കേരള സർവകലാശാലയിൽ ഫയൽ നീക്കം സ്തംഭിച്ചു; ഫയൽ അധികാരം രജിസ്ട്രാർക്ക് പുനഃസ്ഥാപിച്ച് സിൻഡിക്കേറ്റ്
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ വി.സിയുടെ നിർദേശം തള്ളി രജിസ്ട്രാർ ഡോ. കെ.എസ്. അനിൽകുമാറിന് ഇ-ഫയലുകൾ കൈകാര്യം ചെയ്യാനുള്ള അധികാരം സിൻഡിക്കേറ്റ് ഇടപെട്ട് പുനഃസ്ഥാപിച്ചു. അനിൽകുമാറിന്റെ രജിസ്ട്രാർ ഐ.ഡി വിച്ഛേദിച്ച് താൽക്കാലിക രജിസ്ട്രാർ ഡോ. മിനി കാപ്പന് മാറ്റി നൽകിയിരുന്നു. എന്നാൽ, സിൻഡിക്കേറ്റംഗങ്ങളുടെ ഇടപെടലിൽ അനിൽകുമാറിന് ഫയലുകൾ ലഭിക്കുന്ന രൂപത്തിലേക്ക് ഡിജിറ്റൽ ഫയൽ കൈമാറ്റ സംവിധാനത്തിൽ വീണ്ടും മാറ്റംവരുത്തി.
സർവകലാശാലയുടെ ഡിജിറ്റൽ ഫയലിങ് സിസ്റ്റം വി.സിയുടെ പൂർണ നിയന്ത്രണത്തിലാക്കണമെന്നും അഡ്മിൻ അധികാരം നൽകിയ നോഡൽ ഓഫിസർമാരെ പിൻവലിക്കണമെന്നുമുള്ള നിർദേശം അംഗീകരിക്കാൻ സേവനദാതാക്കൾ വിസമ്മതിച്ചു. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളുടെ സമ്മർദങ്ങൾക്ക് ഏജൻസി വഴങ്ങിയെന്നാണ് ആരോപണം.
പ്രത്യേക സാഹചര്യത്തിൽ എല്ലാ നോഡൽ ഓഫിസർമാർക്കും നൽകിയ അഡ്മിൻ അധികാരം വിച്ഛേദിക്കാനും സൂപ്പർ അഡ്മിൻ ആക്സസ് വി.സിക്ക് മാത്രമായി നൽകാനുമുള്ള നിർദേശമാണ് സേവനദാതാവായ തിരുവനന്തപുരം ടെക്നോപാർക്കിലെ സ്വകാര്യകമ്പനി അംഗീകരിക്കാതിരുന്നത്. സർവകലാശാല കെൽട്രോണുമായാണ് കരാർ ഒപ്പുവെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ കെൽട്രോണിന്റെ നിർദേശത്തിൽ മാത്രമേ വി.സിയുടെ ഉത്തരവ് നടപ്പാക്കാനാകൂ എന്ന നിലപാടിലാണ് സ്വകാര്യ കമ്പനി.
കെൽട്രോൺ സംസ്ഥാന സർക്കാർ സ്ഥാപനമായതിനാൽ വി.സിയുടെ നിർദേശത്തിനൊപ്പം നിൽക്കില്ല. താൽക്കാലിക രജിസ്ട്രാർ എന്ന നിലയിൽ മിനി കാപ്പൻ വഴി വരുന്ന ഫയലുകൾ മാത്രമേ വി.സി പരിഗണിക്കൂ എന്നതിനാൽ ഫയലുകളുടെ നീക്കം ഏറെക്കുറെ പൂർണമായി തടസ്സപ്പെട്ടിരിക്കുകയാണ്. ഭാവിയിൽ ഇ-ഫയലിങ് സിസ്റ്റത്തിന്റെ ചുമതല ഡിജിറ്റൽ സർവകലാശാലക്ക് കൈമാറുന്ന കാര്യം വി.സിയുടെ പരിഗണനയിലാണ്.
അനിൽ കുമാർ അംഗീകരിച്ച ഫയലുകളിൽ മേൽനടപടി പാടില്ലെന്ന് വി.സി
തിരുവനന്തപുരം: രജിസ്ട്രാർ തലത്തിൽ തീർപ്പുകൽപ്പിക്കേണ്ട ഫയലുകളിൽ ഡോ. അനിൽകുമാർ അംഗീകരിക്കുന്നവയിൽ മേൽനടപടി കൈക്കൊള്ളുന്നതിന് നിയമസാധുതയില്ലെന്ന് വി.സി ജോയന്റ് രജിസ്ട്രാർമാർക്ക് നിർദേശം നൽകി. അനിൽകുമാർ ഒപ്പിട്ടയക്കുന്ന ഫയലുകളിൽ മേൽനടപടി കൈക്കൊള്ളുന്നത് ഗൗരവമായി കാണുമെന്നും വി.സി ഡോ. മോഹനൻ കുന്നുമ്മൽ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

