നിയമനകോഴ: സംഘത്തിന്റെ കൂടുതൽ തട്ടിപ്പുകൾക്ക് തെളിവ്
text_fieldsതിരുവനന്തപുരം: നിയമനകോഴ കേസിലെ പ്രതികൾ കൂടുതൽ തട്ടിപ്പ് നടത്തിയതിന്റെ തെളിവുകൾ പുറത്ത്. സംഘം സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ നിയമനതട്ടിപ്പ് നടത്തിയതായി പൊലീസിന് സംശയമുണ്ട്.
അഖിൽ സജീവ് ഉൾപ്പെടെ കോട്ടയത്ത് നടത്തിയ നിയമന തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ കഴിഞ്ഞദിവസം അറസ്റ്റിലായ അഡ്വ. റഹീസിന്റെ വാട്സ്ആപ് ചാറ്റിൽനിന്ന് കണ്ടെത്തി.
കോട്ടയം മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ റഹീസിനെ ചോദ്യം ചെയ്തതിൽനിന്നാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. കേസിൽ കോട്ടയം എസ്.പിക്ക് കന്റോൺമെന്റ് പൊലീസ് റിപ്പോർട്ട് നൽകും. മറ്റൊരു എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കാനാണ് നിർദേശം. റഹീസിനെയും ബാസിത്തിനെയും പുലർച്ചമുതൽ കന്റോൺമെന്റ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് റഹീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിനിടെ, കേസിലെ പ്രതികളിലൊരാളായ അഡ്വ. ലെനിൻ രാജ് സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം അഡീഷനൽ ജില്ല സെഷൻസ് കോടതിയിലാണ് ഹരജി നൽകിയത്. തട്ടിപ്പ് കേസില് പത്തനംതിട്ട സ്വദേശി അഖിൽ സജീവിനെയും ലെനിനെയും പൊലീസ് പ്രതി ചേർത്തിരുന്നു. ഇരുവരും പണം വാങ്ങിയതിന് തെളിവുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വഞ്ചന, ആൾമാറാട്ടം എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതി ചേർത്തത്. ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന്റെ പരാതിയിലാണ് നടപടി.
ഇതിനിടെ, പരാതി ഉന്നയിച്ച ഹരിദാസിന് വേണ്ടിയും പൊലീസ് അന്വേഷണം ഊർജിതമാക്കി. മൊഴിയെടുക്കാനായി പൊലീസ് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഹരിദാസ് ഹാജരായില്ല. ബാസിതിനോട് ശനിയാഴ്ച ഹാജരാകാൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്.
ഇടനിലക്കാരനെന്ന് സംശയിക്കുന്ന ബാസിതിന്റെ ഫോണിലെ വിവരങ്ങൾ മായ്ച്ചു കളഞ്ഞതായും പൊലീസ് പറയുന്നു. ഹരിദാസനെയും ബാസിതിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനായിരുന്നു പൊലീസ് പദ്ധതി ഇതിനിടെയാണ് ഹരിദാസൻ മാറിയത്.
പ്രതികൾ ഹരിദാസിൽനിന്ന് 1.75 ലക്ഷം രൂപ വാങ്ങിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിയമന തട്ടിപ്പ് കേസിൽ ആൾമാറാട്ടം നടന്നിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. മറ്റ് പ്രതികൾക്കുവേണ്ടി അന്വേഷണം നടക്കുന്നെന്നും ഇവരെക്കൂടി പിടികൂടിയാലേ കേസിന്റെ നിജസ്ഥിതി വ്യക്തമാകൂ എന്നും റിമാൻഡ് റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

