'അയ്യപ്പ സംഗമത്തിൽ യോഗിയുടെ സന്ദേശം വായിച്ചത് തെറ്റായി'; തെരഞ്ഞെടുപ്പ് വീഴ്ചകൾ തുറന്നുസമ്മതിച്ച് പുത്തലത്ത് ദിനേശൻ
text_fieldsതിരുവനന്തപുരം: അയ്യപ്പ സംഗമത്തിൽ ആര്.എസ്.എസ് പശ്ചാത്തലമുള്ള യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് ശരിയായില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ. പയ്യന്നൂര്‍, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയർന്ന സാഹചര്യത്തില്‍ എടുത്ത തീരുമാനങ്ങള്‍ ഗുണംചെയ്തില്ലെന്നും ദിനേശൻ ഫേസ്ബുക് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പാർട്ടി വിലയിരുത്തലുകൾക്ക് പിന്നാലെയാണ് സാമൂഹികമാധ്യമം വഴിയുള്ള സ്വയം വിമർശനം.
ശബരിമലയിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ ജയിലിലായ സമയത്ത് നടപടിയെടുക്കുന്നതില്‍ പരിമിതിയുണ്ടായിരുന്നു. എങ്കിലും, അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് നടപടിയെടുക്കാത്തത് പോരായ്മയാണ്. പാർട്ടിയുടെ വിവിധ ഘടകങ്ങളില്‍ പ്രവര്‍ത്തിച്ച ആറ് പേര് എല്‍.ഡി.എഫിനെതിരായി മത്സരിച്ചത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കി.
എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മലപ്പുറത്ത് നടത്തിയ പ്രസംഗത്തിലെ മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങളോട് സി.പി.എമ്മിനുള്ള വിയോജിപ്പ് വ്യക്തമാക്കിയതാണ്. എന്നാല്‍, കുറേക്കൂടി വ്യക്തമായും വിമര്‍ശനപരമായും പ്രസ്താവന നല്കുന്ന കാര്യത്തില്‍ പോരായ്മ സംഭവിച്ചു. ഇത് എതിരാളികള്‍ക്ക് തെറ്റായ പ്രചാരണത്തിന് അവസരം നല്കി. യു.ഡി.എഫ് നടത്തിയ കള്ള പ്രചാരവേലകളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിലും പോരായ്മ സംഭവിച്ചു. തെരഞ്ഞെടുപ്പ് കാലത്തെ ചില പ്രസ്താവനകളും തിരിച്ചടിയായി. കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് തെരഞ്ഞെടുപ്പും വര്‍ഗസമരത്തിന്റെ ഭാഗമാണ്. ജനലക്ഷങ്ങളെ തൊഴിലാളി വര്‍ഗ രാഷ്ട്രീയത്തോടൊപ്പം അണിനിരത്താനുള്ള സമരത്തിന്റെ ഒരു ഉപകരണമായാണ് പാർട്ടി തെരഞ്ഞെടുപ്പിനെ കാണുന്നത്. ഇപ്പോള്‍ നടക്കുന്ന തെറ്റായ പ്രചാരവേലകളെയെല്ലാം അതിജീവിച്ച് പോരായ്മകള്‍ തിരുത്തി പാര്‍ട്ടി കൂടുതല്‍ കരുത്തോടെ മുന്നോട്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

