തൊഴിലുറപ്പ് കരാർ ജീവനക്കാരുടെ സ്ഥിരനിയമനം സാധ്യമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്
text_fieldsകോഴിക്കോട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ (എം.ജി.എൻ.ആർ.ഇ.ജി.എസ്) അനുവദിക്കപ്പെട്ട തസ്തികകളിലല്ലാതെ സ്ഥിരനിയമനം സാധ്യമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ്. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരുന്ന ജീവനക്കാരുടെ സേവനം സ്ഥിരപ്പെടുത്തണമെന്ന ആവശ്യം സംസ്ഥാന സർക്കാർ തള്ളി. ആദ്യ നിയമന തീയതി മുതൽ മുൻകാല പ്രാബല്യത്തോടെ സ്ഥിരപ്പെടുത്തണമെന്നും, പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സമർപ്പിച്ച നിവേദനമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവിലൂടെ നിരസിച്ചത്. പത്തും അതിലധികവും വർഷമായി തുടർച്ചയായി ജോലി ചെയ്യുന്നുവെന്നും ഓരോ കരാറിനുമിടയിലെ ഒന്നോ രണ്ടോ ദിവസത്തെ ഇടവേള സേവനത്തിലെ മുടക്കമായി കണക്കാക്കരുതെന്നുമായിരുന്നു ജീവനക്കാരുടെ പ്രധാന വാദം. വിജ്ഞാപനം ചെയ്ത തെരഞ്ഞെടുപ്പ് നടപടികളിലൂടെയാണ് നിയമനം ലഭിച്ചതെന്നും തങ്ങൾ പിൻവാതിൽ നിയമനക്കാരല്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. പദ്ധതിയുടെ ഭരണച്ചെലവിന് കേന്ദ്രഫണ്ടിൽ ആറു ശതമാനം വരെ അനുവദനീയമാണെങ്കിലും 2024-25ൽ 4.75 ശതമാനം മാത്രമേ ചെലവുണ്ടായിരുന്നിട്ടുള്ളൂവെന്നും അതിനാൽ തങ്ങളെ സ്ഥിരപ്പെടുത്തിയാൽ സംസ്ഥാന സർക്കാരിന് അധിക ബാധ്യത ഉണ്ടാകില്ലെന്നും പരാതിക്കാർ വാദിച്ചു.
തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ അനുവദിക്കപ്പെട്ട സ്ഥിരം തസ്തികകൾ ഒന്നും സൃഷ്ടിച്ചിട്ടില്ലെന്നും പദ്ധതി നടത്തിപ്പിനായി കരാറിൽ നിയമിച്ചവരെ സർക്കാർ സർവിസിൽ ഉൾപ്പെടുത്താൻ നിയമപരമായ ഒരു അവകാശവുമില്ലെന്നും സർക്കാർ വ്യക്തമാക്കി. കരാർ നിയമനത്തിനുള്ള തെരഞ്ഞെടുപ്പിനെ പി.എസ്.സി വഴിയുള്ള സ്ഥിരനിയമനവുമായി തുലനം ചെയ്യാനാകില്ല. സ്ഥിരപ്പെടുത്തുമെന്ന ഉറപ്പ് നിയമന സമയത്തോ, അതിനു ശേഷമോ നൽകിയിട്ടില്ല. യാത്രാബത്ത, ആർജിത അവധി തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നുവെന്നത് കരാർ നിയമനം എന്നതിന്റെ സ്വഭാവം മാറ്റുന്നില്ലെന്നും ഉത്തരവിൽ പറയുന്നു. അഹാഡ്സിൽ പട്ടികജാതി വിഭാഗത്തിലെ 13 പേരെയും ഡി.ആർ.ഡി.എയിലെ നാല് പേരെയും സ്ഥിരപ്പെടുത്തിയത് പ്രത്യേക സാഹചര്യങ്ങളിൽ മാത്രമെടുത്ത തീരുമാനങ്ങളായിരുന്നുവെന്നും, അവ കീഴ്വഴക്കമാക്കിയാൽ മറ്റ് പദ്ധതികളിലെ കരാർ ജീവനക്കാരും സമാന ആവശ്യവുമായി രംഗത്തെത്തുമെന്നുമാണ് തദ്ദേശവകുപ്പിന്റെ വിശദീകരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

