ജില്ല കലക്ടറുടെ നടപടിക്കെതിരെ പ്രതികരിച്ച ജോയന്റ് കൗൺസിൽ നേതാവിന് കുറ്റാരോപണ പത്രിക നൽകി
text_fieldsതിരുവനന്തപുരം: ജനറൽ ആശുപത്രിയിലെ ഡ്യൂട്ടിക്കിടെ ഡോക്ടറെ സ്വകാര്യ ചികിത്സക്കായി വിളിച്ചുവരുത്തിയ ജില്ല കലക്ടറുടെ നടപടിക്കെതിരെ പ്രതികരിച്ച ജോയന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ കല്ലിംഗലിനെതിരെ കുറ്റാരോപണ പത്രിക നല്‍കി. കാരണം കാണിക്കല്‍ നോട്ടീസ് പിന്‍വലിച്ചാണ് അച്ചടക്ക നടപടിയുടെ ഭാഗമായ കുറ്റാരോപണ പത്രിക നല്‍കിയത്.
ജനറൽ ആശുപത്രിയിൽ രോഗികളെ പരിശോധിക്കുന്നതിനിടെയാണ് കുഴിനഖ ചികിത്സക്കായി സര്‍ക്കാര്‍ ഡോക്ടറെ തിരുവനന്തപുരം ജില്ല കലക്ടർ ജെറോമിക് ജോർജ് വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഇതിനെതിരെ ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചതിനാണ് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ തഹസില്‍ദാര്‍ കൂടിയായ ജയചന്ദ്രന്‍ കല്ലിംഗലിന് നേരത്തേ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ഇതിനു പിന്നാലെ സര്‍വിസ് സംഘടനകളുടെ ഭാഗത്തുനിന്ന് വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു.
സംസ്ഥാനത്തെ കലക്ടറേറ്റുകളിലേക്ക് ജോയന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരവും സംഘടിപ്പിച്ചു. ഇതിനിടെയാണ് കുറ്റാരോപണ നോട്ടിസ് ലഭിച്ചത്. 15 ദിവസത്തിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദേശം. തൊഴിലാളികളുടെ അവകാശ സംരക്ഷണ നിലപാടിന്റെ ഭാഗമായാണ് ജനറല്‍ സെക്രട്ടറി ചാനല്‍ ചര്‍ച്ചയില്‍ സംസാരിച്ചതെന്നും കുറ്റാരോപണ പത്രികക്ക് മറുപടി നല്‍കുമെന്നും ജോയന്റ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

