യഥാർഥ പേര് കെ.പി. പ്രവീൺ, 'റാണ' കൈയിൽനിന്നിട്ട പേര്; ഡോക്ടറും 'സ്വന്തം', സ്വയം വിളിച്ചത് 'ലൈഫ് ഡോക്ടർ'
text_fieldsതൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി കെ.പി. പ്രവീൺ തന്‍റെ പേര് പ്രവീൺ റാണ എന്ന് മാറ്റിയത് പേരിന് പഞ്ച് കൂട്ടാനായി. ഔദ്യോഗിക രേഖകളിലെല്ലാം കെ.പി. പ്രവീൺ എന്നാണ് പേര്. തെരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത് കമീഷന് നൽകിയ സത്യവാങ്മൂലത്തിലും കെ.പി. പ്രവീൺ തന്നെ. എന്നാൽ, ചാനൽ പരിപാടികളിലും സിനിമയിലും മറ്റ് ചടങ്ങുകളിലുമെല്ലാം പ്രവീൺ റാണയായിരുന്നു.
പേരിനൊപ്പമുള്ള ഡോക്ടർ പദവിയും ഇയാൾ സ്വയം ചേർത്തതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. വിദേശത്തെയും സ്വദേശത്തെയും തട്ടിപ്പ് സർവകലാശാലകൾ പണം വാങ്ങി നൽകുന്ന ഡോക്ടറേറ്റ് പോലും റാണക്ക് ഇല്ലത്രെ. ആളുകളിൽ വിശ്വാസ്യതയുണ്ടാക്കിയെടുക്കുകയായിരുന്നു ലക്ഷ്യം. 'ലൈഫ് ഡോക്ടർ' എന്ന പേരിലാണ് ഇയാൾ സ്വയം പ്രൊമോഷൻ നൽകിയിരുന്നത്. ഇതേ പേരിൽ ചാനലിൽ പരിപാടികളും അവതരിപ്പിച്ചു. ജീവിതത്തെ ചികിത്സിച്ച് മെച്ചപ്പെടുത്തുന്ന ആളാണ് താനെന്നാണ് റാണ അവകാശപ്പെട്ടത്.
പ്രവീണ്‍ 'സേഫ് ആന്‍ഡ് സ്‌ട്രോങ് നിധി' എന്ന പണമിടപാട് സ്ഥാപനം വഴി നൂറു കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 11 കേസുകള്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്റ്റേഷനിലും അഞ്ചെണ്ണം വെസ്റ്റ് സ്റ്റേഷനിലും ഒരെണ്ണം കുന്നംകുളം സ്റ്റേഷനിലുമാണ്. ഒരു ലക്ഷം മുതല്‍ 20 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവരായിരുന്നു പരാതിക്കാര്‍. കൂടുതൽ പേർ പരാതിയുമായെത്തുമെന്നാണ് പൊലീസ് കരുതുന്നത്.
ഇന്നലെയാണ് പ്രവീൺ റാണയെ തമിഴ്നാട്ടിലെ ദേവരായപുരത്ത് ഒളിച്ചുകഴിയവേ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂരിൽ എത്തിച്ച പ്രവീൺ റാണയെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി ചോദ്യംചെയ്യുകയാണ്. ഇന്ന് കോടതിയിൽ ഹാജരാക്കിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

