സിദ്ധാർഥിന്‍റെ മരണം പ്രതികളായ വിദ്യാർഥികളുടെ പുനഃ പ്രവേശനത്തിന് സ്റ്റേ
text_fieldsകൊച്ചി: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ 17 വിദ്യാർഥികളെ കോളജിൽനിന്ന് പുറത്താക്കിയതും ഡീബാർ ചെയ്തതും റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ.
കോടതി നിർദേശപ്രകാരമുള്ള ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ അന്വേഷണ റിപ്പോർട്ടിന് വിധേയമായി വിദ്യാർഥികൾക്ക് മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുമതി നൽകിയതടക്കം 2024 ഡിസംബറിലെ ഉത്തരവ് ചോദ്യം ചെയ്ത് സിദ്ധാർഥിന്‍റെ മാതാവ് എം.ആർ. ഷീബ നൽകിയ അപ്പീൽ ഹരജിയിലാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചത്. സിംഗിൾ ബെഞ്ച് നിർദേശിച്ച ആന്‍റി റാഗിങ് സ്ക്വാഡിന്‍റെ അന്വേഷണം ഉടൻ പൂർത്തിയാക്കണമെന്നും ഉത്തരവിലുണ്ട്. സിദ്ധാർഥിന്‍റെ അമ്മയെയും കേൾക്കണം.
മണ്ണുത്തി കാമ്പസിൽ പഠനം തുടരാൻ അനുവദിക്കണമെന്ന ആവശ്യം പ്രതികളായ വിദ്യാർഥികൾപോലും ഉന്നയിച്ചിരുന്നില്ലെന്നും എന്നിട്ടും സിംഗിൾ ബെഞ്ച് അത്തരമൊരു ഉത്തരവിട്ടത് തെറ്റാണെന്നും അപ്പീലിൽ ആരോപിക്കുന്നു.
ഇത്തരമൊരു നടപടി ഉണ്ടാകരുതായിരുന്നു. ആന്‍റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിൽ സിദ്ധാർഥ് മർദനത്തിനിരയായതായി പറയുന്നതടക്കം പരിഗണിച്ചില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം.
2024 ഫെബ്രുവരി 18നാണ് സിദ്ധാർഥിനെ സർവകലാശാല ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റാഗിങ്ങിന്‍റെ ഭാഗമായി ക്രൂരമർദനത്തിനിരയായ സിദ്ധാർഥ് ജീവനൊടുക്കിയെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

