പി. ജയരാജന്റെ പുസ്തകത്തിലെ പരാമർശങ്ങൾ: മുഖ്യമന്ത്രിയുടെ വിയോജിപ്പ് ചർച്ചയാകുന്നു
text_fieldsകോഴിക്കോട്: പി. ജയരാജൻ രചിച്ച ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ പുസ്തകത്തോട് പൂർണമായി യോജിക്കുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യ പ്രതികരണം സി.പി.എമ്മിൽ പുതിയ ചർച്ചക്ക് തുടക്കമിട്ടു. സംസ്ഥാന കമ്മിറ്റി അംഗത്തിന് പാർട്ടി നേതൃത്വം അറിയാതെ ഇത്തരമൊരു പുസ്തകമെഴുതാനും പാർട്ടി വീക്ഷണമല്ലാതെ വ്യക്തിപരമായ വീക്ഷണം പ്രസിദ്ധീകരിക്കാനും ആവുമോ എന്നാണ് ഉയരുന്ന ചോദ്യം.
ശനിയാഴ്ച കോഴിക്കോട്ട് പുസ്തകം പ്രകാശനം ചെയ്യവെയാണ് പുസ്തകത്തിലെ പല കാര്യങ്ങളോടുമുള്ള വിയോജിപ്പ് മുഖ്യമന്ത്രി പരസ്യമാക്കിയത്. ‘‘ഈ പുസ്തകത്തിലെ എല്ലാ പരാമർശങ്ങളും ഞാൻ പങ്കുവെക്കുന്നു എന്ന് അർഥമില്ല. രചയിതാവിന് ഓരോ കാര്യത്തെകുറിച്ചും അഭിപ്രായമുണ്ടാവും. ഞങ്ങളിരുവരും ഒരു പ്രസ്ഥാനത്തിൽ പെട്ടവരായതിനാൽ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്ന കാര്യങ്ങളോട് യോജിപ്പാണ്. എന്നാൽ, ജയരാജന്റെ വ്യക്തിപരമായ വിലയിരുത്തലിനോട് വ്യത്യസ്ത വീക്ഷണമാണുള്ളത്’’ ഇതായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഉന്നത കമ്മിറ്റികളിലുള്ളവരുടെ വിവാഹം, വീട് നിർമാണം, പുസ്തക പ്രസിദ്ധീകരണം തുടങ്ങിയവയെല്ലാം നേതൃത്വത്തെ മുൻകൂട്ടി അറിയിക്കണമെന്നാണ് പാർട്ടിരേഖ വ്യക്തമാക്കുന്നത്. ആർഭാട വിവാഹം, ആർഭാട വീട്, പാർട്ടി നിലപാടിന് വിരുദ്ധമായവ പ്രസിദ്ധീകരിക്കൽ എന്നിവയെല്ലാം ഒഴിവാക്കുന്നതിനാണിത്.
ഭൂരിപക്ഷ വർഗീയതയെ ചെറുക്കുന്നപോലെ ന്യൂനപക്ഷ വർഗീയതയെയും ചെറുക്കണമെന്നും ഇക്കാര്യത്തിലെ കാമ്പയിനുകൾ സാധാരണ ജനങ്ങൾക്ക് ബോധ്യമാവുന്ന തരത്തിലാവണമെന്നും പാർലമെന്റ് തെരഞ്ഞെടുപ്പിലെ തോൽവിക്കുശേഷം പാർട്ടി വിലയിരുത്തിയിരുന്നു. എന്നും പാർട്ടിക്കൊപ്പം നിന്ന ഈഴവ വോട്ടിൽ വിള്ളലുണ്ടായതിനാലാണ് ആറ്റിങ്ങലിൽ തോറ്റതും ആലപ്പുഴ, വടകര മണ്ഡലങ്ങളിൽ കനത്ത പരാജയമുണ്ടായതെന്നുമായിരുന്നു വിലയിരുത്തൽ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ പാർട്ടി ഫോക്കസ് ന്യൂനപക്ഷ വിഷയങ്ങളായെന്നും ഇത് ഭൂരിപക്ഷ വിഭാഗങ്ങളിൽ നിന്നുള്ള വോട്ടിൽ വിള്ളലുണ്ടാക്കിയെന്നും കണക്കാക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലുള്ള പുതിയ തന്ത്രത്തിന്റെ ഭാഗമായാണ് ‘കേരളം: മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ പുസ്തകവും ഉള്ളടക്കവും പാർട്ടി തന്നെ ചർച്ചയാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

