'പുസ്തകം വായിക്കൂ, പണം സമ്പാദിക്കൂ'; കേരളത്തിൽ പുതിയ ഓൺലൈൻ തട്ടിപ്പ്, നഷ്ടപ്പെട്ടത് 1.25 കോടി രൂപ
text_fieldsതിരുവനന്തപുരം: ഇ-ബുക്കുകൾ വായിച്ചാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കേരളത്തിൽ വ്യാപക ഓൺലൈൻ തട്ടിപ്പ്. 'എൻ.ടി.എൽ' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴി നടത്തിയ വ്യാജ പദ്ധതിയിൽ കുടുങ്ങി സംസ്ഥാനത്തുടനീളം നൂറുകണക്കിന് ആളുകൾക്ക് ഒരു കോടിയിലധികം രൂപ നഷ്ടമായി. തിരുവനന്തപുരം റൂറൽ സൈബർ പോലീസ് സ്റ്റേഷനിൽ മാത്രം 106 പേർ ചേർന്ന് 1.25 കോടി രൂപ നഷ്ടപ്പെട്ടതായി കാണിച്ച് പരാതി നൽകി. വിതുര പോലീസ് പ്രാഥമിക അന്വേഷണം നടത്തിയ കേസിൽ യുകെ കേന്ദ്രീകരിച്ചുള്ള തട്ടിപ്പ് സംഘങ്ങൾക്ക് പങ്കുണ്ടെന്നാണ് സംശയിക്കുന്നത്.
സാധാരണയായി ഹോട്ടൽ റിവ്യൂ, റേറ്റിംഗ് തട്ടിപ്പുകൾക്ക് സമാനമായ രീതിയിലാണ് ഈ തട്ടിപ്പും അരങ്ങേറിയത്. നാട്ടിൽ സ്വാധീനമുള്ള പ്രമുഖ വ്യക്തികൾക്ക് വാട്‌സ്ആപ്പ് വഴി ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് അയച്ചുകൊടുത്താണ് കൂടുതൽ പേരിലേക്ക് വല വീശുന്നത്. 1,800 രൂപ മുതൽ ലക്ഷങ്ങൾ വരെ നിക്ഷേപിച്ചാണ് ആളുകൾ ഇതിൽ അംഗങ്ങളാകുന്നത്. അംഗങ്ങൾക്ക് പ്രതിദിനം ഇ-ബുക്കുകൾ വായിക്കുന്ന ടാസ്ക് നൽകുകയും, ഓരോ പുസ്തകം വായിച്ചുതീർക്കുമ്പോഴും 25 രൂപ അക്കൗണ്ടിൽ കാണിക്കുകയും ചെയ്തിരുന്നു. കൂടാതെ പുതിയ ആളുകളെ ചേർത്താൽ ഉയർന്ന കമ്മീഷനും വാഗ്ദാനം ചെയ്തു.
പണം ആപ്പിലെ വാലറ്റിൽ കാണുമെങ്കിലും ബുധനാഴ്ചകളിൽ മാത്രമേ പിൻവലിക്കാൻ സാധിച്ചിരുന്നുള്ളൂ. ആദ്യ ഘട്ടങ്ങളിൽ ചെറിയ തുകകൾ അക്കൗണ്ടിലേക്ക് നൽകി വിശ്വാസ്യത നേടിയെടുത്ത ശേഷം, വൻതുകകൾ നിക്ഷേപമായി വാങ്ങിക്കൂട്ടി ആപ്പ് പ്രവർത്തനം നിർത്തുകയായിരുന്നു. തൊളിക്കോട് സ്വദേശിയായ സനോഫർ എന്നയാളാണ് തങ്ങളെ പദ്ധതിയിലേക്ക് ചേർത്തതെന്ന് ഇരകൾ ആരോപിക്കുന്നുണ്ടെങ്കിലും ഇയാൾ ഈ വൻ ശൃംഖലയുടെ ഒരു കണ്ണി മാത്രമാണെന്ന് പോലീസ് വ്യക്തമാക്കി. തിരുവനന്തപുരം, കൊല്ലം ജില്ലകൾക്ക് പുറമെ മലപ്പുറം, കോഴിക്കോട് ജില്ലകളിലും സമാനമായ തട്ടിപ്പ് നടന്നതായി സൈബർ ക്രൈം കോർഡിനേഷൻ സെന്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

