ദേശീയ-സംസ്ഥാന പാതകളുടെ റീ ക്ലാസിഫിക്കേഷന്‍ തടസ്സമില്ലെന്ന്
text_fieldsതിരുവനന്തപുരം: ദേശീയ-സംസ്ഥാന പാതയോരങ്ങളിൽനിന്ന് മദ്യവില്‍പന ശാലകള്‍ മാറ്റിസ്ഥാപിക്കാനുള്ള സുപ്രീംകോടതി വിധി മറികടക്കാന്‍ സംസ്ഥാന സർക്കാർ കുറുക്കുവഴികൾ തേടുന്നു. ദേശീയ-സംസ്ഥാന പാതകളെ ജില്ല റോഡുകളാക്കി പുനര്‍വിജ്ഞാപനം (റീ ക്ലാസിഫിക്കേഷൻ) നടത്താന്‍ തടസ്സമില്ലെന്ന് നിയമ സെക്രട്ടറി മുഖ്യമന്ത്രിക്ക് നിയമോപദേശം നല്‍കി. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഓര്‍ഡിനൻസ് ഇറക്കുന്നത് തല്‍ക്കാലം പ്രായോഗികമല്ലെന്നും നിയമോപദേശത്തിൽ പറയുന്നു.
കോടതിവിധി മറികടക്കണമെങ്കിൽ കേരള ഹൈവേ പ്രൊട്ടക്ഷന്‍ ആക്ടില്‍ ഭേദഗതി വരുത്തണം. ഇതിനായി നിയമത്തിെൻറ മൂന്നാം ഉപവകുപ്പില്‍ തിരുത്തല്‍ വരുത്തി ഓര്‍ഡിനന്‍സ് ഇറക്കിയാല്‍ പ്രശ്‌നപരിഹാരമാകുമെന്നാണ് നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥിെൻറ റിപ്പോര്‍ട്ടിൽ പറയുന്നത്. കോടതിവിധിയെ തുടർന്ന് സംസ്ഥാനത്ത് 1171 മദ്യവില്‍പനശാലകളാണ് പൂട്ടിയത്. ഇതു വന്‍ വരുമാന നഷ്ടമാണ് സര്‍ക്കാറിനുണ്ടാക്കിയത്. ഈ സാഹചര്യത്തിലാണ് ബദല്‍ മാർഗങ്ങൾക്കായി സർക്കാർ കുറുക്കുവഴി തേടുന്നത്.
അതേസമയം, തിരക്കിട്ടൊരു ഓര്‍ഡിനന്‍സ് പ്രായോഗികവുമല്ലെന്ന വിലയിരുത്തൽ സർക്കാർ നീക്കങ്ങൾക്ക് തിരിച്ചടിയാണ്. നിയമസഭ സമ്മേളനത്തിനുള്ള തീയതി നേരത്തേ തീരുമാനിച്ചുകഴിഞ്ഞു. ഭേദഗതി നിയമം നിയമസഭയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ പ്രതിപക്ഷ പ്രതിഷേധത്തെ അതിജീവിക്കല്‍ എളുപ്പമാകില്ല. അതിനാൽ ഇക്കാര്യത്തില്‍ നയപരമായ തീരുമാനം ഇനി സര്‍ക്കാര്‍ എടുക്കണം.
ദേശീയ-സംസ്ഥാന പാതകളെ പുനര്‍വിജ്ഞാപനം ചെയ്യുന്നതടക്കമുള്ള മാർഗങ്ങള്‍ നേരത്തേ ആലോചിച്ചിരുന്നെങ്കിലും എക്‌സൈസ് വകുപ്പിെൻറകൂടി അധികച്ചുമതല വഹിക്കുന്ന മന്ത്രി ജി. സുധാകരന്‍ എതിര്‍ത്തിരുന്നു. ഭാവിയിൽ ഉണ്ടായേക്കാവുന്ന സാമ്പത്തികപ്രത്യാഘാതങ്ങളും ബാധ്യതകളും കണക്കിലെടുത്താണ് മന്ത്രി അത്തരമൊരു നിലപാട് കൈക്കൊണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
