ആർ.ടി.ഒ ചെക്പോസ്റ്റിലെ പരിഷ്കരണം; പരിശോധിക്കാൻ ആളില്ല, ഇതര സംസ്ഥാന വാഹനങ്ങളുടെ നിയമലംഘനം പെരുകുന്നു
text_fieldsകോഴിക്കോട്: സംസ്ഥാന അതിർത്തികളിലെ മോട്ടോർ വാഹന വകുപ്പ് ചെക്പോസ്റ്റിലെ നിയന്ത്രണം മുതലെടുത്ത് ഇതര സംസ്ഥാന വാഹനങ്ങൾ.
രാത്രികാലങ്ങളിൽ ചെക്പോസ്റ്റുകളിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരില്ലാത്തതും അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ പരിശോധിക്കാൻ ആളില്ലാത്തതും കാരണം നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ എണ്ണം കൂടുകയാണെന്ന് ഉദ്യോഗസ്ഥർതന്നെ സമ്മതിക്കുന്നു. പെർമിറ്റോ ബന്ധപ്പെട്ട രേഖകളോ ഇല്ലാതെയാണ് പല വാഹനങ്ങളും സംസ്ഥാനത്തെത്തുന്നത്.
രണ്ടു മാസം മുമ്പ് ആർ.ടി.ഒ ചെക്പോസ്റ്റുകളിലെ ഭൂരിഭാഗം ജീവനക്കാരെയും പിൻവലിച്ച് മറ്റ് ആർ.ടി.ഒ ഓഫിസുകളിലേക്കും എൻഫോഴ്സ്മെന്റിലേക്കും മാറ്റാൻ ആർ.ടി.ഒമാർക്ക് ട്രാൻസ്പോർട്ട് കമീഷണർ നിർദേശം നൽകുകയും ചെക്പോസ്റ്റുകളിലെ ഓഫിസ് സമയം രാവിലെ ഒമ്പതു മുതൽ അഞ്ചുവരെയാക്കി ക്രമീകരിക്കുകയും ചെയ്തിരുന്നു.
അതിർത്തികളിൽ വാഹനം നിർത്തി പരിശോധിക്കുന്നതിനെതിരെ കേന്ദ്ര മോട്ടോർ വാഹന വകുപ്പ് നിയന്ത്രണം കൊണ്ടുവന്നതിന്റെ ഭാഗമായാണ് പരിഷ്കരണം. പകൽ സമയത്ത് മാത്രമാണ് ആർ.ടി.ഒ ചെക്പോസ്റ്റുകളിൽ ഉദ്യോഗസ്ഥരുള്ളത്.
അതിർത്തി കടന്നെത്തുന്ന വാഹനങ്ങൾ പരിശോധിക്കാൻ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് വിഭാഗത്തെ ശക്തിപ്പെടുത്താനായിരുന്നു നിർദേശം. എന്നാൽ, വേണ്ടത്ര ഉദ്യോഗസ്ഥരോ വാഹനമോ ഇല്ലാത്തതിനാൽ പരിശോധനകൾ നാമമാത്രമാണ്.
അതിർത്തി കടന്ന് ഇതരസംസ്ഥാന ചരക്കുവാഹനങ്ങൾ കൂടുതലും എത്തുന്നത് രാത്രിയാണ്. ഇവ പരിശോധിക്കാൻ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്തതിനാൽ പെർമിറ്റുപോലും ഇല്ലാത്ത വാഹനങ്ങൾ അതിർത്തി കടന്നെത്തി തിരിച്ചുപോവുകയാണ്.
ചെക്പോസ്റ്റുകളിൽനിന്ന് ഉദ്യോഗസ്ഥരെ പിൻവലിച്ചാലും ചെക്പോസ്റ്റുകളിലെ ടാക്സ് വിഭാഗത്തിന്റെ കാമറയുമായി ബന്ധിപ്പിച്ച് വാഹനങ്ങൾ തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്നായിരുന്നു ട്രാൻസ്പോർട്ട് കമീഷണർ ആർ.ടി.ഒമാരെ അറിയിച്ചത്.
എന്നാൽ, രണ്ടുമാസം കഴിഞ്ഞിട്ടും നടപടികളൊന്നുമായില്ല. പരിശോധന കാര്യക്ഷമമാക്കാൻ കഴിയാത്തതുമൂലം സംസ്ഥാനത്തിന്റെ വരുമാനത്തിൽ വൻ ചോർച്ചയാണുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

