നാരങ്ങാനത്ത് റെക്കോഡ് മഴ -190 മില്ലീമീറ്റർ
text_fieldsപത്തനംതിട്ട: ജില്ലയിൽ സീസണിലെ റെക്കോഡ് മഴയാണ് തിങ്കളാഴ്ച നാരങ്ങാനത്ത് പെയ്തത് - 190 മില്ലീമീറ്റർ. ചെറുകോൽ പഞ്ചായത്തിലെ വാഴക്കുന്നത്ത് 139 മില്ലീമീറ്ററാണ് പെയ്തത്. തിങ്കളാഴ്ച പുലർച്ച ഒന്നു മുതൽ ആറുവരെയാണ് ഇവിടെ മഴ ശക്തിപ്പെട്ടത്.
24 മണിക്കൂറിൽ 64.5 മുതൽ 115 മില്ലീമീറ്റർ വരെ. മഴ സംബന്ധിച്ച് കാലാവസ്ഥ വകുപ്പിന്‍റെയോ ദുരന്ത നിവാരണ അതോറിറ്റിയുടെയോ മുന്നറിയിപ്പൊന്നുംതന്നെ തിങ്കളാഴ്ച നൽകിയിരുന്നില്ല. എന്നാൽ, ചൊവ്വാഴ്ച മഴ മുന്നറിയിപ്പ് നൽകിയിരുന്നു. ഞായറാഴ്ച അർധരാത്രിയോടെ ചാറിത്തുടങ്ങിയ മഴയുടെ തീവ്രത അറിയുന്നത് തിങ്കളാഴ്ച രാവിലെയാണ്.
അടുത്തെങ്ങും വെള്ളം കയറാത്ത ചുങ്കപ്പാറയിലും മറ്റും കടകളിൽ വെള്ളം എത്തിയത് നാട്ടുകാരെ ഞെട്ടിച്ചു. പലസ്ഥലങ്ങളിലും വ്യാപാരികളും നാട്ടുകാരും ചുമട്ടുതൊഴിലാളികളും ചേർന്നാണ് കടകളിൽനിന്ന് സാധനങ്ങൾ മാറ്റിയത്.
ജില്ല ആസ്ഥാനത്ത് വെള്ളക്കെട്ട്
പത്തനംതിട്ട: കനത്ത മഴയിൽ നഗരത്തിന്‍റെ പല ഭാഗത്തും വെള്ളകെട്ട്. വെട്ടിപ്രം, അഴൂർ സ്റ്റേഡിയം ഭാഗങ്ങളിലാണ് വെള്ളം കയറിയത്. സമീപത്തെ തോട്ടിൽനിന്നാണ് വെള്ളം കയറിയത്. ചെറിയ വാഹനങ്ങളെ ഒന്നും ഇതുവഴി കടത്തിവിട്ടില്ല. അഴൂർ സ്റ്റേഡിയം ഭാഗത്തെ കടകളിലും വെള്ളം കയറി.
ഇവ ശ്രദ്ധിക്കാം...
•മഴ തുടർച്ചയായി പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവക്ക് സാധ്യത.
•താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശവാസികൾ അതിജാഗ്രത പാലിക്കണം.
•നദികൾ മുറിച്ചുകടക്കാനോ, നദികളിലോ, ജലാശയങ്ങളിലോ കുളിക്കാനോ മീൻ പിടിക്കാനോ മറ്റോ ഇറങ്ങാൻ പാടില്ല.
•ജലാശയങ്ങൾക്ക് മുകളിലെ മേൽപാലങ്ങളിൽ കയറി കാഴ്ച കാണുകയോ, സെൽഫിയെടുക്കുകയോ കൂട്ടംകൂടി നിൽക്കുകയോ
അരുത്.
•കാറ്റിൽ മരങ്ങൾ കടപുഴകിയും വൈദ്യുതി തൂണുകൾ തകർന്നും അപകടങ്ങൾ ശ്രദ്ധിക്കണം.
•അണക്കെട്ടുകൾക്ക് താഴെ താമസിക്കുന്നവർ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാനുള്ള സാധ്യത കണ്ട് തയാറെടുപ്പ് നടത്തണം.
•അധികൃതരുടെ നിർദേശമനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

