സ്വകാര്യ ആശുപത്രികളിലെ ചികിത്സച്ചെലവ് കുറക്കണം –ഹൈകോടതി
text_fieldsകൊച്ചി: സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങൾക്ക് യുക്തിസഹമായ നിരക്ക് നിശ്ചയിച്ച് കോവിഡ് ചികിത്സച്ചെലവ് ചുരുക്കണമെന്ന് ഹൈകോടതി. ആശുപത്രിമുറി, കിടക്ക, വെൻറിലേറ്റർ, ഒാക്സിജനറേറ്റർ തുടങ്ങിയവയുടെ നിരക്ക് ന്യായമായ രീതിയിലാക്കാൻ സർക്കാർ ഇടെപടണമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സച്ചെലവ് കുറക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂരിലെ ഹ്യുമൻ റൈറ്റ്സ് ഫോറം ലീഗൽ സെൽ വൈസ് ചെയർമാൻ അഡ്വ. സാബു പി. ജോസഫ് നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. കേസിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷനെ കക്ഷിചേരാൻ അനുവദിച്ചു.
സ്വകാര്യ ആശുപത്രികൾ അമിത നിരക്ക് ഇൗടാക്കുന്നതായി ഒേട്ടറെ പരാതികൾ ലഭിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ആശുപത്രിയിൽ ഒാരോ രോഗിക്കും പ്രത്യേകം ഡോക്ടറെ നിയോഗിച്ചാലെന്നപോലെ എല്ലാ രോഗികളിൽനിന്നും ദിേനന രണ്ട് പി.പി.ഇ കിറ്റിനുൾപ്പെടെ ചാർജ് ഇൗടാക്കുന്നു. നിരക്ക് ഒാരോരുത്തരിൽനിന്നും ഇൗടാക്കുന്നത് അമിത ലാഭമുണ്ടാക്കലാണ്. കോവിഡ് ചികിത്സരംഗത്തുള്ള ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്ക് മതിയായ പ്രതിഫലം നൽകണമെന്നതിൽ തർക്കമില്ല. എന്നാൽ, വെൻറിലേറ്റർ ഉൾപ്പെടെയുള്ള മെഷീനുകളുടെ നിരക്ക് പലതാണ്.
ജില്ല-സംസ്ഥാന തലത്തിൽ പരാതി പരിഹാരസെല്ലുകൾക്ക് രൂപം നൽകിയിട്ടുണ്ടെന്നും കോവിഡ് ചികിത്സക്ക് സ്വകാര്യ ആശുപത്രികളെ എംപാനൽഡ് ആശുപത്രികളായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. ഹരജി ഈ മാസം ആറിന് പരിഗണിക്കാൻ മാറ്റി.