മന്ത്രി, എം.എൽ.എ അലവൻസ് കൂട്ടാൻ ശിപാർശ
text_fieldsതൊടുപുഴ: സംസ്ഥാനത്തെ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ശമ്പളവും അലവൻസും വർധിപ്പിക്കാൻ ശിപാർശ. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമീഷനാണ് ഇത് സംബന്ധിച്ച് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്. വിവിധ അലവൻസുകളിൽ 30 മുതൽ 35 ശതമാനം വരെ വർധനയാണ് കമീഷൻ ശിപാർശ ചെയ്തിട്ടുള്ളത്.
നിയമസഭ സാമാജികരുടെ ആനുകൂല്യങ്ങൾ കാലാനുസൃതമായി വർധിപ്പിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ ജൂലൈയിലാണ് മന്ത്രിസഭ യോഗത്തിന്റെ തീരുമാനപ്രകാരം ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ഏകാംഗ കമീഷനായി നിയോഗിച്ചത്. ആറുമാസത്തിനകം റിപ്പോർട്ട് നൽകാനായിരുന്നു നിർദേശം.
എന്നാൽ, ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയപ്പോൾ കമീഷൻ കാലാവധി മൂന്ന് മാസമായി വെട്ടിക്കുറച്ചു. നിശ്ചിത സമയപരിധിക്കകം പഠനം പൂർത്തിയാക്കിയ കമീഷൻ രണ്ടാഴ്ച മുമ്പാണ് സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചത്.
2018ൽ ജസ്റ്റിസ് ജയിംസ് കമ്മിറ്റിയുടെ ശിപാർശയിലാണ് മുമ്പ് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ആനുകൂല്യങ്ങൾ ഉയർത്തിയത്. മന്ത്രിമാരുടെ ശമ്പളം 55,012 രൂപയിൽനിന്ന് 97,429 രൂപയും എം.എൽ.എമാരുടേത് 39,500ൽനിന്ന് 70,000ഉം ആയാണ് അന്ന് വർധിപ്പിച്ചത്.
ഇതിന്റെ നല്ലൊരു ഭാഗവും കാർ-ട്രെയിൻ-വിമാന യാത്ര, ചികിത്സ, വീട്, പുസ്തകം, ടെലിഫോൺ, അതിഥി സൽക്കാരം തുടങ്ങിയവയുമായി ബന്ധപ്പെട്ട അലവൻസുകളാണ്. വിഷയത്തിന്റെ വിവിധ വശങ്ങൾ പഠിച്ച ജസ്റ്റിസ് രാമചന്ദ്രൻ നായർ കമീഷനും ടി.എ അടക്കം അലവൻസുകളിലാണ് പ്രധാനമായും വർധന ശിപാർശ ചെയ്തിട്ടുള്ളത്. ടി.എ കിലോമീറ്ററിന് 15ൽനിന്ന് 20 രൂപയായേക്കും.
ദൈനംദിന ചെലവുകൾ വർധിച്ച സാഹചര്യത്തിൽ സാമാജികരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ കമീഷനെ വെച്ചത്. മന്ത്രിസഭ യോഗമാണ് ഇനി റിപ്പോർട്ടിൽ അന്തിമ തീരുമാനമെടുക്കേണ്ടത്.സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാഹചര്യത്തിൽ റിപ്പോർട്ട് നടപ്പാക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുമെന്ന ആശങ്ക സർക്കാറിനുണ്ട്. അതിനാൽ തിരക്കിട്ട് തീരുമാനമെടുക്കില്ലെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

