തടവുകാരുടെ ഫോൺവിളികൾ റെക്കോഡ് ചെയ്യുന്നു
text_fieldsതിരുവനന്തപുരം: തടവുകാർ ഫോൺവിളി സൗകര്യം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് ജയിലിൽ നിന്നുള്ള കാളുകൾ റെക്കോഡ് ചെയ്യാൻ നടപടി ആരംഭിച്ചു. പൂജപ്പുര സെന്‍ട്രൽ ജയിലിൽ റെക്കോഡിങ്ങിനുള്ള സംവിധാനം ഇതിനകം തുടങ്ങി. മൊബൈൽ സേവനദാതാക്കളുടെ സഹകരണത്തോടെ മറ്റ് സെൻട്രൽ ജയിലുകളിലും റെേക്കാഡിങ്ങിന് ക്രമീകരണമൊരുക്കും.
തടവുകാർക്ക് ബന്ധുക്കളെയോ പുറത്തുള്ളവരെയോ വിളിക്കാൻ സ്മാർട്ട് കാർഡ് അധിഷ്ഠിത ഫോൺവിളി സൗകര്യം പ്രധാന ജയിലുകളിൽ ഒരുക്കിയിരുന്നു. എന്നാൽ ഇൗ സൗകര്യം ഉപയോഗിച്ച് ചില പ്രതികൾ കോൺഫറൻസ് കാൾ വഴി പുറത്തെ സംഘങ്ങളുമായി ആശയവിനിമയം നടത്തിയതായി കണ്ടെത്തി. കാൾ കോൺഫറൻസിലൂടെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപെട്ടതിനെത്തുടർന്ന് ജയിലധികൃതർ മൊബൈൽ സേവനദാതാക്കളുമായി ചർച്ച നടത്തി. കാൾ കോൺഫറൻസ് സംവിധാനം എല്ലാ ഉപഭോക്താക്കൾക്കും നൽകുന്ന സേവനമായതിനാൽ ജയിൽ അധികൃതർക്ക് വേണ്ടി മാത്രം മാറ്റാനാകില്ലെന്നായിരുന്നു കമ്പനികളുടെ നിലപാട്. ഉപഭോക്താക്കളെ നിലനിർത്താൻ ഈ സേവനം കൂടിയേതീരൂ എന്നും വാദിച്ചു.
തുടർന്നാണ് സെന്‍ട്രൽ ജയിലുകളിലെ എല്ലാ തടവുകാരുടെയും ഫോൺവിളി റെക്കോഡ് ചെയ്ത് പരിശോധിക്കാൻ അധികൃതർ തീരുമാനിച്ചത്. പല തടവുകാരും ജയിലിൽ കഴിയവെ ലഹരി, കള്ളപ്പണ, ക്വേട്ടഷൻ മാഫിയകളുമായി ബന്ധപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ജയിലിൽ തടവുകാർക്ക് അനുവദിച്ച ഫോണുകളിൽ നിന്നാണ് ഇവർക്ക് വിളിക്കാൻ അനുമതി. പേക്ഷ പല തടവുകാർക്കും മൊബൈൽഫോൺ ലഭിക്കുന്നുണ്ടെന്ന ആക്ഷേപവും നിലവിലുണ്ട്. എന്നാൽ ഇക്കാര്യങ്ങളും ജയിലധികൃതർ നിഷേധിക്കുകയാണ്.
തടവുകാർക്ക് ആഴ്ചയിൽ രണ്ടുദിവസമാണ് ഫോൺ ചെയ്യാൻ അനുമതിയുള്ളത്. കോഫെപോസ തടവുകാർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഫോൺ ചെയ്യാം. കോവിഡ് കാരണം സന്ദർശനവിലക്ക് നിലവിലുള്ളതിനാൽ മാസം 450 രൂപക്ക് ഫോൺ വിളിക്കാനുള്ള സൗകര്യമാണുള്ളത്. പേക്ഷ ഇത് ദുരുപയോഗം ചെയ്യുന്ന സാഹചര്യമുണ്ടെന്നാണ് കാര്യങ്ങൾ വ്യക്തമാക്കുന്നത്. അതിനൊപ്പം ജയിലുകളിലെ തടവുകാരുടെ നീക്കങ്ങൾ നിരീക്ഷിക്കാനും പ്രത്യേകം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

