മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ സെപ്തംബർ നാലു മുതൽ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ നടത്താൻ മന്ത്രിസഭ തീരുമാനം. ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിതമായി പദ്ധതി നിർവഹണം ഉറപ്പാക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേരിട്ട് ജില്ലകളിലേക്ക് എത്തുന്നു.
ജില്ലയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനും മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ സെപ്തംബർ നാല്, ഏഴ്,11, 14 തീയതികളിൽ കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നടക്കും. തുടർന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലിസ് ഓഫീസർമാരുടെ യോഗവും ചേരും.
മേഖലാ അവലോകന യോഗങ്ങളുടെ ഭാഗമായി കലക്ടർമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ പരിഗണിക്കേണ്ട കാര്യങ്ങൾ ജൂൺ 30 ന് മുമ്പ് തയാറാക്കും. ആദ്യഘട്ടത്തിൽ താഴെ പറയുന്ന പ്രവൃത്തികളാണ് പരിഗണിക്കുക. അടിസ്ഥാന സൗകര്യ വികസനമുൾപ്പെടെയുളള പദ്ധതികളുടെ പുരോഗതി. ക്ഷേമ പദ്ധതികളുടേയും പരിപാടികളുടേയും സ്ഥിതിവിവരങ്ങളും വിലയിരുത്തലും പരിഹാരങ്ങളും. കേന്ദ്രാവിഷ്കൃത പദ്ധതികൾ വിലയിരുത്തും.
ജില്ല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾ- ശില്പശാല സംഘടിപ്പിക്കും
സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റേയും വിവിധ പദ്ധതികൾക്കാവശ്യമായ ഭൂമി ഏറ്റെടുക്കൽ പുരോഗതി (ദേശീയ പാത വികസനം, മലയോര തീരദേശ ഹൈവേ, ദേശീയ ജലപാത, ബൈപാസ്, റിംഗ് റോഡുകൾ, മേൽപാലങ്ങൾ) , ജില്ലയിലെ പൊതു സ്ഥാപനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ (പൊതു വിദ്യാലയങ്ങൾ, പൊതു ജനാരോഗ്യ കേന്ദ്രങ്ങൾ, ആശുപത്രികൾ, അങ്കണവാടികൾ, സിവിൽ സ്റ്റേഷനുകൾ), സർക്കാരിന്റെ നാല് മിഷനുകളുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ നിലവിലെ സ്ഥിതി, പരിപാലനം, പുരോഗമിക്കുന്ന പദ്ധതികൾ, ലൈഫ് -പുനർഗേഹം പദ്ധതിയുടെ സ്ഥിതി വിവരം, മലയോര / തീരദേശ ഹൈവേ , ദേശീയ ജലപാത ജില്ല അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങൾ കണ്ടെത്തുന്നതിന് ഇതുമായി ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി കലക്ടർമാർ ശില്പശാല സംഘടിപ്പിക്കും.
രണ്ടാം ഘട്ടം
അവലോകന യോഗത്തിൽ പരിഗണിക്കേണ്ട വിഷയങ്ങളെ പ്രാധാന്യമനുസരിച്ച് മുന്നായി തരംതിരിക്കും. ഒന്ന്. സർക്കാർ തലത്തിൽ തീരുമാനം എടുക്കേണ്ടവ, വിവിധ വകുപ്പുകളുമായി ചർച്ച ചെയ്ത് പരിഹരിക്കാവുന്നവ. രണ്ട്. ജില്ലകളിൽ പരിഹരിക്കാവുന്നവ, ജില്ലാതലത്തിൽ വിവിധ വകുപ്പുകളുടേയും ഏജൻസികളുടേയും ഏകോപനത്തിലൂടെ പരിഹരിക്കാവുന്നവ. മൂന്ന്. രണ്ട് ഗണത്തിലും ഉൾപെടാത്ത സാധാരണ വിഷയമായി പരിഗണിക്കേണ്ടത്.
സെക്രട്ടറിതല അവലോകനം
ഓരോ വകുപ്പുമായി ബന്ധപ്പെട്ട് കലക്ടർമാർ തെരഞ്ഞെടുക്കുന്ന വിഷയങ്ങൾ അതാത് സെക്രട്ടറിമാർ പരിശോധിച്ച് ജില്ലാതലത്തിലും സർക്കാർ തലത്തിലും പരിഹരിക്കേണ്ടവ കണ്ടെത്തി അവലോകനം നടത്തും.
മൂന്നാം ഘട്ടം
സെപ്റ്റംബർ നാല് മുതൽ 14 വരെയുള്ള മൂന്നാം ഘട്ടത്തിൽ ഓരോ മേഖലയിലും നടക്കുന്ന അവലോകന യോഗങ്ങളിൽ ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുക്കും. തുടർന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന മേഖലാ യോഗങ്ങളിൽ ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളും. ഇത്തരത്തിൽ കൈക്കൊള്ളുന്ന തീരുമാനം സംബന്ധിച്ച് 48 മണിക്കൂറിനുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യും.
കലക്ടർമാർ ജില്ലാതലത്തിൽ കണ്ടെത്തുന്ന വിവിധ വിഷയങ്ങൾ സമർപ്പിക്കുന്നതിനും വകുപ്പ് സെക്രട്ടറിമാർക്ക് നിരീക്ഷിക്കുന്നതിനും വകുപ്പുകൾക്ക് നടപടിയായി കൈമാറുന്നതിനും സാധ്യമാകുന്ന തരത്തിൽ സോഫ്റ്റ് വെയറും തയാറാക്കും.
സെപ്റ്റംബർ നാലിന് - കോഴിക്കോട് ( കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകൾ), ഏഴിന് - തൃശ്ശൂർ ( പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകൾ), 11ന് - എറണാകുളം ( എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകൾ), 14ന് - തിരുവനന്തപുരം ( തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ) എന്നിങ്ങനെയാണ് മേഖല യോഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

