അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ മഴ തുടരും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വരുംദിവസങ്ങളിലും ശക്തമായ മഴ തുടരും. ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 204.4 മി.മീറ്ററിൽ കൂടുതൽ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയാണ് ഈ ജില്ലകളിൽ.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ശനിയാഴ്ച ഓറഞ്ച് അലർട്ടായിരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
ഞായറാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരാനാണ് സാധ്യത.
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ തിങ്കളാഴ്ച വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല.

