Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്മാർട്ട് നഗരത്തിലെ ‘അഭയാർഥി ജീവിതങ്ങൾ’...; വാഗ്ദാനങ്ങൾ വഴിയാധാരമാക്കിയ 25 കുടുംബങ്ങൾ

text_fields
bookmark_border
സ്മാർട്ട് നഗരത്തിലെ ‘അഭയാർഥി ജീവിതങ്ങൾ’...; വാഗ്ദാനങ്ങൾ വഴിയാധാരമാക്കിയ 25 കുടുംബങ്ങൾ
cancel
camera_alt

കാ​റ്റും വെ​ളി​ച്ച​വും ക​ട​ക്കാ​ത്ത കരിമഠം കോളനി

തിരുവനന്തപുരം: പനമ്പ് കൊണ്ട് നാലുപാടും കെട്ടിമറച്ചിട്ടുണ്ട്. മുറിയെന്ന് പൂർണമായി പറയാനാവില്ല. കാറ്റും വെളിച്ചവും കടക്കാത്ത ഈ ‘കുടുസ്സി’ലാണ് പാചകവും ഉറക്കവുമെല്ലാം. ഒന്നല്ല, 25 കുടുംബങ്ങൾ...! നഗരത്തിന്‍റെ പളപളപ്പുകൾക്ക് നടുവിൽ സ്വന്തമായി വീടെന്ന സ്വപ്നവും നെഞ്ചേറ്റി മുഖവുരയും അവതാരികയും വേണ്ടാത്ത ദുരിത പർവങ്ങളിൽ ഇവർ ഞെരുങ്ങിയമരാൻ തുടങ്ങിയിട്ട് വർഷംമൂന്നര പിന്നിടുന്നു. കരിമഠത്തെ പൊളിഞ്ഞുവീഴാറായ വീടുകൾക്ക് പകരം വിശാല സൗകര്യങ്ങളുള്ള ഫ്ലാറ്റുകൾ നൽകാമെന്ന കോർപറേഷന്‍റെ വാഗ്ദാനത്തിൽ 200ഓളം കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത് മുതലാണ് ഈ നീറുന്ന കാഴ്ചകളുടെ തുടക്കം.

200ൽ സ്വന്തമായി വാടക കൊടുക്കാൻ ത്രാണിയുള്ള 175 കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് പോയി. എന്നാൽ വാടകക്ക് പാങ്ങില്ലാത്ത നിസ്സഹായരായ 25 കുടുംബങ്ങളെ കരിമഠത്തിനുള്ളിലെ തന്നെ കോർപറേഷന്‍റെ പഴയ കല്യാണമണ്ഡപത്തിലാണ് അസൗകര്യങ്ങൾക്കൊപ്പം പനമ്പ് തട്ടികൾ കൊണ്ട് വേർതിരിച്ച മുറികളിൽ പാർപ്പിച്ചത്. മറുഭാഗത്ത് കുടിയൊഴിപ്പിച്ച വീടുകൾ ഇടിച്ചുനിരത്തിയതല്ലാതെ നിർമാണത്തിനുള്ള ഒരു നടപടിയും ആരംഭിച്ചിട്ടില്ല. എന്ന് ഫ്ലാറ്റ് നിർമാണം തുടങ്ങുമെന്നോ, സ്വന്തം വീട്ടിൽ എന്ന് തങ്ങൾക്ക് അന്തിയുറങ്ങാനാകുമെന്നോ ഈ പാവങ്ങൾക്ക് ഒരറിവുമില്ല.

