അർധസത്യങ്ങളുടെയും പർവ്വതീകരിക്കപ്പെട്ട നുണകളുടേയും കാലത്ത് തിരിച്ചറിവ് വളരെ പ്രധാനപ്പെട്ടത് -മുഖ്യമന്ത്രി
text_fieldsകൈതപ്പൊയിൽ മർകസ് നോളജ് സിറ്റിയുടെ ലോഞ്ചിങ് വാർഷിക പ്രഖ്യാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
താമരശ്ശേരി: അർധസത്യങ്ങളുടെയും പർവ്വതീകരിക്കപ്പെട്ട നുണകളുടേയും ഈ കാലത്ത് തിരിച്ചറിവ് വളരെ പ്രധാനപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈതപ്പൊയിൽ മർകസ് നോളജ് സിറ്റിയുടെ ഔപചാരിക ലോഞ്ചിങ് വാർഷിക പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിവിലിസ് എന്ന് നാമകരണം ചെയ്തിട്ടുള്ള മർകസ് നോളജ് സിറ്റിയുടെ പ്രഖ്യാപനവർഷത്തിന്‍റെ പ്രമേയമായ തിരിച്ചറിവ്, സഹവർത്തിത്വം, പുരോഗതി എന്നത് തന്നെ ശ്രദ്ധേയമാണ്. കാലഘട്ടത്തിൽ ഏറെപ്രാധാന്യമുള്ള ഒരു പ്രമേയമാണിത്. പ്രമേയത്തിലെ ആദ്യത്തെ ഘടകം തിരിച്ചറിവാണ്. എന്താണ് അറിവും തിരിച്ചറിവും തമ്മിലുള്ള വ്യത്യാസം. അറിവ് നമുക്ക് പലയിടങ്ങളിൽ നിന്നുമായി ആർജ്ജിക്കാനാകും. ക്ലാസ് മുറി, വീട്, സമൂഹത്തിൽ നിന്നും മറ്റ് നൂതനമാർഗങ്ങളിലൂടെയും അറിവ് നേടാനാകും. ഇത്തരത്തിൽ ആർജ്ജിക്കുന്ന അറിവിനെ വിമർശനബുദ്ധിയോടെ അപഗ്രഥിക്കുമ്പോൾ മാത്രമാണ് നമുക്ക് തിരിച്ചറിവുണ്ടാകുന്നത്.
പ്രമേയത്തിലെ രണ്ടാമത്തെ ഘടകം സഹവർത്തിത്വമാണ്. കേരള സമൂഹത്തിൽ അതേ കുറിച്ച് എടുത്തുപറയേണ്ടതില്ല. ഒന്നര പതിറ്റാണ്ട് മുൻപ് തന്നെ അതിന്‍റെ ആവശ്യകത തിരിച്ചറിഞ്ഞ് കൊണ്ട് നിരവധി പുരോഗമന മുന്നേറ്റങ്ങൾക്ക് ആരംഭം കുറിച്ച നാടാണ് നമ്മുടേത്. ഈ അടുത്ത കാലത്ത് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും ഉണ്ടായപ്പോൾ സഹവർത്തിത്വത്തിൽ ഊന്നി നിന്നാണ് നമ്മൾ അതിജീവിച്ചത്. അറിവിന്‍റെ ഉന്നതിയിൽ നിൽക്കുമ്പോൾ സഹവർത്തിത്വം ഇല്ലാതായതിന്‍റെ ഭാഗമായി തകർന്നു പോയ നാഗരികതകളേയും സംസ്കാരങ്ങളെയും കുറിച്ച് നാം ചരിത്രത്തിൽ പഠിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സഹവർത്തിത്വം ഉണ്ടാകുമ്പോൾ മാത്രമേ അറിവ് സമൂഹസൃഷ്ടിക്ക് ഉപകരിക്കൂ.
സഹവർത്തിത്വത്തിൽ ഊന്നി പ്രവർത്തിക്കുമ്പോഴാണ് സമൂഹം പ്രമേയത്തിലെ മൂന്നാമത് ഘടകമായ പുരോഗതി പ്രാപിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേവലം വിദ്യാഭ്യാസം നേടുക മാത്രമല്ല നോളജ് സിറ്റിയുടെ ലക്ഷ്യം. ജീവിതം കെട്ടിപ്പടുക്കാൻ പ്രാപ്തരാക്കുക കൂടിയാണ് നോളജ് സിറ്റിയുടെ ഉദ്ദേശം. അതോടൊപ്പം സാംസ്കാരിക വിനിമയത്തിനുള്ള അവസരവും ഇവിടെ ഒരുങ്ങുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. അബ്ദുൽ ഹക്കീം അസ്ഹരി സ്വാഗതം പറഞ്ഞു. മന്ത്രിമാരായ അഡ്വ. ആന്‍റണി രാജു, അഹമ്മദ് ദേവർകോവിൽ, മുഹമ്മദ് റിയാസ്, എം.എൽ.എമാരായ ലിന്‍റോ ജോസഫ്, എം.കെ. മുനീർ, സച്ചിൻ ദേവ്, നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുൽ സലാം, ഇബ്രാഹിം ഖലീൽ ബുഖാരി, സി. മുഹമ്മദ് ഫൈസി, അഡ്വ. തൻവീർ ഉമർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

