എൻജി. പ്രവേശന പരീക്ഷയെഴുതിയവരുടെ എണ്ണത്തിൽ റെക്കോഡ് വർധന
text_fieldsതിരുവനന്തപുരം: കേരള എൻജിനീയറിങ് പ്രവേശന പരീക്ഷക്ക് അപേക്ഷിച്ചവരുടെയും ഹാജരായവരുടെയും എണ്ണത്തിൽ ഇത്തവണ റെക്കോഡ് വർധന. കേരളത്തിനകത്തും പുറത്തുമായി നടത്തിയ പരീക്ഷക്ക് അപേക്ഷിച്ച 1,08,409 പേരിൽ 96,700 (89.19 ശതമാനം) പേർ ഹാജരായി. കഴിഞ്ഞ വർഷം 97,759 പേർ എൻജിനീയറിങ് പരീക്ഷക്ക് അപേക്ഷിച്ചതിൽ 86,549 പേരാണ് (88.53 ശതമാനം) പരീക്ഷയെഴുതിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം 10,151 പേർ അധികമായി പരീക്ഷയെഴുതി.
ഈ വർഷം കേരളത്തിലെ 152 കേന്ദ്രങ്ങളിൽ 95,016 പേരും ഷാർജ, ബഹ്റൈൻ, കുവൈത്ത്, ഡൽഹി, മുംബൈ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലായി 1,684 പേരും എൻജിനീയറിങ് പരീക്ഷ എഴുതി. 39,737 പേർ അപേക്ഷിച്ച ഫാർമസി പ്രവേശന പരീക്ഷയിൽ 30,970 പേർ (77.93 ശതമാനം) പരീക്ഷക്ക് ഹാജരായി. കഴിഞ്ഞ വർഷം 46,107 പേരാണ് ഫാർമസിയിൽ അപേക്ഷിച്ചത്. എൻജിനീയിറിങ് പ്രവേശനത്തിന് അപേക്ഷകരുടെ എണ്ണവും ആനുപാതികമായി ഹാജരായവരുടെ എണ്ണവും വർധിച്ചത് റാങ്ക് പട്ടികയിൽ ഇടംപിടിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ടാക്കും. ഇത് എൻജിനീയറിങ് പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിലും വർധനവുണ്ടാക്കും.
കഴിഞ്ഞ വർഷം 67,505 പേരാണ് എൻജിനീയറിങ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടത്. പ്രവേശന പരീക്ഷയിലെ സ്കോർ മേയ് 10നകവും റാങ്ക് പട്ടിക ജൂൺ 20നകവും പ്രസിദ്ധീകരിക്കുമെന്നാണ് പ്രോസ്പെക്ടസിൽ പറയുന്നത്. എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കാൻ സ്കോർ പ്രസിദ്ധീകരിച്ചശേഷം യോഗ്യത നേടിയവരിൽനിന്ന് പ്ലസ് ടു/ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷകളിൽ നേടിയ മാർക്ക് കൂടി ശേഖരിച്ച ശേഷമായിരിക്കും റാങ്ക് പട്ടിക തയാറാക്കുക. പരിഷ്കരിച്ച സമീകരണരീതിയനുസരിച്ചാണ് ഇത്തവണ എൻജിനീയറിങ് റാങ്ക് പട്ടിക തയാറാക്കുന്നത്.
ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ഉത്തരസൂചികകൾ പ്രവേശന പരീക്ഷ കമീഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.inൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ള വിദ്യാർഥികൾക്ക് ഓരോ ചോദ്യത്തിനും 200 രൂപ വീതം ഓൺലൈനായി അടച്ച് കാൻഡിഡേറ്റ് പോർട്ടൽ വഴി 26ന് വൈകീട്ട് അഞ്ചിനകം പരാതികൾ സമർപ്പിക്കാം. കാൻഡിഡേറ്റ് പോർട്ടലിലെ ‘Answer Key Challenge (Engineering)’, ‘Answer Key Challenge (Pharmacy)’ എന്നീ ലിങ്കുകളിൽ ആവശ്യമുള്ളത് ക്ലിക്ക് ചെയ്ത് പരാതി നൽകാം. പരാതി ശരിയാണെന്ന് ബോധ്യപ്പെട്ടാൽ, അടച്ച ഫീസ് തിരികെ നൽകും. തപാൽ/ ഇ-മെയിൽ/നേരിട്ടുള്ള പരാതികൾ പരിഗണിക്കില്ല.
2026ൽ എൻജി. അപേക്ഷകർ 1,08,409, പരീക്ഷ എഴുതിയവർ 96,700
2025ൽ എൻജി. അപേക്ഷകർ 97,759, പരീക്ഷ എഴുതിയവർ 86,549
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

