വെഞ്ഞാറമൂട് കൂട്ടക്കൊല; കാരണം ധൂർത്തും ആഡംബര ജീവിതവും
text_fieldsതിരുവനന്തപുരം: അഞ്ച് പേരുടെ കൊലക്കും മാതാവിന് നേരെയുള്ള കൊടുംക്രൂരതക്കും പിന്നിൽ പ്രതി അഫാന്റെ ധൂർത്തും ആഡംബര ജീവിതവുമെന്ന നിഗമനത്തിൽ പൊലീസ്. സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബത്തിന്റെ നിലവിലെ സാഹചര്യം മനസ്സിലാക്കാതെയുള്ള ജീവിതമാണ് അഫാനെ ഇതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
കടബാധ്യത കാരണം യാത്രാവിലക്ക് നേരിട്ട് ഏഴ് വർഷമായി വിദേശത്ത് കഴിയുന്ന പിതാവിന്റെ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് കുടുംബം മുന്നോട്ടുപോയത്. അഫാന്റെ മാതാവ് ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉള്ളതായും വിവരമുണ്ട്. പഠനം പാതിവഴിയിൽ ഉപേക്ഷിച്ച അഫാന് കൃത്യമായ വരുമാനമൊന്നുമില്ല. ബന്ധുക്കളിൽനിന്നും നാട്ടുകാരിൽനിന്നും കടം വാങ്ങി മുന്നോട്ടുപോകുകയായിരുന്നു. ഇതിനിടയിലും വിലകൂടിയ ബൈക്ക് വാങ്ങിയ അഫാന്റെ പ്രവൃത്തിയെ പിതൃസഹോദരൻ ലത്തീഫും ഉമ്മ ഷെമിയും എതിർത്തിരുന്നു.
വിദ്യാർഥിയായ ഫർസാനയുമായുള്ള പ്രണയം വീട്ടുകാർ അറിഞ്ഞതോടെ അതിനും കുറ്റപ്പെടുത്തലുണ്ടായി. അപ്പോഴും ആഡംബര ജീവിതം, ധൂർത്ത്, വിലകൂടിയ വാഹനങ്ങൾ എന്നിവയോടായിരുന്നു അഫാന് കമ്പം. ആരെങ്കിലും ഉപദേശിച്ചാൽ അവരോട് പക. സ്വന്തമായി കാറും ബൈക്കും ഉൾപ്പെടെ ഏതാനും വർഷമായി പിന്തുടർന്ന ആഡംബര ജീവിതം വഴിമുട്ടുന്നത് തിരിച്ചറിഞ്ഞപ്പോഴുണ്ടായ നിരാശയാണ് അഫാനെ ക്രൂരതക്ക് പ്രേരിപ്പിച്ചതെന്നും പൊലീസ് കരുതുന്നു. അഫാന്റെ മൊഴിയെടുത്ത് സ്വന്തം നിലയില്‍ കണ്ടെത്തിയ വിവരങ്ങള്‍ സ്ഥിരീകരിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.
പ്രകോപനം പണം കടം നൽകാത്തത്
തിരുവനന്തപുരം: സംഭവദിവസം ഉമ്മയോട് ചോദിച്ച 2000 രൂപ നൽകാത്തതാണ് കൊടുംക്രൂരതയിലേക്ക് നയിച്ചത്. മർദനമേറ്റ ഉമ്മ മരിച്ചെന്ന് കരുതി അഫാൻ പോയത് പാങ്ങോടുള്ള മുത്തശ്ശി സല്‍മാബീവിയുടെ വീട്ടിലേക്കായിരുന്നു. ചുറ്റിക ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയ വല്ല്യുമ്മയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങൾ കൈക്കലാക്കിയാണ് മടങ്ങിയത്. ഈ ആഭരണങ്ങൾ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വെച്ച് കിട്ടിയ 74,000 രൂപയിൽ 40,000 രൂപ സ്വന്തം അക്കൗണ്ട് വഴി കടം വീട്ടി. ബാക്കി പണം ഉപയോഗിച്ച് ഭക്ഷണം വാങ്ങുകയും മദ്യപിക്കുകയുമാണ് ചെയ്തത്.
ഫർസാനയുടെ ആഭരണങ്ങളും അഫാൻ നേരത്തേ പണയപ്പെടുത്തിയിരുന്നു. കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് വെഞ്ഞാറമൂട് മുക്കുന്നൂരിലെ വീട്ടിൽനിന്ന് ഫർസാന അഫാന്റെ അരികിലേക്ക് നടന്നുപോകുന്നതിന്റെ സി.സി ടി.വി ദൃശ്യങ്ങളും പുറത്തുവന്നു.
‘കട്ടിലിൽനിന്ന് വീണു പരിക്കേറ്റു’
വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഫാന്റെ മാതാവ് ഷെമി കണ്ണുതുറന്നപ്പോൾ തിരക്കിയത് മക്കളെ. കട്ടിലിൽനിന്ന് വീണാണ് പരിക്കേറ്റതെന്ന് അവർ പറഞ്ഞതായും ആശുപത്രിയിൽ സന്ദർശിച്ച ഡി.കെ. മുരളി എം.എൽ.എ പറഞ്ഞു. ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള അഫാന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെങ്കിലും പൊലീസും ഡോക്ടർമാരും കടുത്ത ജാഗ്രതയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

