മന്ത്രിക്കെതിരായ പരാമർശം; ഒളിമ്പിക് അസോസിയേഷൻ രണ്ട് തട്ടിൽ
text_fieldsതിരുവനന്തപുരം: കേരളത്തിലെ കായികമേഖലയുടെ തകർച്ചക്ക് കാരണം കായികമന്ത്രിയും സംസ്ഥാന സ്പോർട്സ് കൗൺസിലുമാണെന്ന കേരള ഒളിമ്പിക് അസോസിയേഷൻ (കെ.ഒ.എ) പ്രസിഡന്റ് വി. സുനിൽകുമാറിന്റെ പരാമർശത്തെ ചൊല്ലി സംഘടനക്കുള്ളിൽ ഭിന്നത. സുനിൽകുമാറിന്റെ അഭിപ്രായത്തെ തള്ളി സംസ്ഥാന സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റും കെ.ഒ.എ ട്രഷറുമായ എം.ആർ. രഞ്ജിത്ത് രംഗത്തെത്തി. സർക്കാർ വിരുദ്ധ പ്രചാരകരുടെ നാവായി കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് മാറാൻ പാടില്ലായിരുന്നെന്നും സുനിൽകുമാറിന്റെ ആരോപണങ്ങൾ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും രഞ്ജിത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
വ്യക്തിപരമായ അഭിപ്രായങ്ങൾ ആർക്കും പറയാം. പക്ഷേ സംഘടനയുടെ ഭാഗമായി ഇരിക്കുമ്പോൾ സംഘടനയുടെ അഭിപ്രായം പറയണം. കായികമന്ത്രിക്കെതിരെയോ സ്പോർട്സ് കൗൺസിലിനെതിരെയോ വിമർശനം ഉന്നയിക്കുന്നതിന് മുമ്പ് തന്നോടോ സംഘടനയുടെ മറ്റ് ഭാരവാഹികളോടോ ഒരു കൂടിയാലോചനയും സുനിൽകുമാർ നടത്തിയിട്ടില്ല. ഉത്തരവാദത്ത സ്ഥാനങ്ങളിലിരിക്കുന്നവർ ഉത്തരവാദപ്പെട്ട രീതിയിൽ വിമർശനം നടത്തണം.
2021ൽ കായികമന്ത്രിയായി അബ്ദുറഹ്മാൻ ചുമതലയേറ്റടുത്തശേഷം മൂന്ന് ദേശീയ ഗെയിംസ് കഴിഞ്ഞു. എന്തുകൊണ്ട് അന്ന് അനുവദിച്ച തുക പറയുന്നില്ല. മറ്റ് അസോസിയേഷനുകൾക്ക് സുനിൽകുമാറിന്റെ അഭിപ്രായമുണ്ടെന്ന് തോന്നുന്നില്ല. പെട്ടെന്ന് തീരുമാനിക്കപ്പെട്ട ദേശീയ ഗെയിംസിനായി സർക്കാർ നാലരക്കോടി അനുവദിച്ചു. ഇതിൽ ഒന്നരക്കോടി താരങ്ങളുടെ വിമാനയാത്രക്കാണ് ഉപയോഗിച്ചത്.
ഇതെല്ലാം മനസ്സിലാക്കി വേണമായിരുന്നു വിമർശനമെന്നും രഞ്ജിത്ത് പറഞ്ഞു. അതേസമയം നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കേരള ഒളിമ്പിക് അസോസിയേഷന്റെ എക്സിക്യൂട്ടിവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കായികമന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതടക്കമുള്ള വിഷയങ്ങളും അദ്ദേഹത്തിനെതിരെ സുനിൽകുമാർ നടത്തിയ പരാമർശങ്ങളും യോഗത്തിൽ ചർച്ചയാകും.
കായികമന്ത്രിയുടേത് നാക്കുപിഴ; അത് ഹാൻഡ്ബാളല്ല, നെറ്റ് ബാൾ -സ്പോർട്സ് കൗൺസിൽ
തിരുവനന്തപുരം: ദേശീയ ഗെയിംസിൽ ഒത്തുകളി നടന്നെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാൻ ആരോപിച്ചത് വനിതകളുടെ ബീച്ച് ഹാൻഡ്ബാളിനെയല്ലെന്നും നെറ്റ്ബാളിനെതിരെയാണെന്നും സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി. നാക്കുപിഴയാണെന്ന് മന്ത്രി തങ്ങളോട് പറഞ്ഞിരുന്നു. ഇക്കാര്യം എന്തുകൊണ്ട് മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്നില്ലെന്നത് മാധ്യമപ്രവർത്തകർ തന്നെ മന്ത്രിയോട് ചോദിക്കണമെന്നും ഷറഫലി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മെഡലുകൾ കടലിൽ ഉപേക്ഷിക്കാനുള്ള നീക്കത്തിൽനിന്ന് കായികതാരങ്ങൾ പിന്മാറണമെന്ന് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് എം.ആർ. രഞ്ജിത്തും ആവശ്യപ്പെട്ടു.
