ഇനി പോരാട്ടം മരുമോനിസത്തിന് എതിരെ; ബേപ്പൂരിൽ മത്സരിക്കാൻ തയാറാണെന്ന് പ്രഖ്യാപിച്ച് പി.വി. അൻവർ
text_fieldsമലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ കരുത്തുകാട്ടിയതോടെ, മരുമോനിസത്തിന്റെ വേരറുക്കാൻ 2026ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മത്സരിക്കാൻ തയാറാണെന്ന് പ്രഖ്യാപിച്ച് പി.വി. അൻവർ. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു അൻവറിന്റെ പ്രഖ്യാപനം. പ്രതിപക്ഷ നേതാവിനോട് വ്യക്തിവിരോധമില്ലെന്നും അൻവർ വ്യക്തമാക്കി.
യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ടാണ് അൻവർ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ആരോപണമുന്നയിച്ചിരുന്നത്. യു.ഡി.എഫ് പ്രവേശനം നടക്കില്ലെന്നുറപ്പായതോടെ അൻവർ വി.ഡി. സതീശനെതിരെ രംഗത്തുവന്നിരുന്നു.
നിലമ്പൂരിൽ തന്റെ മത്സരം പിണറായിസത്തിന് എതിരെ ആണെന്നായിരുന്നു അൻവർ പറഞ്ഞിരുന്നത്.
നേരത്തേ തന്നെ മുന്നണിയിൽ എടുക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചകളിൽ ബേപ്പൂർ സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായി അൻവർ പറഞ്ഞിരുന്നു. ആദ്യം മലമ്പുഴ സീറ്റ് വാഗ്ദാനം ചെയ്തുവെന്നും പിന്നീടത് ബേപ്പൂരായെന്നുമാണ് അന്ന് അൻവർ പറഞ്ഞത്. ഒട്ടും വിജയ സാധ്യതയില്ലാത്ത സീറ്റുകളാണ് വാഗ്ദാനം ചെയ്തത് എന്ന് പറഞ്ഞാണ് അന്ന് അൻവർ പ്രതിപക്ഷ നേതാവിനെതിരെ രംഗത്തുവന്നത്. അതിനു പിന്നാലെയാണ് അൻവർ നിലമ്പൂരിലെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. ഇപ്പോൾ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതോടെ അടുത്ത ആ സീറ്റ് അൻവറിനെ സംബന്ധിച്ച് ഇനി മറക്കുകയേ നിവൃത്തിയുള്ളൂ. അതുകൊണ്ടാകാം ബേപ്പൂർ തന്നാൽ മത്സരിക്കാൻ തയാറാണെന്ന് ഇപ്പോൾ പറഞ്ഞിരിക്കുന്നത്.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഇരുമുന്നണികളെയും ഞെട്ടിച്ച് 19,760 വോട്ടുകളാണ് പി.വി. അൻവർ അക്കൗണ്ടിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

