രജിസ്ട്രാറുടെ സസ്പെൻഷൻ: അധികാരപരിധി ലംഘിച്ചു; പിൻവലിക്കണമെന്ന് വി.സിക്ക് മന്ത്രി ബിന്ദുവിന്റെ കത്ത്
text_fieldsതിരുവനന്തപുരം: കേരള സർവകലാശാല രജിസ്ട്രാർ ഡോ. കെ.എസ്. അനിൽ കുമാറിനെ സസ്പെൻഡ് ചെയ്ത വൈസ് ചാൻസലറുടെ നടപടി അധികാരപരിധി ലംഘിച്ചാണെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു. സസ്പെൻഷൻ അടിയന്തരമായി പിൻവലിക്കണമെന്നും പ്രോ-ചാൻസലർ കൂടിയായ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വി.സിക്ക് കത്ത് നൽകി. വൈസ് ചാൻസലറുടെ ചുമതലയുള്ള ഡോ. സിസാ തോമസിനാണ് മന്ത്രി നിർദേശം നൽകിയത്.
വൈസ്ചാൻസലർക്ക് രജിസ്ട്രാറെ സസ്പെൻഡ് ചെയ്യാൻ അധികാരമില്ലെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. സസ്പെൻഷൻ നടപടിക്രമം വി.സി ഡോ. മോഹനൻ കുന്നുമ്മൽ പ്രോ-ചാൻസലർ എന്ന നിലയിൽ മന്ത്രിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുള്ള മറുപടിയായാണ് സസ്പെൻഷൻ പിൻവലിക്കാൻ നിർദേശിച്ച് മന്ത്രി കത്ത് നൽകിയത്. മോഹനൻ കുന്നുമ്മൽ വിദേശത്ത് പോയതിനാൽ ജൂലൈ എട്ടു വരെ സിസ തോമസിനാണ് വി.സിയുടെ ചുമതല.
കേരള സർവകലാശാല നിയമ പ്രകാരം, സിൻഡിക്കേറ്റ് നിയമിക്കുന്ന ഉദ്യോഗസ്ഥനാണ് രജിസ്ട്രാറെന്നും അച്ചടക്ക നടപടികളും സസ്പെൻഷൻ ഉത്തരവുകളും പുറപ്പെടുവിക്കാൻ സിൻഡിക്കേറ്റിന് മാത്രമാണ് അധികാരമെന്നും മന്ത്രി വ്യക്തമാക്കി. വി.സിയുടെ നടപടി ബാഹ്യ സമ്മർദത്താലാണെന്ന് ന്യായമായും അനുമാനിക്കാം. സസ്പെൻഷൻ പോലുള്ള അടിയന്തര നടപടി ആവശ്യമായ ഒരു സാഹചര്യവും സർവകലാശാലയിൽ നിലവിലുണ്ടായിരുന്നില്ല. വി.സിയുടെ നടപടി സർവകലാശാലയുടെയും ഉന്നതവിദ്യാഭ്യാസ മേഖലയുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

