
സാധാരണ ട്രെയിൻ സർവിസുകൾ വൈകുന്നു; സ്ഥിരം യാത്രക്കാർ ദുരിതത്തിൽ
text_fieldsതിരുവനന്തപുരം: സാധാരണ നിലയിലുള്ള ട്രെയിൻ സർവിസുകൾ എന്ന് മുതൽ പുനരാരംഭിക്കുമെന്നത് സംബന്ധിച്ച് വ്യക്തമായ വിവരമില്ലാതായതോടെ യാത്രക്കാർ പ്രതിസന്ധിയിൽ. സീസെണെടുത്തും മറ്റും പ്രതിദിനം ട്രെയിനുകളെ ആശ്രയിച്ചിരുന്നവരാണ് ഏറെ പ്രയാസപ്പെടുന്നത്. ഒാഫിസുകളും സ്വകാര്യ സ്ഥാപനങ്ങളും മറ്റും തുറന്നതോടെ യാത്രാവശ്യകത വർധിച്ചിട്ടുണ്ട്. എന്നാൽ ഇതിന് അനുസരിച്ച് യാത്രാസൗകര്യവുമില്ലാത്തതാണ് പ്രതിസന്ധി. ശരാശരി 300 രൂപക്ക് സീസൺ ടിക്കറ്റ് എടുത്ത് യാത്ര ചെയ്തിരുന്നവർക്ക് ഇപ്പോൾ 3000 മുതൽ 5000 രൂപ വരെയാണ് പ്രതിമാസം ബസുകൾക്കും മറ്റ് സ്വകാര്യവാഹനങ്ങൾക്കുമായി ചെലവഴിക്കേണ്ടി വരുന്നത്.
ആശ്രയിക്കാവുന്ന െക.എസ്.ആർ.ടി.സിയാകെട്ട യാത്രക്കാരെ നിർത്തി യാത്ര ചെയ്യാൻ അനുവദിക്കുന്നുമില്ല. ജനശതാബ്ദി ട്രെയിനുകളും വേണാട്, ചെന്നൈ മെയിൽ, ആലപ്പുഴ-ചെന്നൈ, കേരള, മംഗള, രാജധാനി, ബംഗളൂരു ഐലൻഡ് ഉൾപ്പെടെ ട്രെയിനുകൾ സർവിസ് ആരംഭിച്ചെങ്കിലും കേരളത്തിനുള്ളിൽ യാത്രക്കാർ കുറവാണ്. മാത്രമല്ല സീസൺ ടിക്കറ്റോ മറ്റ് ആനുകൂല്യങ്ങളോ അനുവദിക്കാതെ സ്പെഷൽ സർവിസുകളായാണ് ഒാടുന്നത്.
പാസഞ്ചർ ട്രെയിനുകൾ പുനരാരംഭിക്കുന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. എന്നാൽ ഏത് സമയവും പ്രതിദിന ട്രെയിൻ സർവിസുകൾ പുനരാരംഭിക്കുന്നതിന് സജ്ജമായിരിക്കാൻ ഡിവിഷനുകളോട് റെയിൽവേ ബോർഡ് നിർദേശം നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് കോച്ചുകളും സ്റ്റേഷനുകളുമെല്ലാം അണുമുക്തമാക്കി സർവിസുകൾക്കുള്ള മുന്നൊരുക്കങ്ങൾ തിരുവനന്തപുരം ഡിവിഷനുകളിൽ പൂർത്തിയാക്കിയിട്ടുണ്ട്. ആവശ്യകതക്ക് അനുസരിച്ച് ഘട്ടംഘട്ടമായി സർവിസുകൾ ആരംഭിക്കുമെന്നാണ് വിവരം.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളുടെെയല്ലാം റേക്കുകൾ അറ്റകുറ്റപ്പണി തീർത്ത് സർവിസ് സജ്ജമാക്കിയിട്ടുണ്ട്. ഒാപറേറ്റിങ് വിഭാഗം ജീവനക്കാരെല്ലാം ഹെഡ് ക്വാർേട്ടഴ്സുകളിലുണ്ട്. തിരുവനന്തപുരം, നാഗർകോവിൽ, കൊച്ചുവേളി, എറണാകുളം, ഷൊർണൂർ എന്നിവിടങ്ങളിലെ യാർഡുകളിലാണ് ഇപ്പോൾ റേക്കുകളുള്ളത്.
ഡൽഹിയിലേക്കുള്ളതടക്കം ഏതാനും ദീർഘദൂര സർവിസുകൾ രണ്ടോ മൂന്നോ ദിവസം വൈകുമെന്നതൊഴിച്ചാൽ നിർദേശം ലഭിച്ചാലുടൻ മറ്റ് ട്രെയിനുകളെല്ലാം ഒാടിത്തുടങ്ങാൻ സജ്ജമാണെന്നാണ് തിരുവനന്തപുരം ഡിവിഷെൻറ വിലയിരുത്തൽ.