പരേതരായ ദമ്പതികളുടെ വിവാഹം 15 വർഷത്തിനുശേഷം രജിസ്റ്റർ ചെയ്യാൻ ഉത്തരവ്
text_fieldsതിരുവനന്തപുരം: പരേതരായ ദമ്പതികളുടെ വിവാഹം രജിസ്റ്റർ ചെയ്യാൻ തദ്ദേശ വകുപ്പിന്റെ ഉത്തരവ്. മാതാപിതാക്കൾ നഷ്ടമായ കുട്ടിയുടെ ഭാവി ആവശ്യങ്ങൾക്കാണ് മരണപ്പെട്ട ദമ്പതികളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകിയത്. മുല്ലൂർ നെല്ലിക്കുന്ന് ആരാധ്യ ഭവനിൽ കെ. ജ്ഞാനദാസ് സർപ്പിച്ച അപേക്ഷയിലാണ് തീരുമാനം എടുത്തത്.
കെ. ജ്ഞാനദാസിന്റെ മകൾ ജോളി പി. ദാസും എസ്. അജി കുമാറും തമ്മിൽ 2008 ആഗസ്റ്റ് 28നാണ് വിവാഹിതരായത്. ജോളി പി. ദാസ് 2012 ജനുവരി 10നും എസ്. അജികുമാർ 2018 ജനുവരി രണ്ടിനും മരിച്ചു.
2008 ൽ മുല്ലൂർ ചർച്ചിൽ നടന്ന ജോളി പി. ദാസും എസ്. അജികുമാറും തമ്മിലുള്ള വിവാഹം കഴിഞ്ഞ് ഇരുവരും പഞ്ചായത്തിൽ ഒപ്പിട്ടിരുന്നില്ല. പരേതരായ ഈ ദമ്പതികളുടെ വിവാഹം അവരുടെ കുട്ടിയുടെ ഭാവി ആവശ്യങ്ങൾക്കായി രജിസ്റ്റർ ചെയ്യുന്നതിന് തിരുവനന്തപുരം നഗരസഭ വിഴിഞ്ഞം സോണൽ ഓഫീസിൽ ആദ്യം അപേക്ഷ സമർപ്പിച്ചു. എന്നാൽ, സർക്കാരിന്റെ പ്രത്യേക അനുമതി വാങ്ങണമെന്ന് അധികൃതർ മറുപടി നൽകി.
ഈ സാഹചര്യത്തിലാണ് വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് പ്രത്യേക അനുമതി നൽകണമെന്നാവശ്യപ്പെട്ട് കെ. ജ്ഞാനദാസ് അപേക്ഷ സമർപ്പിച്ചത്. കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങളിൽ പരേതരായവരുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് പരാമർശിച്ചിട്ടില്ല. അതിനാൽ പരേതരായ ദമ്പതികളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നത് സംബന്ധിച്ച് സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണെന്ന് പഞ്ചായത്ത് ഡയറക്ടർ കത്ത് നൽകി.
ജോളി പി. ദാസും എസ്. അജികുമാറും തമ്മിലുള്ള വിവാഹം നടന്നത് 2008-ലെ കേരള വിവാഹങ്ങൾ രജിസ്റ്റർ ചെയ്യൽ (പൊതു) ചട്ടങ്ങൾ നിലവിൽ വന്നതിനുശേഷമാണ്. മാതാപിതാക്കൾ നഷ്ടമായ കുട്ടിക്ക് ഭാവിയിലെ വിവിധ ആവശ്യങ്ങൾക്കായി മാതാപിതാക്കളുടെ വിവാഹ സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതിനാൽ പ്രത്യേക കേസായി വിവാഹം രജിസ്റ്റർ ചെയ്യുന്നതിന് അനുമതി നൽകിയാണ് ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