സ്വന്തം കൂരയിൽ പത്ത് ദിവസമെങ്കിലും കിടന്നുറങ്ങിയിട്ട് വേണം കണ്ണടയ്ക്കാനെന്ന് കണ്ണീരുകൊണ്ട് കുതിർന്നു വീഴാൻ പാകത്തിലായ വാക്കുകളിൽ മുറികളിലൊന്നിലെ താമസക്കാരിയായ ബീമ പറയുമ്പോൾ കേട്ടുനിൽക്കുന്നവരുടെയും നെഞ്ചുപിടയും. ആരെങ്കിലും മരിച്ചാൽ മൃതദേഹം വെയ്ക്കാനുള്ള സൗകര്യംപോലും ഇവിടില്ല. കല്യാണമണ്ഡപത്തിന് മുന്നിലെ റോഡിൽ പൊതുദർശനം നടത്തലേ നിവർത്തിയുള്ളൂ. സ്മാർട്ട് സിറ്റിയായി മാറാൻ കുതിക്കുന്ന തിരുവനന്തപുരം നഗരത്തിന്റെ വികസനരേഖകളിൽ, ഈ പാവങ്ങളുടെ വിലാപങ്ങൾ ബോധപൂർവം മായ്ച്ചുകളയുകയാണോ എന്ന ചോദ്യവും ശക്തമാണ്.

ഈ ഇട്ടാവട്ടത്തിലുണ്ട്, നെഞ്ച് പുകയുന്ന കാഴ്ചകൾ

ഒരു കട്ടിലും മേശയും ഗ്യാസ് അടുപ്പ് വെക്കാനുള്ള ചെറിയ തട്ടും പിന്നെ കുറേ തുണി നിറഞ്ഞ പ്ലാസ്റ്റിക് സഞ്ചികളുമടങ്ങുന്ന ഇവരുടെ ആഡംബരങ്ങൾക്കും സമ്പാദ്യങ്ങൾക്കും ആകെയുള്ളത് ഈ ഇട്ടാവട്ടമാണ്. നെഞ്ചു പുകയാതെ ഈ കുടുസ്സു മുറികളിലെ ദുരിത ജീവിതങ്ങളെ കണ്ടിറങ്ങാനാവില്ല. അത്രത്തോളം പരിതാപകരമാണ് സാഹചര്യങ്ങൾ. പഴയ കല്യാണമണ്ഡപത്തിന്റെ താഴത്തെ നിലയിൽ ഏഴ് കുടുംബങ്ങളാണുള്ളത്. കെട്ടിടത്തിന് യഥാർഥത്തിൽ ഒരു നില മാത്രമേയുള്ളൂ. ടെറസിന് മുകളിൽ തകരഷീറ്റ് മേഞ്ഞാണ് മുകളിലത്തെ നില ഒരുക്കിയിരിക്കുന്നത്. ചുട്ടുപൊള്ളുന്ന ഈ മേൽക്കൂരയ്ക്കടിയിലാണ് ബാക്കി 18 കുടുംബങ്ങൾ. കട്ടിലും മേശയുമെല്ലാം നിരത്തിയിട്ടാൽ പിന്നെ മുറിയിൽ നിന്നുതിരിയാനുളള ഇടമില്ല. സാധനങ്ങൾ പലയിടത്തായി തിരുകി വെക്കണം. പലരും കട്ടിലിന്റെ കാലിലാണ് തുണികളടക്കം നിറച്ച സഞ്ചികൾ തൂക്കിയിട്ടിരിക്കുന്നത്. താമസക്കാരിൽ രണ്ട് പേർ അർബുദ രോഗത്തിന് ചികിത്സയിലുള്ളവരാണ്. ഇൻഫെക്ഷൻ സാധ്യതയുള്ള സാഹചര്യങ്ങളാണെങ്കിലും മാറിത്താമസിക്കാൻ മറ്റ് വഴികളില്ലാത്തതിനാൽ ഇവരും ഇവിടെ തുടരുകയാണ്. ഇതിന് പുറമേ പ്രായാധിക്യംമൂലം പ്രയാസപ്പെടുന്നവരും മറ്റ് രോഗികളുമെല്ലാം അന്തേവാസികളായുണ്ട്.

