സംസ്ഥാനത്ത് വാക്സിൻ നിർമാണ കമ്പനികൾക്ക് ഇളവ് നൽകണമെന്ന് ശിപാർശ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിൻ നിർമാണത്തിനായി എത്തുന്ന കമ്പനികൾക്ക് കൂടുതൽ ഇളവുകൾ നൽകണമെന്ന് ശിപാർശ. സ്പുട്നിക് വാക്സിൻ നിർമാണ കമ്പനിക്കും മറ്റ് വാക്സിൻ കമ്പനികൾക്കും ഭൂമി, വെള്ളം, വൈദ്യുതി തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ഇളവ് നൽകണമെന്ന ശിപാർശയാണ് വിദഗ്ധസമിതി നൽകിയിട്ടുള്ളത്.
റഷ്യൻ ഇൻവെസ്റ്റ്മെൻറ് ഫണ്ട് തലസ്ഥാനത്ത് സ്പുട്നിക് വാക്സിൻ നിർമാണ യൂനിറ്റ് ആരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചതുൾപ്പെടെ കാര്യങ്ങൾ പരിശോധിക്കാൻ സർക്കാർ രൂപവത്കരിച്ച സമിതിയാണ് ശിപാർശ മുന്നോട്ടുെവച്ചത്.
വാക്സിൻ കമ്പനികളുമായും വിദഗ്ധരുമായും ചർച്ച ചെയ്തശേഷം തയാറാക്കിയ റിപ്പോര്‍ട്ട് മന്ത്രിസഭായോഗം ചർച്ചചെയ്ത ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. തോന്നയ്ക്കൽ ലൈഫ് സയൻസ് പാര്‍ക്കിൽ 10 ഏക്കർ സ്ഥലമാണ് വാക്സിൻ നിർമാണ കമ്പനികൾക്കായി കണ്ടെത്തിയിരിക്കുന്നത്. വ്യവസായ വികസന കോർപറേഷെൻറ നിയന്ത്രണത്തിലുള്ള പാർക്കിലെ 198 ഏക്കറിൽ 20 ഏക്കർ വാക്സിൻ ഉൽപാദനത്തിനായി മാറ്റിെവക്കണമെന്ന ശിപാർശയാണ് സമിതിയുടേത്.
വാക്സിൻ കമ്പനികൾക്ക് 30 വർഷത്തേക്ക് ഇളവുകളോടെ ഭൂമി പാട്ടത്തിന് നൽകണം. പിന്നീട് ഈ കാലാവധി നീട്ടണം. യൂനിറ്റിന് ഒരു രൂപ നിരക്കിൽ വൈദ്യുതി നൽകണം. കുറഞ്ഞ നിരക്കിൽ വായ്പ അനുവദിക്കണം. സ്റ്റാമ്പ് ഡ്യൂട്ടിയിലും നികുതിയിലും ഇളവുകൾ നൽകണം.
പാർക്കിൽ പണി പൂർത്തിയായിവരുന്ന 85,000 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടം ഇളവുകൾ നൽകി വാക്സിൻ കമ്പനികൾക്ക് അനുവദിക്കുന്ന കാര്യം ആലോചിക്കണം. വാക്സിനുകൾ പരിശോധിക്കുന്നതിനുള്ള കേന്ദ്രീകൃത പരിശോധനാകേന്ദ്രം കേരളത്തിൽ സ്ഥാപിക്കണമെന്നും സമിതി നിർദേശിക്കുന്നു.
ആദ്യഘട്ടത്തില്‍ വാക്സിൻ വിതരണകേന്ദ്രവും രണ്ടാംഘട്ടത്തിൽ വാക്സിനുകൾ നിർമിക്കാൻ കഴിയുന്ന യൂനിറ്റും മൂന്നാംഘട്ടത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയുമായി ചേർന്ന് ഗവേഷണ വികസന പദ്ധതികളുമാണ് സർക്കാർ ആലോചിക്കുന്നത്. രാജ്യത്ത് 20 കമ്പനികൾ വാക്സിൻ നിർമാണ മേഖലയിലുണ്ടെങ്കിലും പുതിയ ഉൽപാദന യൂനിറ്റ് ആരംഭിക്കാൻ പലർക്കും സാധിച്ചിട്ടില്ലെന്നും ഇത് സംസ്ഥാനം അവസരമായി എടുക്കണമെന്നും സമിതി നിർദേശിക്കുന്നു.
വാക്സിൻ വിതരണം നടത്താനുള്ള കേന്ദ്രങ്ങൾ സജ്ജമാക്കി നൽകി കമ്പനികളെ കേരളത്തിലേക്ക് ക്ഷണിക്കണം. കമ്പനികൾക്ക് ആവശ്യമായ അനുമതി സമയബന്ധിതമായി നൽകണമെന്നും സമിതി ശിപാർശ ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

