ബില്ലുകൾ വൈകിപ്പിക്കൽ; പഞ്ചാബ് കേസിലെ ഉത്തരവ് വായിക്കാൻ കേരള ഗവർണറോട് സുപ്രീംകോടതി
text_fieldsഗവർണർ
ആരിഫ്
മുഹമ്മദ് ഖാൻ
ന്യൂഡൽഹി: സംസ്ഥാന നിയമസഭ പാസ്സാക്കുന്ന ബില്ലുകൾ ഗവർണർ തീരുമാനമെടുക്കാതെ വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പഞ്ചാബ് ഗവർണറുടെ കേസിൽ പുറപ്പെടുവിച്ച വിധി വായിക്കാൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനോട് നിർദേശിച്ച് സുപ്രീംകോടതി. ബില്ലുകളിൽ തീരുമാനം വൈകിക്കുന്ന ഗവർണറുടെ നടപടിക്കെതിരെ കേരളം സമർപ്പിച്ച ഹരജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്‍റെ നിർദേശം.
മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലാണ് കേസിൽ കേരളത്തിനായി ഹാജരായത്. ഗവർണറുടെ അനുമതിക്കായി അയച്ച നിരവധി ബില്ലുകളിൽ രണ്ട് വർഷമായി തീരുമാനമെടുക്കാതെ പിടിച്ചുവച്ചിരിക്കുകയാണെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.
എല്ലാ മന്ത്രിമാരും ഗവർണറെ കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി നിരവധി തവണ കണ്ടു. എട്ട് ബില്ലുകൾ ഗവർണർ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ടുപോകുകയാണ് -അദ്ദേഹം പറഞ്ഞു. തുടർന്നാണ്, കഴിഞ്ഞ ദിവസത്തെ പഞ്ചാബ് ഗവർണർക്കെതിരായ കേസിലെ വിധി വായിച്ച് ചൊവ്വാഴ്ച മറുപടി അറിയിക്കാൻ ഗവർണറുടെ ഓഫിസിന് കോടതി നിർദേശം നൽകിയത്.
ഗവർണർക്ക് നിയമസഭയെ മറികടക്കാനാവില്ലെന്നാണ് ഇന്നലെ പഞ്ചാബ് ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ കേസിൽ സുപ്രീംകോടതി വിധിച്ചിരുന്നത്. സംസ്ഥാന നിയമസഭ പാസാക്കിയ ഒരു ബില്ലിന് ഗവർണർ അനുമതി നൽകുന്നില്ലെങ്കിൽ എത്രയും വേഗം പുനഃപരിശോധനക്കായി തിരിച്ചയക്കണമെന്നും ബിൽ അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്.
ഗവർണർ തെരഞ്ഞെടുക്കപ്പെടാത്ത സംസ്ഥാനത്തിന്‍റെ തലവനാണ്. നിയമസഭയുടെ നിയമനിർമാണ അധികാരങ്ങളെ അട്ടിമറിക്കാൻ ഗവർണർക്ക് സാധിക്കില്ല. പാർലമെന്‍ററി ജനാധിപത്യത്തിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കാണ് അധികാരം. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന പ്രതിനിധി മാത്രമാണ് ഗവർണറെന്നും സുപ്രീംകോടതി ഇന്നലത്തെ വിധിയിൽ ഓർമിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