മുറ്റമില്ലാത്തവരുടെ ചെടികൾ

എല്ലാം നഷ്ടപ്പെട്ടപ്പോഴും ഈ മനുഷ്യർ ഓർമകളുടെയും പ്രതീക്ഷകളുടെയും ചില തുരുത്തുകൾ കാത്തുസൂക്ഷിക്കുന്നുണ്ട്. സ്വന്തം വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടപ്പോൾ നെഞ്ചോട് ചേർത്ത് കൊണ്ടുവന്ന കുടുംബചിത്രങ്ങളും അലങ്കാരചിത്രങ്ങളും പരിമിതികളുടെ ഈ പനമ്പുതട്ടികളിൽ തൂക്കിയിട്ട്, ഇല്ലായ്മകൾക്കിടയിലും തങ്ങളുടേതായ കുഞ്ഞു സന്തോഷങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണവർ. ചില മുറികൾക്കുള്ളിൽ കൂടുകളിൽ തത്തകളുണ്ട്.

മരിച്ചുപോയവരുടെ ചിത്രങ്ങൾ ഭിത്തിയിൽ തൂക്കാൻ കഴിയാത്തതുകൊണ്ട്, അവ ഒരു കസേരയിൽ വെച്ച് മാലചാർത്തി ആദരവോടെ സൂക്ഷിക്കുന്നവരെയും കാണാം. ഇടിച്ചുനിരത്തപ്പെട്ട സ്വന്തം വീടിന്റെ മുറ്റത്ത് നിന്നും, ഉപേക്ഷിക്കാൻ മനസ്സുവരാതെ കൊണ്ടുവന്ന ചെടികളുണ്ട് ഈ മുറികൾക്ക് പുറത്ത്. തങ്ങളുടെ വേരുകൾ നഷ്ടപ്പെട്ടെങ്കിലും, ആ ചെടികളെ നട്ടുനനച്ച് വളർത്തുമ്പോൾ എന്നെങ്കിലുമൊരിക്കൽ തങ്ങൾക്കും സ്വന്തമായി ഒരു മുറ്റമുണ്ടാകുമെന്ന പ്രതീക്ഷക്ക് വെള്ളമൊഴിക്കുകയാണവർ.

പൈപ്പില്ല, പാചകത്തിന് ശുചിമുറികളിലെ വെള്ളം

ശുദ്ധജലത്തിനായി ഈ മനുഷ്യർ അനുഭവിക്കുന്ന ഗതികേട് നഗരത്തിന്റെ മനസാക്ഷിയെത്തന്നെ മരവിപ്പിക്കുന്നതാണ്. മുറികളിലേക്കൊന്നും പൈപ്പ് കണക്ഷനില്ല. ബാത്ത്റൂമുകളിലേക്കെത്തുന്ന വെള്ളമാണ് പാചകത്തിനുള്ള ആശ്രയം. ബാത്ത് റൂം ഉപയോഗം കഴിയുന്ന ഇടവേളകളിൽ ഇവിടെ കാത്ത് നിന്ന് ബക്കറ്റിലും ചെറിയ പാത്രങ്ങളിലും വെള്ളം പിടിക്കണം. ബാത്ത്റൂമുകൾ ഒഴിയുന്ന നിമിഷങ്ങൾക്കായി കാത്തുകെട്ടിക്കിടക്കുന്ന ഈ മനുഷ്യരുടെ നിസ്സഹായത ആരുടെയും കണ്ണ് നനയിക്കും. മുറികളിലോ പരിസരത്തോ കൈ കഴുകാൻ ഒരു വാഷ് ബേസിൻ പോലുമില്ല എന്നത് ഇവരുടെ ദുരിതങ്ങളുടെ ആഴം കൂട്ടുന്നു. ഭക്ഷണം പാകം ചെയ്ത പാത്രങ്ങളും കഴിച്ച ശേഷമുള്ള എച്ചിൽ പാത്രങ്ങളും കഴുകി വെടിപ്പാക്കണമെങ്കിൽ വീണ്ടും ഇതേ ശൗചാലയങ്ങൾ തന്നെയാണ് ശരണം.

