ട്രെയിനിൽനിന്ന് ചാടാനൊരുങ്ങിയ ആറു വയസ്സുകാരന് രക്ഷകനായി ടി.ടി.ഇ
text_fieldsടി.ടി.ഇ നിഖിൽ മിത്ര
ആലുവ: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടാനൊരുങ്ങിയ ആറു വയസ്സുകാരനെ ടി.ടി.ഇ രക്ഷപ്പെടുത്തി. കോഴിക്കോട് ഉള്ള്യേരി സ്വദേശിയായ ടി.ടി.ഇ നിഖിൽ മിത്രയുടെ ഇടപെടലാണ് ഒരു കുടുംബത്തെ വലിയ ദുരന്തത്തിൽനിന്ന് രക്ഷിച്ചത്. ഏറനാട് എക്സ്പ്രസ് ആലുവ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. ആലപ്പുഴ സ്വദേശിയായ സുനിൽകുമാറും ഭാര്യയും കുട്ടികളോടൊപ്പം ട്രെയിനിൽ കയറാൻ എത്തിയതായിരുന്നു.
ആദ്യം പത്തും ആറും വയസ്സുള്ള രണ്ട് മക്കളെ ട്രെയിനിലേക്ക് കയറ്റി. ഇതിനിടെ, ട്രെയിൻ മുന്നോട്ടു നീങ്ങുകയും മാതാപിതാക്കൾ പ്ലാറ്റ്ഫോമിൽ തന്നെ കുടുങ്ങുകയും ചെയ്തു. ഭയന്ന 10 വയസ്സുകാരൻ ഉടൻ ട്രെയിനിൽനിന്ന് പ്ലാറ്റ്ഫോമിലേക്ക് ചാടി. ട്രെയിനിന്റെ വേഗം കുറവായിരുന്നതിനാൽ കുട്ടിക്ക് പരിക്കുകളൊന്നും ഉണ്ടായില്ല.
ഇതുകണ്ട ആറു വയസ്സുകാരനും ചാടാനായി വാതിലിനരികിൽ എത്തി. ആളുകൾ ബഹളംവെച്ചതോടെ ടി.ടി.ഇ നിഖിൽ മിത്ര ഓടിയെത്തി. കുട്ടി ചാടുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം കുട്ടിയെ പിടിക്കുകയും അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും ചെയ്തു. ശേഷം കുട്ടിയെ മാതാപിതാക്കളെ ഏൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

