നിയമന തട്ടിപ്പ്: വയനാട്ടിലെ അഞ്ച് സഹകരണ ബാങ്കുകൾക്കെതിരെ അന്വേഷണം
text_fieldsവയനാട് ജില്ല സഹകരണ സംഘം ജനറൽ രജിസ്ട്രാറുടെ അന്വേഷണ ഉത്തരവിന്റെ പകർപ്പ്
കൽപറ്റ: വയനാട്ടിലെ സഹകരണ ബാങ്കുകളിലെ നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവ്. ജില്ലയിലെ അഞ്ച് സഹകരണ ബാങ്കുകളിൽ വൻതോതിൽ നിയമന തട്ടിപ്പ് നടന്നതായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ വയനാട് ജില്ല സഹകരണ സംഘം ജനറൽ രജിസ്ട്രാർ ആണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ഡി.സി.സി ട്രഷറർ ആയിരുന്ന എൻ.എം. വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിവാദത്തിലായ സുൽത്താൻ ബത്തേരി സഹകരണ ബാങ്ക് ഉൾപ്പെടെയുള്ളവയിലെ നിയമനങ്ങളെ കുറിച്ചാണ് പ്രധാനമായി അന്വേഷിക്കുക.
പ്രാഥമിക അന്വേഷണത്തിനാണ് നിർദേശം നൽകിയിരിക്കുന്നത്. സുൽത്താൻ ബത്തേരി അസിസ്റ്റൻറ് രജിസ്ട്രാർ കെ.കെ. ജമാലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഈ മാസം നാലിന് സഹകരണ സംഘം രജിസ്ട്രാർ നൽകിയ നിർദേശവും കണ്ണൂർ വിജിലൻസ് വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ, എറണാകുളം ഭരണ വിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ എന്നിവരുടെ പരിശോധന റിപ്പോർട്ടും പരിഗണിച്ചാണ് നടപടി.
ഡി.സി.സി ട്രഷറർ ആയിരുന്ന എൻ.എം. വിജയൻ ആത്മഹത്യ ചെയ്തതിനെ തുടർന്നുണ്ടായ വിവാദങ്ങൾ കൂടി പരിഗണിച്ചാണ് അന്വേഷണം. സുൽത്താൻ ബത്തേരി സർവിസ് സഹകരണ ബാങ്ക്, സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്ക്, പൂതാടി സർവിസ് സഹകരണ ബാങ്ക്, മടക്കിമല സർവിസ് സഹകരണ ബാങ്ക്, സുൽത്താൻ ബത്തേരി കാർഷിക ഗ്രാമ വികസന ബാങ്ക് എന്നീ അഞ്ചു ബാങ്കുകൾക്കെതിരെയാണ് അന്വേഷണം നടത്തുക.
ബാങ്കുകളിൽ വലിയ നിയമന അഴിമതി ആരോപണം ഉണ്ടായിട്ടും സഹകരണ വകുപ്പ് ഇടപെട്ടില്ലെന്ന ആക്ഷേപം നിലനിൽക്കെയാണ് നടപടി. ജില്ലയിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളായ സുൽത്താൻ ബത്തേരി സർവിസ് സഹകരണ ബാങ്കിലും സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്കിലും 2016നുശേഷം 80 തസ്തികകളിൽ നിയമനം നടന്നിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
സുൽത്താൻ ബത്തേരി അർബൻ സഹകരണ ബാങ്ക് 2019ൽ പുനർനിർണയം നടത്തിയതിന്റെയും പുതിയ ബ്രാഞ്ചുകൾ ആരംഭിച്ചതിന്റെയും അടിസ്ഥാനത്തിൽ 2020ൽ 41 അധിക തസ്തികകളുടെ അനുമതിക്ക് അപേക്ഷിച്ചെങ്കിലും 2022ൽ വയനാട് സഹകരണസംഘം രജിസ്ട്രാർ (ജനറൽ) നിരസിക്കുകയായിരുന്നു.
സുൽത്താൻ ബത്തേരി അർബൻ സഹ. ബാങ്കിൽ 2020 മുതൽ നടന്ന നിയമനങ്ങൾ സംബന്ധിച്ച് പരിശോധിച്ചതിൽ 1:4 എന്ന അനുപാതം പാലിക്കാതെ ക്രമവിരുദ്ധമായ സ്ഥാനക്കയറ്റം നൽകിയെന്ന് കണ്ടെത്തിയ രണ്ട് ക്ലറിക്കൽ നിയമനങ്ങളും 2022ൽ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി നിയമവിരുദ്ധമായി നടത്തിയ രണ്ട് നിയമനങ്ങളും റദ്ദാക്കാൻ ജോയിൻറ് രജിസ്ട്രാർ(ജനറൽ) ഉത്തരവ് നൽകിയിരുന്നു.
എന്നാൽ, സംഘം ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് ജോലിയിൽ തുടരാനുള്ള താൽക്കാലിക സ്റ്റേ അനുവദിച്ചു. നിലവിൽ തൽസ്ഥിതി തുടരുകയാണ്. പൂതാടി സർവിസ് സഹകരണ ബാങ്ക്, മടക്കിമല സർവിസ് സഹകരണ ബാങ്ക്, സുൽത്താൻബത്തേരി സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് എന്നിവയിലും 2016 മുതൽ വൻതോതിൽ നിയമനം നടന്നതായി ബോധ്യപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.
ഡി.സി.സി ട്രഷറർ എൻ.എം. വിജയന്റെ വിവിധ സഹകരണ ബാങ്കുകളിലെ നിലവിലുള്ള വായ്പകൾ സംബന്ധിച്ച് അന്വേഷണം നടത്താനും ഉത്തരവിലുണ്ട്. ഈമാസം 16നാണ് ഉത്തരവ് ഇറങ്ങിയത്. ഒരു മാസത്തിനുള്ളിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

