പിണറായിക്കെതിരെ ധർമടത്ത് മത്സരിക്കാൻ തയാറെന്ന് കെ. സുധാകരൻ
text_fieldsകണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ തയ്യാറാണെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ.
ഹൈക്കമാൻഡ് ആവശ്യപ്പെടുകയാണെങ്കിൽ മത്സരിക്കും. തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ഉമ്മൻചാണ്ടിയുമായി സംസാരിച്ചിരുന്നു. പ്രാദേശിക നേതാക്കളും പ്രവർത്തകരും താൻ ധർമടത്ത് മത്സരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും സുധാകരൻ പറഞ്ഞു.
നാമനിർദേശ പത്രിക സമർപ്പിക്കാൻ രണ്ടു ദിവസം മാത്രം ബാക്കിനിൽക്കെ കണ്ണൂരിൽ ധർമടം മണ്ഡലത്തിൽ മാത്രമാണ് യു.ഡി.എഫ് സ്ഥാനാർഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തത്. കെ. സുധാകരൻ മണ്ഡലത്തിലെ ഭാരവാഹികളുമായി നടത്തിയ ചർച്ചയിൽ ഡി.സി.സി ജനറൽ സെക്രട്ടറി സി. രഘുനാഥിെൻറ പേരാണ് അവസാനം ഉയർന്നുകേട്ടത്. ഇതിന് പിന്നാലെയാണ് ധർമടത്ത് മത്സരിക്കാൻ ഒരുക്കമാണെന്ന പ്രതികരണവുമായി സുധാകരൻ രംഗത്തെത്തുന്നത്.

