റെഗുലേറ്ററി കമീഷൻ തെളിവെടുപ്പിൽ കെ.എസ്.ഇ.ബിക്ക് വിമർശനം
text_fieldsതിരുവനന്തപുരം: 2023-24 സാമ്പത്തിക വർഷത്തെ വരവ് ചെലവ് കണക്കുകൾ അംഗീകരിക്കുന്നതിനുള്ള അപേക്ഷ സംബന്ധിച്ച തെളിവെടുപ്പിൽ കെ.എസ്.ഇ.ബിക്കെതിരെ കടുത്ത വിമർശനവുമായി റെഗുലേറ്ററി കമീഷൻ. വൈദ്യുതി വാങ്ങൽ, അധികമുള്ളപ്പോൾ വിൽക്കൽ എന്നിവയിലെ രീതികളോട് വിയോജിച്ച കമീഷൻ, ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ വ്യക്തമാക്കാനാവശ്യപ്പെട്ടു.
ഉൽപാദന മേഖലയിലടക്കം പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാത്തത് ബാധ്യത വർധിപ്പിക്കുകയാണെന്നും കമീഷൻ ചൂണ്ടിക്കാട്ടി. സീനിയറായ ഉദ്യോഗസ്ഥരെക്കാൾ പ്രായം പൂർത്തിയാക്കാത്ത പല പദ്ധതികൾക്കുണ്ട്. വിതരണ മേഖലയിലും പ്രശ്നങ്ങൾ നിലനിൽക്കുന്നു. മലപ്പുറം, കാസർകോട്, ഇടുക്കി ജില്ലകളിൽ ആവശ്യാനുസരം വൈദ്യുതി എത്തിക്കാനാവുന്നില്ല. പദ്ധതി നിർവഹണത്തൽ ഏകോപനമില്ല. വാങ്ങുന്ന വൈദ്യുതി വിതരണം ചെയ്യാനാവുന്നില്ലെന്നത് ഗൗരവമുള്ളതാണ്. ചോദിക്കുന്ന പല വിവരങ്ങളിലും കൃത്യമായ മറുപടികൾ സമർപ്പിക്കുന്നില്ലെന്നും കമീഷൻ കുറ്റപ്പെടുത്തി.
അഭ്യന്തര വൈദ്യുതി ഉൽപാദനത്തിലും കുറവുണ്ടായി. നഷ്ടമുണ്ടാക്കുന്ന വിധം വൈദ്യുതി വാങ്ങൽ, വിൽക്കൽ തുടങ്ങിയവയിൽ തീരുമാനമെടുക്കുന്നതാരെന്ന് ചോദിച്ച കമീഷൻ, തെറ്റായ തീരുമാനങ്ങളെടുത്തത് കോർ ഗ്രൂപ്പാണോ ഏതെങ്കിലും വ്യക്തിയാണോ എന്നും ആരാഞ്ഞു. ഇത്തരം തീരുമാനങ്ങൾക്ക് മിനിറ്റ്സ് ഉണ്ടോയെന്ന ചോദ്യത്തിന് കോർ കമ്മിറ്റിയുണ്ടെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