അതേസമയം വെള്ളിമെഡൽ നേടിയ വനിത ഹാൻഡ്ബാൾ താരങ്ങളെ സംസ്ഥാന സ്പോർട്സ് കൗൺസിലിന് മുന്നിലെത്തിച്ച് പ്രതിഷേധ സമരം സംഘടിപ്പിച്ച തിരുവനന്തപുരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ഹാൻഡ്ബാൾ അസോസിയേഷൻ ഭാരവാഹിയുമായ എസ്.എസ്. സുധീറിനെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്ന് ഇരുവരും അറിയിച്ചു. കായികസംഘടനകൾ സർക്കാർ ഫണ്ട് വാങ്ങി പുട്ടടിച്ചുവെന്ന കായികമന്ത്രിയുടെ വാക്കുകളെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഷറഫലി തള്ളി. മന്ത്രി ഉദ്ദേശിച്ചത് കേരള ഹോക്കിയെയാണെന്നും മറ്റ് അസോസിയേഷനുകളെ അല്ലെന്നും അദ്ദേഹം അറിയിച്ചു. ഹോക്കി അസോസിയേഷന്റെ പ്രസിഡന്റായ സുനിൽകുമാർ ഫണ്ട് വിനിയോഗം സംബന്ധിച്ച കണക്കുകളിൽ പലതിലും സംശയമുണ്ട്. ഇത് കൗൺസിൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒളിമ്പിക് അസോസിയേഷൻ ‘ഒഴിക്കൽ’ അസോസിയേഷൻ ആകരുത് -ഷറഫലി
തിരുവനന്തപുരം: കഴിഞ്ഞ നാലുവർഷമായി സംസ്ഥാനത്തെ സ്പോർട്സ് അസോസിയേഷനുകൾക്ക് കായികവകുപ്പ് ഒരു രൂപപോലും നൽകിയിട്ടില്ലെന്ന കേരള ഒളിമ്പിക് അസോസിയേഷൻ (കെ.ഒ.എ) പ്രസിഡന്റ് വി. സുനിൽകുമാറിന്റെ പ്രസ്താവന വിവരക്കേടും നിലവാരമില്ലാത്തതുമാണെന്ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി. കഴിഞ്ഞ നാലുവർഷത്തിനുള്ളിൽ നാലരക്കോടിയോളം രൂപ സ്പോർട്സ് കൗൺസിൽ മാത്രം അസോസിയേഷനുകൾക്ക് നൽകിയിട്ടുണ്ട്. ഇതിൽ കേരള ഹോക്കി അസോസിയേഷന് മാത്രമായി 23 ലക്ഷം നൽകി. വസ്തുതകൾ ഇതായിരിക്കെ കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് ‘ഒഴിക്കൽ’ അസോസിയേഷൻ പ്രസിഡന്റിന്റെ നിലവാരത്തിലേക്ക് തരംതാഴരുത്.
കായികമന്ത്രിക്കെതിരായ സുനിൽകുമാറിന്റെ പരാമർശം വ്യക്തിപരമാണ്. സുനിൽകുമാറിനെ പിന്തുണച്ച് നാളിതുവരെ ഒരൊറ്റ അസോസിയേഷൻ പോലും രംഗത്തുവന്നിട്ടില്ല. അതിനാൽ സുനിൽകുമാറിന്റെ പ്രസ്താവനയെ ചൈനീസ് പടക്കമായി കണ്ടാൽ മതി. കായികമന്ത്രിയെയും സ്പോർട്സ് കൗൺസിലിനെയും വിമർശിക്കാൻ സുനിൽകുമാർ ആരാണെന്ന് മനസ്സിലാകുന്നില്ല. കേരള ഒളിമ്പിക് അസോസിയേഷന് സർക്കാർ ലക്ഷണകണക്കിന് രൂപ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. സർക്കാറിനെതിരായ സമരത്തിനാണ് ഈ തുക അസോസിയേഷൻ ഉപയോഗിച്ചതെന്നും ഷറഫലി കുറ്റപ്പെടുത്തി.
എന്നാൽ കേരള ഒളിമ്പിക് അസോസിയേഷൻ സർക്കാർ ഗ്രാന്റ് അനുവദിച്ചത് ചട്ടവിരുദ്ധമല്ലേയെന്ന മാധ്യമപ്രവർത്തരുടെ ചോദ്യത്തിൽ നിന്ന് ഷറഫലി ഒഴിഞ്ഞുമാറി. ഇടത് സർക്കാറിന്റെ കാലത്ത് എത്രരൂപ ഗ്രാന്റായി നൽകിയെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരം നൽകാൻ ഷറഫലി തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