പാചകം ചെയ്യാനും എച്ചിൽ കഴുകാനും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്ന അതേ ഇടത്തെ ആശ്രയിക്കേണ്ടി വരുന്നത് എത്ര വലിയ ക്രൂരതയാണ്. ഇക്കാര്യം പലവുരു ചൂണ്ടിക്കാട്ടിയതിന്‍റെ അടിസ്ഥാനത്തിൽ ഒരു മാസം മുമ്പ് കോർപറേഷൻ സെക്രട്ടറി സ്ഥലം സന്ദർശിച്ചു. അടിയന്തരമായി ഏതാനും ടാപ്പുകൾ റൂമുകൾക്ക് സമീപം സ്ഥാപിച്ചു. പക്ഷേ നാളുകൾ പിന്നിട്ടും ഇതിൽ വെള്ളമെത്തിയിട്ടില്ല. ശുചിമുറികളിലെ ടാപ്പുകളിൽ ചിലദിവസങ്ങളിൽ വെള്ളമെത്താറില്ല. ഈ ദിവസങ്ങളിൽ അക്ഷരാർഥത്തിൽ നരകയാതനയിലാകും അന്തേവാസികൾ. 25 കുടുംബങ്ങളിലെ 100 ഓളം പേർക്ക് ആകെയുള്ളത് വിരലിലെണ്ണാവുന്ന ശുചിമുറികളാണെന്നതും ഇതിനോട് ചേർത്തു കാണണം. കല്യാണമണ്ഡപത്തിന് തൊട്ടരികിൽ ഡമ്പിങ് യാർഡ് പോലെ പ്ലാസ്റ്റിക്കും മാലിന്യങ്ങളും കൂട്ടിയിട്ടിരിക്കുകയാണ്. എപ്പോഴും പകർച്ചവ്യാധി ഭീഷണിയാണ് ഈ മാലിന്യക്കാഴ്ച. രണ്ടാംനിലയിലേക്ക് കയറുന്ന ഇരുമ്പുകോണിയിൽ നിന്ന് താഴേക്ക് നോക്കിയാൽ കാണുന്ന കാഴ്ച മനസ് മരവിപ്പിക്കുന്നതാണ്. ശുചിമുറികളിൽ നിന്നുള്ള പൈപ്പ് പൊട്ടിയതിനെ തുടർന്ന് സീവേജ് മാലിന്യം കെട്ടിടത്തോട് ചേർന്ന് പതിക്കുന്ന നിലയിലാണ്.

മുകളിലെ നിലയിലെ ഡ്രെയിനേജ് പൈപ്പുകൾ ചോർന്ന് താഴത്തെ നിലയിലെ മുറികളിലേക്കിറങ്ങുന്ന ദുസ്ഥിതിയുമുണ്ട്. താഴത്തെ നിലയിലെ ഭിത്തിയോട് ചേർന്ന് താമസിക്കുന്ന കുടുംബത്തിന് ഈ ഗതികേട്. പാചകം ചെയ്യുന്ന മേശക്ക് സമീപത്തേക്കാണ് ഡ്രെയിനേജ് വെള്ളം ചോർന്നൊലിച്ചത്. ഇതോടെ പാചകമേശ മറ്റൊരിടത്തേക്ക് മാറ്റി. അപ്പോഴും ചോർച്ചക്ക് പരിഹാരമുണ്ടായിട്ടില്ല. എലിയും പാമ്പുമടക്കം ഇഴ ജന്തുക്കളെ ഭയന്നാണ് ഇവരിൽ പലരും താമസിക്കുന്നത്.

