച്ച പരാതി പരിഹരിക്കാത്തതിനുള്ള നഷ്ടപരിഹാരം 25 രൂപയിൽനിന്ന് 200 രൂപയാക്കി. നഷ്ടപരിഹാരം അർഹരായ ഉപഭോക്താക്കൾ ആവശ്യപ്പെടാതെതന്നെ ഉപഭോക്താവിന്റെ ബില്ലിൽ വരവുവെക്കാൻ വ്യവസ്ഥചെയ്തിട്ടുണ്ട്. പുതിയ കണക്ഷൻ, താൽക്കാലിക കണക്ഷൻ, സീസണൽ കണക്ഷൻ, കണക്റ്റഡ് ലോഡ് അല്ലെങ്കിൽ കോൺട്രാക്റ്റ് ഡിമാൻഡ് വർധിപ്പിക്കുകയോ കുറക്കുകയോ ചെയ്യുക, സർവിസ് കണക്ഷൻ മാറ്റം/കൈമാറ്റം, സർവിസ് കണക്ഷൻ കൺവേർഷൻ മാറ്റം വരുത്തൽ, വിഭാഗം മാറ്റം, ഉപഭോക്താവിന്റെ അഭ്യർത്ഥന പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കൽ, ബില്ലുകൾ അടക്കാത്തതിനാൽ വിച്ഛേദിച്ച കണക്ഷൻ പുനഃസ്ഥാപിക്കൽ, സർവിസ് അവസാനിപ്പിക്കുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകൽ എന്നീ സേവനങ്ങൾക്കാണ് ഓട്ടോമാറ്റിക്കായി നഷ്ടപരിഹാരം നൽകുന്നത്. ഇതുകൂടാതെയുള്ള സേവനങ്ങളിൽ വീഴ്ചവന്നാൽ നഷ്ടപരിഹാരം ആവശ്യപ്പെടാൻ പ്രത്യേക ഓൺലൈൻ പോർട്ടൽ സജ്ജമാക്കണം. ഇതിലൂടെ വിവിധ അപേക്ഷകളുടെ നിജസ്ഥിതി അറിയാനും എടുത്ത തീരുമാനം അറിയാനും അക്കൗണ്ടിലേക്ക് ക്രൈഡിറ്റ് ചെയ്ത നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കാനും സാധിക്കും.
മുൻകൂട്ടി നിശ്ചയിക്കുന്ന വൈദ്യുതി തടസ്സം 24 മണിക്കൂർ മുമ്പെങ്കിലും അറിയിക്കണം. ഒരു ദിവസം പരമാവധി 10 മണിക്കൂറിൽ കൂടുതൽ മുടങ്ങരുത്. ഡീസൽ ജനറേറ്ററുകൾ ഒഴിവാക്കി ശുദ്ധമായ ഊർജ കരുതൽ സംവിധാനത്തിലേക്ക് മാറാനുള്ള പദ്ധതി സമർപ്പിക്കാനും കമീഷൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകി.
വൈദ്യുതി പുനഃസ്ഥാപിക്കേണ്ട സമയ പരിധി നഗരം, ഗ്രാമം, ദുർഘടപ്രദേശം ക്രമത്തിൽ
(മണിക്കൂറിൽ)
ഫ്യൂസ് പോയാൽ 4, 6, 8.
ലൈൻ / കേബിൾ തകരാർ 6, 8, 12.
ട്രാൻസ്ഫോമർ തകരാർ 18, 24, 36.
സർവിസ് ലൈൻ/ ഇലക്ട്രിക്കൽ
പ്ലാന്റ് മാറ്റിസ്ഥാപിക്കൽ (ദിവസം):
മീറ്റർ / ലൈൻ 7
എൽ.ടി ലൈൻ 30
എച്ച്.ടി ലൈൻ 45
ട്രാൻസ്ഫോമർ 30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