ആഹ്ലാദങ്ങൾ, പുഞ്ചിരിവറ്റിയ കുരുന്ന് മുഖങ്ങൾ

ഓടിനടന്നും കളിച്ചുചിരിച്ചും വളരേണ്ട പ്രായത്തിൽ, കുടുസ്സുമുറികളിൽ കുരുങ്ങിയ നിരവധി കുഞ്ഞുങ്ങളുമുണ്ടിവിടെ. അസൗകര്യങ്ങളുടെ നടുവിൽ ഇവർക്ക് നഷ്ടമാകുന്നത് ഒരിക്കലും തിരികെ കിട്ടാത്ത ആഹ്ലാദങ്ങളുടെ ബാല്യകാലമാണ്. ‘പുറത്തിറങ്ങി കൂട്ടുകാർക്കൊപ്പം ഓടിക്കളിക്കാനൊക്കെ ആഗ്രഹമുണ്ട്, പക്ഷേ ഇവിടെ അതിനൊന്നും സ്ഥലമില്ലല്ലോ...’ ഏഴുവയസുകാരന്‍റെ വാക്കുകളിൽ നിന്ന് ആ കുഞ്ഞുമനസ്സിലെ നിസ്സഹായതയും നിരാശയും പ്രകടം.

മുറിക്ക് പുറത്തേക്കിറങ്ങിയാൽ മാലിന്യവും ദുർഗന്ധവുമൊക്കെയുള്ള സാഹചര്യത്തിൽ ആ കുരുന്നിന്റെ ലോകവും കളികളുമെല്ലാം ആ ഇട്ടാവട്ടത്തിൽത്തന്നെ തളക്കപ്പെട്ടിരിക്കുന്നു. സ്വന്തമായി ഒരു വീട്, സ്വതന്ത്രമായി പഠിക്കാനൊരു മുറി, ഓടിക്കളിക്കാനൊരിടം... ഇതൊക്കെ ഈ കുരുന്നുകൾക്ക് അപ്രാപ്യമായ ആഡംബരങ്ങളായി മാറുകയാണ്. സഹപാഠികൾ സ്വന്തം വീടുകളിലെ സന്തോഷങ്ങളെക്കുറിച്ചും ചെടികളെക്കുറിച്ചുമെല്ലാം വാചാലരാകുമ്പോൾ, ഈ പനമ്പുമറകൾക്കുള്ളിലെ വീർപ്പുമുട്ടലുകളെ ഓർത്ത് കണ്ണുനിറയ്ക്കാനേ ഇവർക്ക് കഴിയുന്നുള്ളൂ.

പ്രക്ഷോഭത്തിന് ഒരുങ്ങി ജനകീയ സമരസമിതി

കരിമഠത്തെ 560 കുടുംബങ്ങൾക്ക് ഫ്ലാറ്റ് നൽകുന്ന വിപുലമായ പദ്ധതിയിലെ അവസാന ഘട്ടങ്ങളാണ് ഈ ദുരവസ്ഥയിലേക്ക് വഴിമാറിയത്. അഞ്ച് ഘട്ടങ്ങളിലായി വിഭാവനം ചെയ്ത പദ്ധതിയിൽ മൂന്ന് ഘട്ടങ്ങളിലായാണ് 360ഓളം പേർക്ക് വീട് നൽകിയത്. ശേഷിക്കുന്ന 200 പേർക്കുള്ള നാലും അഞ്ചും ഘട്ടങ്ങളാണ് അവതാളത്തിലായത്.

ഒന്നര വർഷത്തിനുള്ളിൽ ഫ്ലാറ്റ് നിർമ്മാണം പൂർത്തിയാക്കി കൈമാറുമെന്നായിരുന്നു പ്രഖ്യാപനം. ഈ സാഹചര്യത്തിലാണ് ജനകീയ സമരസമിതി രൂപവത്കരിച്ചത്. ഇതിന്‍റെ ഭാഗമായി സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി സി.പി. ജോൺ, തദ്ദേശ മന്ത്രി കെ.എം. ഷാജി, മുഖ്യമന്ത്രി വി.ഡി. സതീശൻ എന്നിവർക്ക് സമിതി നിവേദനം നൽകി. മേയർ വി.വി. രാജേഷ്, കോർപറേഷൻ സെക്രട്ടറി എന്നിവരുമായി കൂടിക്കാഴ്ചയും നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ‘Refugee Lives’ in the Smart City
Next Story